26 April Friday

രാഹുല്‍ ഗാന്ധി വിഷയം: കരിദിനം ആചരിച്ച് പ്രതിപക്ഷ എംപിമാര്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ന്യൂഡല്‍ഹി> രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കരിദിനം ആചരിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചു.രാഹുലിനെ അയോഗ്യനാക്കാന്‍ മിന്നല്‍വേഗത്തില്‍ നടപടികള്‍ കൈക്കൊണ്ടു.

മുമ്പ് ഒരിക്കലും ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും ഖാര്‍ഗേ പറഞ്ഞു. രാഹുലിനെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇത്തരത്തിലുള്ള കേന്ദ്ര നീക്കങ്ങളില്‍ രാഹുലോ പ്രതിപക്ഷമോ ഭയപ്പെടില്ലായെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മില്‍ എന്താണ് എന്ന ചോദ്യവും പ്രതിഷേധത്തില്‍ ഉയര്‍ത്തി. അദാനിയുടെ സ്വത്തുക്കള്‍ വളരെ വേഗത്തില്‍ വര്‍ദ്ധിച്ചതെങ്ങനെ? അദാനിയും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള ബന്ധം എന്താണ്? താരതമ്യേന ചെറിയ വ്യവസായി അദാനിക്ക് വലിയ കരാറുകള്‍ നല്‍കിയത് എന്തുകൊണ്ട്? എന്ന ചോദ്യവും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ ഉയര്‍ത്തി.

പാര്‍ലമെന്റില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ സഭ പിരിച്ചു വിടുന്നതായി സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. പാര്‍ലമെന്റില്‍ നടക്കുന്നത് അസാധരണ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് രാജ്യത്തെ പ്രതിപക്ഷ എംപിമാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എംപി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എംപി എന്നിവരും പങ്കെടുത്തു. രാഹുലിനെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അതിവേഗതയാണുണ്ടായത്. എന്നാല്‍ അദാനിയുടെ കാര്യത്തില്‍ ഒച്ചിന്റെ വേഗമാണെന്നും ബിനോയ് വിശ്വം എംപി പരിഹസിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിക്കെതിരെ ഇന്നലെ ഭിന്നിച്ച് നിന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് ഒന്നിച്ചെത്തി. ഈ പ്രതിപക്ഷ ഐക്യം ജനാധിപത്യ സംരക്ഷണ പോരാട്ടത്തില്‍ പുതിയ ചരിത്രമാകുമെന്നും എളമരം കരീം ചൂണ്ടിക്കാട്ടി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിലെ കറുത്ത ഏടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top