26 April Friday

ലൈംഗികാതിക്രമക്കേസ്: അതിജീവിതയോട് മോശം ചോദ്യം പാടില്ല

എം അഖിൽUpdated: Saturday Aug 13, 2022

ന്യൂഡൽഹി> ലൈംഗികാതിക്രമക്കേസുകളിലെ നടപടികൾ അതിജീവിതയ്‌ക്ക്‌ പ്രയാസം ഉണ്ടാക്കാതെ പൂർത്തിയാക്കണമെന്ന്‌ സുപ്രീംകോടതി. ലൈംഗികാതിക്രമക്കേസ് വിചാരണയ്‌ക്ക്‌ സുപ്രീംകോടതി വിശദമായ മാർഗനിർദേശം പുറത്തിറക്കി. അതിജീവിതയുടെ ക്രോസ്‌വിസ്‌താരം സാധ്യമെങ്കിൽ ഒറ്റ സിറ്റിങ്ങിൽ പൂർത്തിയാക്കണം. അതിജീവിതയെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഒഴിവാക്കണം.

വിചാരണക്കോടതികളിലെ നടപടിക്രമങ്ങൾ ആവശ്യമെങ്കിൽ സിആർപിസി 327–-ാം വകുപ്പ്‌ അനുസരിച്ച്‌ പൂർണമായും രഹസ്യമാക്കണം (ഇൻ–-കാമറ) എന്നും ജസ്‌റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്‌, ജെ ബി പർധിവാല എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ഉത്തരവിട്ടു. ഗ്വാളിയോറിലെ വിദ്യാഭ്യാസസ്ഥാപനത്തിലെ ജീവനക്കാരി സർവകലാശാല വെെസ് ചാൻസലർക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തിന്‌ ഉത്തരവിടാൻ ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ടിന്‌ നിർദേശം നൽകിയുള്ള ഉത്തരവിലാണ്‌ സുപ്രീംകോടതിയുടെ സുപ്രധാന നിർദേശങ്ങൾ.

‘ലൈംഗികാതിക്രമം വലിയ ആഘാതം’

അതിജീവിത കടുത്ത മാനസികാഘാതവും ഒറ്റപ്പെടുത്തലും നേരിടുന്നുണ്ടെന്നത് വിചാരണക്കോടതികൾ വിസ്‌മരിക്കരുതെന്ന്‌ സുപ്രീംകോടതി നിരീക്ഷിച്ചു. ആ സാഹചര്യത്തിൽ നടപടികൾ കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ജഡ്‌ജിമാർ ഉറപ്പുവരുത്തണം. മൊഴിനൽകുമ്പോൾ അതിജീവിതയ്‌ക്കും പ്രതിക്കുമിടയിൽ സ്‌ക്രീൻ സ്ഥാപിക്കുകയോ പ്രതിയെ കോടതിമുറിയിൽനിന്ന്‌ പുറത്താക്കുകയോ വേണം.
പ്രതിയുടെ അഭിഭാഷകൻ അതിജീവിതയെ ക്രോസ്‌വിസ്‌താരം നടത്തുമ്പോൾ അവരെ അവഹേളിക്കുന്ന പരാമർശങ്ങളോ ചോദ്യങ്ങളോ ഉന്നയിക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം.

അതിജീവിതയുടെ ഭൂതകാല ജീവിതം, ലൈംഗികപശ്‌ചാത്തലം എന്നിവയിൽ അനാവശ്യമായ ചോദ്യം ഉണ്ടാകരുത്‌. മാനസികമായി തകർന്ന അതിജീവിതയ്‌ക്ക്‌ ആരോപണങ്ങൾ സ്ഥിരീകരിക്കാനുള്ള തെളിവുകൾ ശേഖരിക്കാനായില്ല എന്നതുകൊണ്ട് പരാതി ഇല്ലാതാകുന്നില്ല. പൊലീസ്‌ പരാതി അവഗണിച്ചാലും കോടതികൾ നീതി ഉറപ്പാക്കണം. ലൈംഗികാതിക്രമ കേസുകളിൽ മേഖലാ ഡിഐജിമാർ ശുപാർശ ചെയ്യുന്ന എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥകൾ അന്വേഷണ മേൽനോട്ടം വഹിക്കണം– സുപ്രീംകോടതി നിർദേശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top