26 April Friday

പരിഹസിച്ചവർക്കും‌ പിടിവള്ളി തൊഴിലുറപ്പ്‌

സാജൻ എവുജിൻUpdated: Tuesday May 19, 2020



ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും ഒടുവിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയുടെ  പ്രാധാന്യവും പ്രസക്തിയും അംഗീകരിക്കേണ്ടിവന്നു. പുറത്തുനിന്ന്‌ പിന്തുണ നൽകിയ ഇടതുപക്ഷത്തിന്റെ  സമ്മർദത്തിൽ‌ ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ തുടക്കംമുതൽ ബിജെപി എതിരായിരുന്നു. വൻകിട ഭൂവുടമകൾ തുച്ഛമായ വേതനത്തിൽ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന്‌ തൊഴിലുറപ്പ്‌ പദ്ധതി തടസ്സമാകുമെന്ന സാഹചര്യത്തിലായിരുന്നു എതിർപ്പ്‌.

മോഡിസർക്കാർ 2014ൽ അധികാരത്തിൽവന്നശേഷം പാർലമെന്റിൽ ബിജെപി എംപിമാർ തുടർച്ചയായി തൊഴിലുറപ്പു പദ്ധതിക്കെതിരെ സംസാരിച്ചു. സർക്കാരിന്റെ പണം പാഴാക്കുന്നതാണെന്നും തട്ടിപ്പ്‌ പദ്ധതിയാണെന്നുമായിരുന്നു വാദം. മോഡിസർക്കാർ ഈ പദ്ധതി നിർത്തുമെന്ന സ്ഥിതിവരെയുണ്ടായി.  പ്രതിപക്ഷം ഇതിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ‌‌  2015 മാർച്ചിൽ ‌ മോഡി പാർലമെന്റിൽ പരിഹാസത്തോടെയാണ്‌ പ്രതികരിച്ചത്‌.-  ‘‘ ഈ പദ്ധതി ഞാൻ നിർത്തലാക്കുമെന്ന്‌ നിങ്ങൾ കരുതുന്നുണ്ടോ? എന്റെ രാഷ്ട്രീയബുദ്ധി അതിന്‌ അനുവദിക്കില്ല. രാജ്യത്തുനിന്ന്‌ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാൻ നിങ്ങൾ(പ്രതിപക്ഷം) പരാജയപ്പെട്ടതിന്റെ ജീവനുള്ള സ്‌മാരകമായി ഈ പദ്ധതി തുടരും. ആഘോഷപൂർവം ഞാൻ ഈ പദ്ധതി തുടരും’’ എന്നായിരുന്നു മറുപടി.  ബജറ്റിൽ പ്രഖ്യാപിക്കുന്ന വിഹിതംപോലും സംസ്ഥാനങ്ങൾക്ക്‌ അനുവദിക്കുന്നതിലും വീഴ്‌ച വരുത്തി.

എന്നാൽ,  തൊഴിലാളികൾക്കും ഗ്രാമീണ സമ്പദ്‌ഘടനയ്‌ക്കും ആശ്വാസം നൽകാനുള്ള മാർഗമാണ്‌  തൊഴിലുറപ്പ്‌ പദ്ധതിയെന്നാണ്‌‌ ഇപ്പോൾ മോഡിസർക്കാരും അംഗീകരിച്ചത്‌. 2014–-15ൽ കേന്ദ്രബജറ്റിൽ 33,000 കോടി രൂപയാണ്‌ ഈ പദ്ധതിക്ക്‌ നീക്കിവച്ചതെങ്കിൽ 2020–-21ൽ ഇത്‌ 61,500 കോടിയായി ഉയർത്തി. ഇക്കൊല്ലം 40,000 കോടി രൂപ കൂടി അനുവദിക്കുമെന്നാണ്‌‌ ആത്മനിർഭർ പദ്ധതിയിൽ  ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top