26 April Friday

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


ന്യൂഡൽഹി
രണ്ടുവർഷത്തിലധികം നീണ്ട തടവിനുശേഷം മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ ജയിൽമോചിതനായി. യുഎപിഎ ഉൾപ്പെടെ ചുമത്തിയ കേസിലും എൻഫോഴ്‌സ്‌മെന്റ്‌ രജിസ്റ്റർ ചെയ്‌ത കേസിലും ജാമ്യം ലഭിച്ച കാപ്പന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലഖ്‌നൗ ജില്ലാ ജയിലിൽനിന്ന്‌ മോചിതനായി.

‘‘മാധ്യമപ്രവർത്തനം കുറ്റമല്ല. എന്നാൽ, 28 മാസമായി ഞാൻ ജയിലിലാണ്‌. എന്നാൽ, ഭയമില്ല. കള്ളക്കേസാണിതെന്ന്‌ കോടതിമുമ്പാകെ തെളിയിക്കും. വിചാരണ നടപടികളുമായി  സഹകരിക്കും. നിയമപോരാട്ടം പൂർണമായിട്ടില്ല. പൂര്‍ണ്ണമായി നീതി ലഭിക്കുംവരെ പോരാട്ടം തുടരും’’–- സിദ്ദിഖ്‌ കാപ്പന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചു. ജയിൽമോചിതനാക്കാനുള്ള ഉത്തരവ്‌ ബുധന്‍ വൈകിട്ട് ലഖ്‌നൗ ജില്ലാ ജയിൽ എത്തി. എന്നാൽ, വ്യാഴാഴ്‌ച പകൽ ഒമ്പതേകാലോടെയാണ്‌  ജയിൽമോചിതനായത്‌. ഭാര്യ റൈഹാന, മകൻ മുസിബിൽ, അഡ്വ. മുഹമ്മദ്‌ ഡാനിഷ്‌ എന്നിവർ സ്വീകരിക്കാനെത്തി. ജാമ്യവ്യവസ്ഥ അനുസരിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിനുമുമ്പ്‌ സിദ്ദിഖ്‌ ഒന്നരമാസത്തോളം ഡൽഹിയിൽ കഴിയണം.

ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടി ക്രൂരപീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട്‌ ചെയ്യാനുള്ള യാത്രയ്‌ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ്‌ സിദ്ദിഖ്‌ കാപ്പൻ അറസ്റ്റിലായത്‌. കഴിഞ്ഞവർഷം സെപ്‌തംബറിൽ യുഎപിഎ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇഡി കേസിൽ അലഹബാദ്‌ ഹൈക്കോടതി ലഖ്‌നൗ ബെഞ്ച്‌ ഡിസംബർ 23ന്‌ ജാമ്യം നൽകി. ലഖ്‌നൗ സർവകലാശാല മുൻ വിസി രൂപരേഖ വർമ ഉൾപ്പെടെയുള്ളവരാണ്‌ ജാമ്യം നിന്നത്‌. ജാമ്യക്കാർ മുഴുവൻ രേഖകളും കൈമാറിയെങ്കിലും പരിശോധന സമയബന്ധിതമായി പൂർത്തിയാക്കാൻ യുപി പൊലീസ്‌ തയ്യാറായില്ല.

ഇതേത്തുടർന്ന്‌, സിദ്ദിഖ്‌ കാപ്പന്‌ ഒരു മാസത്തിലേറെ ജയിലിൽ തുടരേണ്ടിവന്നു. കേസ്‌ വിചാരണ നടപടികളിലേക്ക്‌ കടക്കുകയാണ്‌. കുറ്റപത്രത്തിന്റെ പൂർണമായ പകർപ്പുപോലും ലഭിച്ചിട്ടില്ലെന്ന് സിദ്ദിഖിന്റെ അഭിഭാഷകർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top