26 April Friday

കോൺഗ്രസ്‌ ബിജെപിക്ക്‌ 
അടിയറവച്ച ഏഴാം ‘സംസ്ഥാനം’; ചാക്കിട്ടുപിടിത്തത്തെ മാത്രം പഴിച്ച് നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

പുതുച്ചേരി > ബിജെപിയുടെ പ്രലോഭനങ്ങളിൽ പുതുച്ചേരിയിലെ‌ നേതാക്കളും വീണതോടെ  ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്‌ അധികാരമുണ്ടായിരുന്ന അവസാന തുരുത്തും നഷ്‌ടമായി. ബിജെപിക്കെതിരെ മത്സരിച്ച്‌ ജയിച്ച കോൺഗ്രസ്‌ എംഎൽഎമാർ നിർലജ്ജം‌ ബിജെപിയായപ്പോൾ ചാക്കിട്ടുപിടിത്തത്തെ മാത്രം പഴിക്കുന്നപല്ലവി ആവർത്തിക്കുകയാണ്‌ നേതൃത്വം‌.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന്‌ മുഖ്യമന്ത്രി വി നാരായണസ്വാമി കുറ്റപ്പെടുത്തി. അട്ടിമറി നീക്കങ്ങൾ നേരിടുന്ന രാജസ്ഥാനിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും സമാനമായാണ്‌‌ പ്രതികരിച്ചത്‌. ബിജെപി ജനാധിപത്യത്തെ തകർത്തെന്നും പുതുച്ചേരിയിലുണ്ടായത്‌ ദൗർഭാഗ്യകരമാണെന്നുമാണ് ഗെലോട്ടിന്റെ പ്രതികരണം.

പുതുച്ചേരിയിലെ സർക്കാർകൂടി വീണതോടെ, ഭരണം ലഭിച്ചിട്ടും കൂറുമാറ്റം കാരണം കോൺഗ്രസിന്‌ അധികാരം നഷ്ടപ്പെട്ട സംസ്ഥാനങ്ങളുടെ എണ്ണം നാലായി. കർണാടകം, മധ്യപ്രദേശ്‌, അരുണാചൽപ്രദേശ്‌ സംസ്ഥാനങ്ങളിലാണ്‌ ബിജെപി ഇത്തരത്തിൽ അധികാരം പിടിച്ചെടുത്തത്‌. ഗോവയിലും മേഘാലയത്തിലും മണിപ്പുരിലും കോൺഗ്രസ്‌ ഏറ്റവും വലിയ കക്ഷിയായെങ്കിലും സർക്കാർ രൂപീകരിക്കാൻ‌ സാധിച്ചില്ല. ബിജെപി പണമൊഴുക്കിയപ്പോൾ കോൺഗ്രസ്‌ എംഎൽഎമാർ മറുകണ്ടം ചാടി.

അരുണാചലിൽ 44 സീറ്റ്‌നേടി കോൺഗ്രസ്‌ സർക്കാർ രൂപീകരിച്ചെങ്കിലും മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിൽ 42 എംഎൽഎമാരാണ്‌  ബിജെപിയിൽ ചേക്കേറിയത്‌. യുവ നേതാവ്‌ ജ്യോതിരാധിത്യസിന്ധ്യയുടെ നേതൃത്വത്തിൽ ഒരുകൂട്ടം കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ‌ മധ്യപ്രദേശിലും കോൺഗ്രസ്‌ ഭരണം അവസാനിച്ചു‌.

കർണാടകയിൽ ജെഡിഎസ്‌–-കോൺഗ്രസ്‌ സഖ്യസർക്കാരിനെ വീഴ്‌ത്തിയാണ്‌ ബിജെപി സർക്കാർ രൂപീകരിച്ചത്‌. 13 പേർ കൂറുമാറിയതിൽ പത്തും കോൺഗ്രസിൽ നിന്നായിരുന്നു. മണിപ്പുരിൽ 60 അംഗസഭയിൽ 28 സീറ്റ്‌ നേടി കോൺഗ്രസ്‌ വലിയ ഒറ്റക്കക്ഷിയായെങ്കിലും  ബിജെപി പ്രാദേശിക പാർടികളെ കൂട്ടുപിടിച്ച്‌ സർക്കാരുണ്ടാക്കി. ഗോവയിൽ 17ഉം മേഘാലയത്തിൽ 21ഉം സീറ്റുനേടി കോൺഗ്രസ്‌‌ ഏറ്റവും വലിയ കക്ഷിയായെങ്കിലും അവിടങ്ങളിലും സർക്കാർ രൂപീകരിക്കാനായില്ല.

ഗൂഢാലോചന നടത്തി 
അട്ടിമറിച്ചു: നാരായണസ്വാമി
കേന്ദ്രസർക്കാരും ലഫ്‌. ഗവർണറായിരുന്ന കിരൺ ബേദിയും പ്രതിപക്ഷത്തിനൊപ്പം ഗൂഢാലോചന നടത്തിയാണ്‌ സർക്കാരിനെ അട്ടിമറിച്ചതെന്ന്‌ നാരായണസ്വാമി. അരുണാചൽ പ്രദേശടക്കം മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ്‌ സർക്കാരുകളെ അട്ടിമറിച്ചതിനു സമാനമായ നീക്കമാണ്‌ പുതുച്ചേരിയിലും നടന്നത്‌. കേന്ദ്രം ജനാധിപത്യത്തെ കശാപ്പുചെയ്‌തു. ഫണ്ട്‌ അനുവദിക്കാതെ കേന്ദ്രം പുതുച്ചേരിയിലെ ജനങ്ങളെ വഞ്ചിച്ചു. വികസന, ക്ഷേമ പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നത്‌ കിരൺ ബേദി തടയിട്ടെന്നും സഭയിൽ നാരായണസ്വാമി പറഞ്ഞു. സഭയിലില്ലാത്ത കിരൺ ബേദിക്കെതിരെ ആരോപണമുന്നയിക്കുന്നത്‌ ചോദ്യംചെയ്‌ത്‌ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. നോമിനേറ്റഡ്‌ അംഗങ്ങളുടെ വോട്ടവകാശം സംബന്ധിച്ച്‌ വ്യക്തത വരുത്തണമെന്ന്‌ സർക്കാർ വിപ്പ്‌ ആർ കെ ആർ ആനന്ദരാമൻ ആവശ്യപ്പെട്ടെങ്കിലും 2018ലെ സുപ്രീംകോടതി വിധി അവകാശപ്രമേയത്തിൽ നോമിനേറ്റഡ്‌ അംഗങ്ങൾക്ക്‌ വോട്ടവകാശമുണ്ടെന്ന്‌ വ്യക്തമാക്കിയതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

രാഷ്‌ട്രപതി ഭരണം?
കോൺഗ്രസ്‌ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട്‌ രാജിവച്ചതോടെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലേക്ക്‌. വിശാല സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ വിളിക്കാനുമാകും. ലെഫ്‌. ഗവർണറായ തമിഴിശൈ സൗന്ദരരാജനാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. രാഷ്‌ട്രപതി ഭരണം ശുപാർശ ചെയ്യുകയോ അടുത്തകക്ഷിയെ സർക്കാർ രൂപീകരിക്കാൻ വിളിക്കുകയോ ആകാം. മേയിൽ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ രാഷ്‌ട്രപതി ഭരണത്തിന്‌ ശുപാർശ ചെയ്യാനാണ്‌ സാധ്യത. അതാവുമ്പോൾ ഫലത്തിൽ കേന്ദ്ര ബിജെപി സർക്കാരിന്റെ ഭരണം തന്നെയാവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top