26 April Friday
കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശം

കാർഷിക നിയമം ഉത്തരവ്‌ ഇന്ന്‌ സ്റ്റേ ചെയ്യും ; പ്രതികരണം വിധിപ്പകർപ്പ്‌ കിട്ടിയശേഷമെന്ന് കർഷക സംഘടനകൾ

എം അഖിൽUpdated: Tuesday Jan 12, 2021


ന്യൂഡൽഹി
കൂടിയാലോചനയും ചർച്ചയുമില്ലാതെ കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ രാജ്യത്ത്‌ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്യുമെന്ന്‌ സുപ്രീംകോടതി. കർഷകപ്രക്ഷോഭത്തിന്‌ കാരണമായ തർക്കവിഷയങ്ങൾ പരിഹരിക്കാൻ സ്വതന്ത്രസമിതി രൂപീകരിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ കാർഷികനിയമങ്ങളുടെ ഭാവി സുപ്രീംകോടതി തീരുമാനിക്കുമെന്നും  ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ വാക്കാൽ നിരീക്ഷിച്ചു. വിശദമായ ഉത്തരവ്‌ ചൊവ്വാഴ്ച പുറപ്പെടുവിക്കും.

‘സർക്കാരിന്‌  ഉത്തരവാദിത്തബോധം ശേഷിക്കുന്നുണ്ടെങ്കിൽ നിയമങ്ങൾ തൽക്കാലം നടപ്പാക്കില്ലെന്ന്‌ ഉറപ്പുനൽകണം.  ഉറപ്പ്‌ ലഭിച്ചാൽ തർക്കവിഷയം  പരിഹരിക്കാൻ സമിതി രൂപീകരിക്കാം. ഉറപ്പുനൽകിയില്ലെങ്കിൽ നിയമങ്ങൾ നടപ്പാക്കുന്നത്‌ കോടതി സ്‌റ്റേ ചെയ്യും. എന്ത്‌ വില കൊടുത്തും നിയമങ്ങൾ നടപ്പാക്കുമെന്ന്‌ സർക്കാർ വാശി പിടിക്കുന്നത്‌  എന്തിന്? നിയമങ്ങൾ തൽക്കാലം നടപ്പാക്കേണ്ടെന്ന് വച്ചാൽ എന്താണ്‌ പ്രശ്‌നം? ’–- ജസ്‌റ്റിസുമാരായ  വി രാമസുബ്രഹ്മണ്യൻ, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചോദിച്ചു.

ചർച്ചയിലൂടെ ‌ പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിന്‌ കഴിയുമെന്ന പ്രതീക്ഷ അസ്‌തമിച്ചതായി‌ ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു. ‘കേന്ദ്രസർക്കാർ  വിഷയം കൈകാര്യം ചെയ്‌ത രീതിയിൽ അങ്ങേയറ്റത്തെ നിരാശയുണ്ട്‌. എന്ത്‌ ചർച്ചയാണ്‌ നടക്കുന്നത്‌? നിയമം പാസാക്കുംമുമ്പ്‌  ആവശ്യമായ ചർച്ച നടത്തിയോ? നിരവധി സംസ്ഥാനങ്ങൾ നിയമങ്ങള്‍ക്ക്‌ എതിരായത്‌ എന്തുകൊണ്ട്‌? കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവന്നതിനാലാണ്‌ പ്രക്ഷോഭം ഉണ്ടായത്‌‌. അത്‌ പരിഹരിക്കാൻ നിങ്ങൾക്ക്‌ ഉത്തരവാദിത്തമുണ്ട്‌.  നിർഭാഗ്യവശാൽ, നിങ്ങൾക്ക്‌ അതിന്‌ കഴിഞ്ഞില്ല’–- ചീഫ്‌ജസ്‌റ്റിസ്‌ തുറന്നടിച്ചു. തർക്കവിഷയം പരിഹരിക്കാൻ മുൻ ചീഫ്‌ജസ്‌റ്റിസ്‌ കൂടി അംഗമായ  സമിതിക്ക്‌ രൂപം കൊടുക്കാനാണ്‌ സുപ്രീംകോടതി നീക്കം.

യാതന കാണാതിരിക്കാനാകില്ല
‘കൊടിയതണുപ്പിൽ തെരുവിൽ പ്രതിഷേധിക്കുന്ന മുതിർന്ന പൗരൻമാരുടെയും സ്‌ത്രീകളുടെയും യാതന കാണാതിരിക്കാൻ കഴിയില്ല. പ്രായമായവരും സ്‌ത്രീകളും എങ്കിലും മടങ്ങിപ്പോകണമെന്ന്‌ ചീഫ്‌ജസ്‌റ്റിസെന്ന നിലയിൽ അഭ്യർഥിക്കുന്നു. സുപ്രീംകോടതി കർത്തവ്യം നിർവഹിക്കുമെന്ന്‌ ഉറപ്പുതരുന്നു’–- ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശം
കര്‍ഷകപ്രക്ഷോഭത്തില്‍ ഇടപെട്ട സുപ്രീംകോടതി നടപടി കേന്ദ്രത്തിന്റെ ഉദാസീന നിലപാടിനുള്ള ശക്തമായ തിരിച്ചടി. അറ്റോണി ജനറൽ കെ കെ വേണുഗോപാൽ, സോളിസിറ്റർജനറൽ തുഷാർമെഹ്‌ത, ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്കായി മുതിർന്ന അഭിഭാഷകൻ ഹരീഷ്‌സാൽവേ തുടങ്ങിയവർ പുതിയ കാർഷികനിയമങ്ങൾക്കു‌വേണ്ടി ശക്തമായി ന്യായീകരിച്ചെങ്കിലും വാദംകേൾക്കലിന്റെ ഒരവസരത്തിലും സുപ്രീംകോടതി അനുകൂലനിലപാട്‌ സ്വീകരിച്ചില്ല. വിഷയത്തില്‍ ഉത്തരവിടാന്‍  ധൃതി പിടിക്കരുതെന്ന അറ്റോണി ജനറലിന്റെ അഭ്യര്‍ത്ഥനയോട് ചീഫ്ജസ്റ്റിസ് പൊട്ടിത്തെറിച്ചു.

‘ഉത്തരവിറക്കാൻ എന്തുകൊണ്ട്‌ ധൃതി പാടില്ല?. നിങ്ങൾക്ക്‌ ആവശ്യത്തിന്‌ സമയം തന്നു. ക്ഷമയെക്കുറിച്ച്‌ ആരും ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട. ’. കേന്ദ്രനിലപാടിനുള്ള രൂക്ഷവിമർശമായി ഈ പ്രതികരണം.

നിയമങ്ങൾ  സ്‌റ്റേ ചെയ്താല്‍ പ്രക്ഷോഭം അവസാനിപ്പിക്കാനും ഉത്തരവിടണമെന്ന ഹരീഷ്‌സാൽവേയുടെ വാദവും കോടതി തള്ളി.  ‘കർഷകർ പ്രതിഷേധിക്കാൻ പാടില്ലെന്ന ഒരുത്തരവ്‌ ഈ കോടതിയുടെ ഭാഗത്തു‌നിന്നും ഉണ്ടാകില്ല’–- എന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ പ്രതികരിച്ചു.

നിയമങ്ങൾ‌ സ്‌റ്റേ ചെയ്‌താൽ കര്‍ഷകര്‍ പ്രക്ഷോഭസ്ഥലം മാറ്റാൻ തയ്യാറാകുമോയെന്ന് കോടതി ആരാഞ്ഞു. നിയമങ്ങളിലെ ഓരോ വ്യവസ്ഥയും  ചർച്ച ചെയ്യണമെന്ന നിലപാടില്‍ കേന്ദ്രവും നിയമം മൊത്തത്തിൽ പിൻവലിക്കണമെന്ന നിലപാടിൽ കർഷകരും ഉറച്ചുനിന്നതിനാലാണ് ചർച്ച മുന്നോട്ടുപോകാത്തതെന്ന്‌ കോടതി വിലയിരുത്തി.

പ്രതികരണം വിധിപ്പകർപ്പ്‌ കിട്ടിയശേഷമെന്ന് കർഷക സംഘടനകൾ
സുപ്രീംകോടതിയുടെ വിധിപകർപ്പ്‌ വന്നതിനു‌ശേഷം പ്രതികരിക്കാമെന്ന നിലപാടിൽ ഡൽഹിയിൽ സമരത്തിലുള്ള കർഷകസംഘടനകൾ. കോടതിയുടെ വിധിപകർപ്പ്‌ പുറത്തുവന്നശേഷം തിങ്കളാഴ്‌ചതന്നെ യോഗം ചേർന്ന്‌ പ്രതികരണം അറിയിക്കാനായിരുന്നു കർഷകസംഘടനകൾ തീരുമാനിച്ചത്‌. വിധിപകർപ്പ്‌ വരാത്തതിനാൽ ചൊവ്വാഴ്‌ച യോഗം ചേർന്ന്‌ തീരുമാനമെടുക്കും.

കേന്ദ്രത്തിന്റെ പരാജയം തുറന്നുകാട്ടുന്നതാണ്‌ സുപ്രീംകോടതി നിർദേശമെന്ന്‌ കർഷകനേതാക്കൾ പ്രതികരിച്ചു. മൂന്ന്‌ നിയമവും പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ല. വെള്ളിയാഴ്‌ച സർക്കാരുമായുള്ള ചർച്ചയിലും ഈ നിലപാട്‌ ആവർത്തിക്കും. നിയമങ്ങൾ നടപ്പാക്കുന്നത്‌ നിർത്തിവച്ച്‌ സമിതിയെ വയ്‌ക്കാനാണ്‌ കോടതി നിർദേശിച്ചിട്ടുള്ളത്‌. സമിതിയുടെ ഘടനയും മറ്റും അറിയേണ്ടതുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു.

സുപ്രീംകോടതി സമിതി മുമ്പാകെ ഹാജരാകില്ലെന്ന്‌ കിസാൻ മോർച്ച
സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിക്കപ്പെടുന്ന സമിതി മുമ്പാകെ ഹാജരാകില്ലെന്ന്‌ സംയുക്ത കിസാൻമോർച്ച. കാർഷിക നിയമങ്ങൾ സ്‌റ്റേ ചെയ്യാനുള്ള കോടതി നിർദേശത്തെ സ്വാഗതം ചെയ്യുന്നു. തിങ്കളാഴ്‌ചത്തെ വാദംകേൾക്കലിൽ വിഷയം മനസ്സിലാക്കിയുള്ള ആശ്വാസകരമായ വാക്കുകളിൽ കോടതിയോട്‌ നന്ദിയുണ്ട്‌.

നിയമങ്ങൾ പിൻവലിക്കുന്ന കാര്യം സമിതി മുമ്പാകെ ചർച്ച ചെയ്യില്ലെന്ന നിലപാടാണ്‌ സർക്കാർ കോടതിയിലും സ്വീകരിച്ചത്‌. സമിതിയുടെ കാര്യത്തിൽ എന്ത്‌ നിലപാട്‌ സ്വീകരിക്കണമെന്ന്‌ കർഷകസംഘടനകൾ അറിയിച്ചിട്ടില്ലെന്ന്‌ അഭിഭാഷകർ കോടതിയിൽ പറഞ്ഞിരുന്നു. കേസ്‌ കേൾക്കലിനു‌ശേഷം അഭിഭാഷകരെ കണ്ടപ്പോൾ സമിതി മുമ്പാകെ പോകുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ അറിയിച്ചു. സർക്കാരിന്റെ കടുംപിടിത്തത്തെ തുടർന്നാണ്‌ സമിതിയെന്ന നിർദേശം കോടതിയും മുന്നോട്ടുവച്ചിരിക്കുന്നത്‌.

ചൊവ്വാഴ്‌ചയും കേസ്‌ കേൾക്കണമെന്ന്‌ അഭിഭാഷകർ അഭ്യർഥിച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്‌ച കേസ്‌ ലിസ്‌റ്റ്‌ ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ്‌ - കിസാൻ മോർച്ചയുടെ പ്രസ്‌താവന.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top