03 May Friday

‘ദി വയർ’ റെയ്‌ഡ്‌ ; പിടിച്ചെടുത്ത ഉപകരണങ്ങൾ 
തിരിച്ചുകൊടുക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


ന്യൂഡൽഹി
‘ദി വയർ’ വാർത്താപോർട്ടൽ എഡിറ്റർമാരിൽനിന്ന്‌ പിടിച്ചെടുത്ത ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ തിരികെനൽകണമെന്ന മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരായ ഡൽഹി പൊലീസ്‌ ഹർജി അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ തള്ളി. മാധ്യമപ്രവർത്തകർക്ക്‌ അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാക്കരുതെന്നും തീസ്‌ഹസാരി കോടതിയിലെ അഡീഷണൽ സെഷൻസ്‌ ജഡ്‌ജ്‌ പവൻസിങ് റെജാവത്ത്‌ ഡൽഹി പൊലീസിന്‌ താക്കീത്‌ നൽകി.

ബിജെപി നേതാവ്‌ അമിത്‌ മാളവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 ഒക്ടോബറിൽ ‘ദി വയർ’ ഓഫീസിൽ ഡൽഹി പൊലീസ്‌ റെയ്‌ഡുകൾ നടത്തിയിരുന്നു. എഡിറ്റർമാരുടെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇവ തിരിച്ചുകൊടുക്കാൻ തീസ്‌ഹസാരി കോടതിയിലെ ചീഫ്‌ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌ സെപ്‌തംബർ 24ന്‌ ഉത്തരവിട്ടിരുന്നു.

പുർകായസ്തയുടെ കസ്റ്റഡി 
25 വരെ നീട്ടി
ന്യൂസ്‌ക്ലിക്ക്‌ എഡിറ്റർ പ്രബിർ പുർകായസ്‌തയുടെയും എച്ച്‌ആർ മേധാവി അമിത്‌ ചക്രവർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി ബുധൻവരെ നീട്ടി ഡൽഹി കോടതി. 10 ദിവസത്തെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച പൂർത്തിയായിരുന്നു. തുടർന്നാണ്‌ പട്യാല ഹൗസ്‌ കോടതിയിലെ അഡീഷണൽ സെഷൻസ്‌ ജഡ്‌ജി കസ്റ്റഡി അഞ്ചുദിവസത്തേക്കുകൂടി നീട്ടിയത്‌.
യുഎപിഎ പ്രകാരമുള്ള അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്‌ത്‌ പുർകായസ്‌ത നൽകിയ ഹർജിയിൽ സുപ്രീംകോടതി കഴിഞ്ഞദിവസം ഡൽഹി പൊലീസിന്‌ നോട്ടീസ്‌ അയച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top