27 April Saturday
ഭൂമിയുടെ വിവരങ്ങൾ ഒറ്റത്തണ്ടപ്പേരിലാകും

ഇനിമുതൽ 
ഇ പട്ടയങ്ങൾ ; പ്രത്യേക അപേക്ഷയില്ലാതെ പോക്കുവരവ്‌ നടത്താം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

 


തിരുവനന്തപുരം
സംസ്ഥാനത്ത് ഇനിമുതൽ ഇ- -പട്ടയങ്ങളാകും വിതരണം ചെയ്യുകയെന്ന്‌ റവന്യൂമന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവില്‍ വിതരണം ചെയ്തിരുന്ന പേപ്പറിൽ അച്ചടിച്ച പട്ടയങ്ങള്‍ നഷ്ടപ്പെട്ടാൽ പകർപ്പെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. റവന്യൂ ഓഫീസുകളിൽ പട്ടയ ഫയലുകൾ പ്രത്യേക കാലയളവുവരെ മാത്രമേ സൂക്ഷിക്കാറുള്ളൂ. അതിനാൽ, പട്ടയരേഖ കണ്ടെത്തിവേണമായിരുന്നു പകർപ്പ്‌ നൽകാൻ. ഇതിന് ഇതോടെ പരിഹാരമാകും.

സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നൽകുന്ന ഇ–- -പട്ടയങ്ങളുടെ വിവരം സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ സംരക്ഷിക്കും. ക്യുആർ കോഡും ഡിജിറ്റൽ സിഗ്നേച്ചറുമുള്ള പട്ടയങ്ങളാണ് ഇത്. ആദ്യഘട്ടത്തിൽ ലാൻഡ്‌ ട്രിബ്യൂണൽ നൽകുന്ന ക്രയസർട്ടിഫിക്കറ്റുകളാണ് ഇ–- -പട്ടയങ്ങളാക്കിയത്. തുടർന്ന് ഭൂപതിവ് പട്ടയങ്ങളും ഇ–- -പട്ടയങ്ങളാക്കും. ഇവ റവന്യൂവകുപ്പിന്റെ റെലീസ് സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തുന്നതിനാൽ പോക്കുവരവ്‌ പ്രത്യേക അപേക്ഷയില്ലാതെ നടത്താം. പട്ടയങ്ങളുടെ ആധികാരികത ക്യൂആർ കോഡുവഴി പരിശോധിക്കാമെന്നതിനാൽ വ്യാജ പട്ടയങ്ങളിലൂടെയുള്ള ഭൂമി തട്ടിപ്പും തടയാം. ഇ–-- പട്ടയം ആധാറുമായി ബന്ധിപ്പിച്ചതിനാൽ ഒരു വ്യക്തിക്ക് നൽകിയ പട്ടയങ്ങളുടെ വിവരം ലഭിക്കും.

സംസ്ഥാനത്ത്‌ നടപ്പാക്കുന്ന യൂണിക് തണ്ടപ്പേർ സംവിധാനം 16ന് നിലവിൽ വരും. തിരുവനന്തപുരം കലക്ടറേറ്റിൽ വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഇതോടെ ഒരാൾക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. ആധാർ നമ്പർ ഇല്ലാത്ത ഭൂവുടമകൾക്ക്‌ നിലവിൽ ലഭ്യമായ തണ്ടപ്പേർ അക്കൗണ്ട്‌ തുടരും. വസ്‌തു തരംമാറ്റത്തിനായി ലഭിച്ച അപേക്ഷകൾ നവംബറിനകം തീർപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top