27 April Saturday
മതത്തില്‍ വിശ്വസിക്കാത്തവർക്ക്‌ അതിനുള്ള സാഹചര്യവും ലഭിക്കണം

മതത്തെ രാഷ്‌ട്രീയത്തിൽനിന്ന്‌ വേർതിരിക്കണം ; ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച്‌ ജീവിക്കാനും കഴിയണം : യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


ന്യൂഡൽഹി
മതനിരപേക്ഷതയെക്കുറിച്ച്‌ കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കുന്ന ധാരണ ശരിയാണെന്ന്‌ രാജ്യത്തെ ‌ഇപ്പോഴത്തെ സാഹചര്യം തെളിയിക്കുന്നതായി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടി രൂപീകരണത്തിന്റെ 100–-ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തെ രാഷ്ട്രീയത്തിൽനിന്നും രാഷ്ട്രത്തിൽനിന്നും വേർതിരിച്ച്‌ നിർത്തണമെന്നതാണ്‌ കമ്യൂണിസ്റ്റ്‌ ധാരണ. അതേസമയം, ഓരോ വ്യക്തിക്കും സ്വന്തം വിശ്വാസം തെരഞ്ഞെടുക്കാനും അതനുസരിച്ച്‌ ജീവിക്കാനും കഴിയണം. മതത്തില്‍ വിശ്വസിക്കാത്തവർക്ക്‌ അതിനുള്ള സാഹചര്യവും ലഭിക്കണം. എന്റെ ദൈവമാണ്‌ നിന്റെ ദൈവത്തേക്കാൾ വലുത്‌ എന്ന്‌ ആരും പറയരുത്‌. ഭരണഘടനയിൽ ഇക്കാര്യം ഉറപ്പ്‌ നൽകുന്നുണ്ട്‌.

എന്നാൽ, ദേശീയപ്രസ്ഥാനത്തിലും പ്രത്യേകിച്ച്‌  സ്വതന്ത്രഇന്ത്യയിലും എല്ലാ മതങ്ങൾക്കും തുല്യത എന്ന നിലയിലാണ്‌ മതനിരപേക്ഷതയെ  നിർവചിച്ചത്‌. ഇതോടെ ഭൂരിപക്ഷമതത്തിന്‌ ദേശീയ മേൽക്കൈ ലഭിച്ചു. ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ വന്നതോടെ ഭരണഘടനാപരമായ മതനിരപേക്ഷത ഭീഷണി നേരിടുന്നു‌. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുംനേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശബ്ദം ഉയർത്തുന്നവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ജനാധിപത്യത്തിന്‌ മതനിരപേക്ഷതയിൽനിന്ന്‌ വേറിട്ട്‌ നിലനിൽപ്പില്ലെന്നും -യെച്ചൂരി പറഞ്ഞു. പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, മുഹമ്മദ്‌ സലിം, നീലോൽപൽ ബസു എന്നിവരും സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top