26 April Friday

അയോധ്യ വേണ്ട; ആദിത്യനാഥ്‌ ഗൊരഖ്‌പുരിൽ

പ്രത്യേക ലേഖകൻUpdated: Sunday Jan 16, 2022

ന്യൂഡൽഹി > യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അയോധ്യയിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന്‌ പിന്മാറി ബിജെപി. ഗൊരഖ്‌പുരിൽത്തന്നെ മത്സരിക്കും. മുതിർന്ന മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ബിജെപി വിട്ട സാഹചര്യത്തിൽ വർഗീയധ്രുവീകരണം ശക്തിപ്പെടുത്താനും പാർടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ആദിത്യനാഥിനെ അയോധ്യയിൽ മത്സരിപ്പിക്കാൻ ദേശീയ നേതൃത്വം ആലോചിച്ചിരുന്നു.

ക്ഷേത്രനഗരി മേഖലയിലെ ഭൂമി ഇടപാടില്‍ അഴിമതി ആരോപണം ഉയർന്നതോടെ ബിജെപിയിൽ അസ്വസ്ഥത നിലനിൽക്കുന്നു. അതിനാൽ ആദിത്യനാഥിന്റെ സ്ഥാനാർഥിത്വം തിരിച്ചടിയാകുമെന്ന ഭയത്താലാണ്‌ പിന്മാറ്റം.
ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യ  പ്രയാഗ്‌രാജ്‌ ജില്ലയിലെ സിരാത്തുവിലും ജനവിധി തേടും. ഒന്നാംഘട്ട വോട്ടെടുപ്പ്‌ നടക്കുന്ന 58 മണ്ഡലത്തിലെ 57ഉം രണ്ടാംഘട്ടത്തിലെ 55 മണ്ഡലത്തിൽ 48ഉം ഉൾപ്പെടെ 107 സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രസിദ്ധീകരിച്ചു.

യുപിയിലെ 403 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ്‌ ഫെബ്രുവരി പത്തിനാണ്‌. ഗൊരഖ്‌പുർ അർബൻ നിയമസഭാ സീറ്റിൽ അഞ്ചാംഘട്ടമായ മാർച്ച്‌ മൂന്നിനാണ്‌ തെരഞ്ഞെടുപ്പ്‌.

എസ്‌പി, ഭീം ആര്‍മി സഖ്യമില്ല

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ടിയ്ക്കൊപ്പം മത്സരിക്കുമെന്ന് പ്രഖ്യാപിച്ച  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മണിക്കൂറുകള്‍ക്ക് അകം നിലപാട് മാറ്റി.  ഭീം ആർമിയുടെ രാഷ്ട്രീയ സം​ഘടനയായ ആസാദ് സമാജ് പാർടി എസ് പിയുമായി സഖ്യത്തിലേർപ്പെടുമെന്ന് രാവിലെ മാധ്യമ പ്രവർത്തകരോട് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. പിന്നാലെ വാർത്താസമ്മേളനത്തിലാണ് നിലപാട് മാറ്റിയത്.

ആസാദിന്റെ ചാഞ്ചാട്ടം മൂലമാണ് സഖ്യം ഒഴിവായതെന്ന് സമാജ്‌വാദി പാർടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രതികരിച്ചു. "ആസാദ്  മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആര്‍എല്‍ഡിയുമായി സംസാരിച്ച് ഗാസിയാബാദ്, രാംപുര്‍, മണിഹരന്‍ സീറ്റുകള്‍ നല്‍കി. പിന്നീട് ഫോണില്‍ ആരോടോ സംസാരിച്ചശേഷം മത്സരിക്കാനില്ലെന്ന് ആസാദ് പറഞ്ഞു.

എല്ലാവരെയും ഒന്നിച്ചുചേര്‍ക്കാന്‍ കഷ്‌ടപ്പെട്ടു. ഇനി പുതിയ നേതാക്കളെ വേണ്ട'–അഖിലേഷ് പറഞ്ഞു.ആസാദ് അഖിലേഷുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. 10 സീറ്റ്‌ വരെ ഭീം ആര്‍മി ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് സീറ്റാണ് അഖിലേഷ് വാഗ്‌ദാനം ചെയ്‌തത്.  ദളിതരെ വോട്ട്‌ ബാങ്കായി മാത്രമാണ് അഖിലേഷ് കാണുന്നതെന്ന് ആസാദ്  ആരോപിച്ചു.

ചന്നിയും സിദ്ദുവും മത്സരിക്കും

പഞ്ചാബിൽ കോൺഗ്രസ്‌ 86 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ചരൺജിത്‌ സിങ്‌ ചന്നി ചംകൗർ സാഹിബിലും പിസിസി അധ്യക്ഷൻ നവ്‌ജോത്‌ സിങ്‌ സിദ്ദു അമൃത്‌സർ ഈസ്റ്റിലും മത്സരിക്കും. മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണ്‌ കോണ്‍​ഗ്രസ്തെരഞ്ഞെടുപ്പ് നേരിടുകയെന്ന് വ്യക്തമായി. മുഖ്യമന്ത്രി സ്ഥാനാർഥിയാവന്‍ ചന്നിയും സിദ്ദുവും തമ്മില്‍ മത്സരമുണ്ട്. ഉപമുഖ്യമന്ത്രിമാരായ സുഖ്‌ജിന്ദർ റന്ധാവ ദേര ബാബ നാനാക്കിലും ഓംപ്രകാശ്‌ സോണി അമൃത്‌സർ സെൻട്രലിലും മത്സരിക്കും.
മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാക്കറിന്‌ സീറ്റില്ല. അദ്ദേഹത്തിന്റെ അനന്തരവൻ സന്ദീപ്‌ ജാക്കർ അബോഹാറിൽ സ്ഥാനാർഥിയാകും.

തോക്കുകളുമായി സംഗീത വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്ന വിവാദ ഗായകൻ സിദ്ദു മൂസെവാല മൻസയിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാകും. അക്രമത്തെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചതിന്‌ ഇദ്ദേഹത്തിനെതിരെ കേസുണ്ട്‌. മൂസെവാലയെ കോൺഗ്രസിൽ ചേർക്കാൻ മുൻകൈയെടുത്തതിന്‌ സിദ്ദു ഏറെ പഴികേട്ടിരുന്നു.  
സംസ്ഥാനത്തെ 117 സീറ്റിലേക്കും ഫെബ്രുവരി പതിനാലിനാണ്‌ വോട്ടെടുപ്പ്‌. ആംആദ്‌മി പാർടിയും ബിജെപി സഖ്യവും സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ നേരത്തെ  പ്രചാരണം തുടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top