26 April Friday

പിഎഫ്‌ പെൻഷൻ കേസ്‌: വിധി എപ്പോഴെന്ന് ആകാംക്ഷ

സ്വന്തം ലേഖകൻUpdated: Saturday Aug 13, 2022

ന്യൂഡൽഹി> പിഎഫ്‌ പെൻഷൻ കേസിൽ സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയായതോടെ വിധിപ്രഖ്യാപനം എന്നുണ്ടാകുമെന്ന ആകാംക്ഷ ബാക്കി. സാങ്കേതികപ്രശ്‌നങ്ങളും കണക്കുകളുടെ നൂലാമാലയും രേഖകളുടെ ആധിക്യവുമുള്ള ഈ കേസിൽ വിധി പുറപ്പെടുവിക്കുന്നത്‌ വെല്ലുവിളിയാണെന്ന്‌ വാദംകേൾക്കലിനിടെ ജസ്റ്റിസ്‌ യു യു ലളിത്‌ നിരീക്ഷിച്ചിരുന്നു. വ്യാഴാഴ്‌ച ജസ്റ്റിസുമാരായ അനിരുദ്ധാബോസ്‌, സുധാൻശു ധുലിയ എന്നിവർ അംഗങ്ങളായ ബെഞ്ച് കേസ്‌ വിധി പറയാൻ മാറ്റുന്നു എന്നുമാത്രമാണ് അറിയിച്ചത്. വലിയ കേസായതിനാൽ വിധി പറയാൻ ചുരുങ്ങിയത്‌ രണ്ടോ മൂന്നോ ആഴ്‌ചയെങ്കിലും ആവശ്യമാണെന്ന്‌ പിഎഫ്‌ കേസുമായി ബന്ധപ്പെട്ട അഭിഭാഷകർ ദേശാഭിമാനിയോട്‌ പറഞ്ഞു. ജസ്റ്റിസ്‌ ലളിത്‌ ഈ മാസം 27ന്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായി അധികാരമേൽക്കും.

വലിയ ജോലിത്തിരക്കിലേക്ക്‌ കടക്കുംമുമ്പ്‌ വിധി പുറപ്പെടുവിക്കാൻ തീരുമാനിച്ചേക്കാം. പക്ഷേ, നിരവധി വാല്യങ്ങൾ അടങ്ങുന്ന രേഖകളാണ്‌ കോടതിക്ക് പരിശോധിക്കേണ്ടത്‌. സാമ്പത്തികബാധ്യത ഉണ്ടാകുമെന്ന ഇപിഎഫ്‌ഒയുടെ വാദവും ഉണ്ടാകില്ലെന്ന ജീവനക്കാരുടെ വാദവും യാഥാർഥ്യമേതെന്ന നിഗമനത്തിൽ എത്തിച്ചേരണം. ആവശ്യമെങ്കിൽ വിദഗ്‌ധരുടെ സഹായം തേടണം. അങ്ങനെയെങ്കിൽ വിധി നീളാനും സാധ്യതയുണ്ട്. നവംബർ എട്ടിന് ലളിത് വിരമിക്കുമെന്നതിനാൽ അതിനുമുമ്പ് വിധി പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top