09 May Thursday

"ഇന്ത്യൻ മഹാസമുദ്രത്തെ ബിഹാറിലേക്ക്‌ കൊണ്ടുവന്നിട്ട്‌ വേണോ വ്യവസായം കൊണ്ടുവരാന്‍" ; നിതീഷ്‌ ക്ഷീണിതന്‍, ഇനി വിശ്രമിച്ചോട്ടെ : ലാലുപ്രസാദ്‌ യാദവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020


ന്യൂഡൽഹി
ബിഹാറിൽ തുടർച്ചയായി 15 വർഷം ഭരിച്ച നിതീഷ്‌ കുമാറിന് വിശ്രമിക്കാൻ സമയമായെന്ന് ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ്‌ യാദവും മകൻ തേജസ്വി യാദവും. നിതീഷ്‌ ക്ഷീണിതനായെന്നും  ലാലു ട്വിറ്ററില്‍ കുറിച്ചു. സമുദ്രാതിർത്തിയില്ലാത്തതുകൊണ്ടാണ്‌  ബിഹാറിൽ വ്യവസായങ്ങൾ വരാത്തതെന്ന‌ നിതീഷിന്റെ പരാമര്‍ശത്തെയും ലാലു പരിഹസിച്ചു.

"ഇന്ത്യൻ മഹാസമുദ്രത്തെ ബിഹാറിലേക്ക്‌ കൊണ്ടുവന്നിട്ട്‌ വേണോ  വ്യവസായം കൊണ്ടുവരാന്‍. ഇത്തരം വമ്പൻ പ്രസ്‌താവനകളിലൂടെ 15 വർഷത്തെ ഭരണപരാജയം മറച്ചുവയ്‌ക്കാനാകില്ല. നിങ്ങൾ ക്ഷീണിതനായി. പോയി വിശ്രമിക്കൂ'–- ലാലു കുറിച്ചു. ഒരു കസേരയിലിരുന്ന്‌ ശിഷ്ടകാലം ചെലവഴിക്കാമെന്നല്ലാതെ അദ്ദേഹത്തിന്‌ ഒന്നും ചെയ്യാനില്ലെന്ന്  തേജസ്വി പറഞ്ഞു. യുവാക്കൾ, കർഷകർ, വിദ്യാർഥികൾ, സ്‌ത്രീകൾ, ദരിദ്രർ തുടങ്ങിയവരുടെ കാര്യത്തിലൊന്നും ആകുലതയുമില്ല. പരിഗണന കസേരയോടുമാത്രം.

ലാലുവിനെ വിമര്‍ശിച്ച് ജെഡിയു, ബിജെപി നേതാക്കളും രം​ഗത്തെത്തി. ലാലുവിന്റെ ഭരണകാലയളവ്‌ ജംഗിൾരാജായിരുന്നുവെന്ന്‌ ബക്‌സറിൽ സംയുക്ത റാലിയിൽ മുഖ്യമന്ത്രി നിതീഷ്‌ കുമാറും ഉപമുഖ്യമന്ത്രി സുശീൽകുമാർ മോഡിയും ആരോപിച്ചു. ബിഹാറിൽ നിതീഷ്‌ തന്നെ മുഖ്യമന്ത്രിയാകുമെന്ന്‌ കേന്ദ്രആഭ്യന്തര മന്ത്രി അമിത്‌ ഷാ പറഞ്ഞു. ബിജെപി പരോക്ഷമായി ചിരാഗ്‌ പസ്വാന്റെ എൽജെപിയെ സഹായിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമായതോടെയാണ് നിതീഷ്‌തന്നെ മുഖ്യമന്ത്രിയാകുമെന്ന്‌ അമിത്‌ ഷാ അവകാശപ്പെട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top