29 April Monday

തെലുങ്കുനാട്ടിൽ വാശിയേറിയ പോരാട്ടം ; ചിത്രത്തിലില്ലാതെ കോൺഗ്രസ‌്

വി ജയിൻUpdated: Monday Apr 8, 2019


വിജയവാഡ
കനത്ത വേനൽച്ചൂട‌ിൽ ഉരുകുകയാണ‌് തെലുങ്കുനാട‌്. തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് തിരശ്ശീലവീഴാൻ  ഒരുദിവസംമാത്രം ശേഷിക്കെ ചൂടിനെ വെല്ലുന്ന പ്രചാരണമാണ‌് ആന്ധ്രയിലും തെലങ്കാനയിലും.  നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടക്കുന്ന ആന്ധ്രയിൽ വാശിയേറിയ  ത്രികോണ പോരാട്ടമാണ‌് അരങ്ങേറുന്നത‌്. 
ടിഡിപി, എസ‌്‌പി–-ബിഎസ‌്‌പി–-ഇടത‌് സഖ്യം, കെസിആർ കോൺഗ്രസ‌്  എന്നിവരാണ‌്  ത്രികോണമത്സരത്തിന‌് കളമൊരുക്കിയിരിക്കുന്നത‌്.  മുഖ്യപാർടികളായ കോൺഗ്രസും ബിജെപിയും ചില മണ്ഡലങ്ങളിൽമാത്രം ഒതുങ്ങിയിരിക്കയാണ‌്. തെലങ്കാനയിലാണെങ്കിൽ തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ‌്) ഏറെ മുന്നിലാണ‌്.  കോൺഗ്രസും  ബിജെപിയും  ഇടതുപാർടികളും മത്സരരംഗത്തുണ്ട‌്. ഏപ്രിൽ 11ന് ഒറ്റ ഘട്ടമായാണ് 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക‌്‌സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ്.

ദേശീയോത്സവമായ ഉഗാദിയോടൊപ്പമാണ് ആന്ധ്രപ്രദേശിലും തെലങ്കാനയിലും തെരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറിയത്. ശനിയാഴ്ചയായിരുന്നു  ഉഗാദി.  പ്രചാരണം അവസാനഘട്ടത്തിലെത്തിയ  ആന്ധ്രപ്രദേശിൽ അവിശ്വസനീയമായ രാഷ്ട്രീയനാടകങ്ങളാണ് നടക്കുന്നത്. പ്രചാരണം  പലയിടത്തും സംഘർഷത്തിലെത്തി. പുട്ടപർത്തിയിൽ തെലുഗുദേശം, വൈഎസ്ആർ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി.  ആന്ധ്രപ്രദേശിന് പ്രത്യേക പദവി നിഷേധിച്ചതാണ് പ്രചാരണത്തിലെ പ്രധാന വിഷയം.

തെലുഗുദേശത്തോടുള്ള രാഷ്ട്രീയവൈരാഗ്യം തീർക്കാൻ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് തെലുഗുദേശം നേതാക്കളുടെ വീട്ടിൽ റെയ്ഡ‌്. പിന്നാലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ധർണ. ആരോപണ പ്രത്യാരോപണങ്ങളുമായി സംഘർഷഭരിതമായ രംഗങ്ങളാണ‌് അവസാനദിവസങ്ങളിൽ സൃഷ്ടിക്കുന്നത‌്.  റെയ്ഡിനു പിന്നിൽ വൈഎസ്ആർ കോൺഗ്രസിന്റെയും ബിജെപിയുടെയും ഒത്തുകളിയാണെന്ന് നായിഡു ആരോപിച്ച‌്  രാഷ്ട്രീയനേട്ടമാക്കാൻ തന്നെയാണ് തെലുഗുദേശം ഉദ്ദേശിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെയും സ്കൂളുകളുടെയും വാഹനങ്ങളിലും  ആംബുലൻസിലും  വൻതോതിൽ പണം കടത്തി വോട്ടർമാർക്ക് നൽകുകയാണ‌് തെലുഗുദേശമെന്ന‌്  വൈഎസ്ആർ കോൺഗ്രസ് ആരോപിക്കുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നിഷേധിച്ച മോഡി സർക്കാരുമൊത്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണ് ജഗൻ മോഹനെന്ന് തെലുഗുദേശവും വ്യാപകപ്രചാരണം നടത്തുന്നുണ്ട്.

താൻ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങളും അമരാവതി തലസ്ഥാന നിർമാണവും സ്തംഭിക്കാതിരിക്കാൻ തെലുഗുദേശത്തെത്തന്നെ വിജയിപ്പിക്കണമെന്ന് നായിഡു അഭ്യർഥിക്കുന്നു. വൈഎസ്ആർ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ വലിയ വാഗ്ദാനങ്ങളാണ് നൽകുന്നത്. കർഷകർക്ക് അഞ്ചുവർഷംകൊണ്ട് 50000 രൂപ ധനസഹായം, ആരോഗ്യ ഇൻഷുറൻസ്, സ്കൂൾ വിദ്യാർഥികൾക്ക് പ്രതിവർഷം 15000 രൂപ സഹായം, കോളേജ് ഉന്നതവിദ്യാഭ്യാസത്തിന്റെ ചെലവിൽ ഒന്നര ലക്ഷം രൂപവരെ തിരിച്ചുനൽകൽ, കർഷകർക്ക് സർക്കാർ ചെലവിൽ കുഴൽക്കിണർ, സൗജന്യ വൈദ്യുതി, ട്രാക്ടറിന് റോഡ് ടാക്സ് ഒഴിവാക്കൽ  തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ്. വൈഎസ്ആർ തുടങ്ങിവച്ച ജല പദ്ധതികൾ പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കരുത്തോടെ ജെഎസ‌്‌പി–- -ഇടത്–-- ബിഎസ‌്‌പി സഖ്യം
സാധാരണക്കാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നത് ജെഎസ‌്‌പി–- -ഇടത്–-- ബിഎസ‌്‌പി സഖ്യമാണ്. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നമുയർത്തി നിരവധി പ്രക്ഷോഭങ്ങൾ നടത്തിയശേഷമാണ് ഇടതു സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നെല്ലൂർ, കർണൂൽ ലോക‌്‌സഭാ മണ്ഡലങ്ങളിലും കുറുപ്പം, അരകു, രാംപച്ചോഡവാരം, ഉണ്ടി, വിജയവാഡ സെൻട്രൽ, ശാന്താനുതാളപാഡു, കർണൂൽ എന്നീ നിയമസഭാമണ്ഡലങ്ങളിലുമാണ് സിപിഐ എം മത്സരിക്കുന്നത്. സിപിഐ രണ്ട് ലോക‌്‌സഭാ സീറ്റിലും ഏഴ് നിയമസഭാ സീറ്റിലും മത്സരിക്കുന്നു. ബിഎസ‌്‌പി മൂന്ന് ലോക‌്‌സഭാ സീറ്റിലും 21 നിയമസഭാ സീറ്റിലും മത്സരിക്കുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകര റെഡ്ഡി, ബിഎസ‌്‌പി നേതാവ് മായാവതി എന്നിവർ പ്രചാരണയോഗങ്ങളിൽ സംസാരിച്ചു.

ചിത്രത്തിലില്ലാതെ  കോൺഗ്രസ‌്
വിജയവാഡ
രാഹുൽ വന്നിട്ടും ഒരു ചലനവുമുണ്ടാക്കാൻ കഴിയാതെ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും കോൺഗ്രസ്. ഒരുകാലത്ത് ദേശീയ തലത്തിൽ തന്നെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന  തെലുഗു മേഖല അവരെ പൂർണമായും കൈവിട്ടു. തെലുഗുദേശം, വൈഎസ്ആർ കോൺഗ്രസ്, ജെഎസ‌്‌പി–-ഇടത്-–- ബിഎസ‌്‌പി സഖ്യം, ബിജെപി എന്നിവയ‌്ക്കും പിന്നിൽ അഞ്ചാമതായാണ് ആന്ധ്രപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോൺഗ്രസ്.  ജയസാധ്യത തീരെയില്ലാത്തതിനാൽ എഐസിസിയിൽനിന്ന് ഫണ്ട്‌  ലഭിക്കാത്തതും പ്രചാരണത്തെ ദുർബലമാക്കി.എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിക്കാണ‌് ആന്ധ്രയുടെ ചുമതല.  ഉമ്മൻചാണ്ടി രംഗത്തേയില്ല.

ആന്ധ്രപ്രദേശിലെ  രായലസീമ മേഖലയിൽ ചില സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന്റെ സാന്നിധ്യമുള്ളത‌്. ആന്ധ്രപ്രദേശ് വിഭജനമാണ് തെലുഗു നാട്ടിൽ കോൺഗ്രസിന് ഇത്രയധികം തിരിച്ചടിയുണ്ടാകാൻ കാരണം. ഭരണരാഷ്ട്രീയ നയങ്ങളിലെ ജനവിരുദ്ധതയും തിരിച്ചടിക്ക് ആക്കംകൂട്ടി. രണ്ടാം യുപിഎ ഗവൺമെന്റാണ് തെലങ്കാന സംസ്ഥാന രൂപീകരണത്തിന് പച്ചക്കൊടി കാട്ടിയത്. ആന്ധ്രപ്രദേശിൽ സംസ്ഥാന വിഭജനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ മുന്നിൽ തെലുഗുദേശമായിരുന്നു. കോൺഗ്രസ് കാഴ്ചക്കാരായി. തെലങ്കാനയിലാകട്ടെ, പ്രത്യേക സംസ്ഥാനവാദമുയർത്തി പ്രക്ഷോഭം നടത്തിയ ടിആർഎസ് രാഷ്ട്രീയനേട്ടം കൊയ്തപ്പോൾ കോൺഗ്രസ് അവിടെയും ഒറ്റപ്പെട്ടു.

രാഹുൽ ഗാന്ധി ആന്ധ്രപ്രദേശിൽ പ്രചാരണത്തിനെത്തിയപ്പോൾ തണുത്ത പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്. പ്രത്യേക സംസ്ഥാന പദവി രാഹുൽ വാഗ്ദാനം ചെയ്തുവെങ്കിലും അത് വലിയ ചലനമുണ്ടാക്കിയില്ല. തെലങ്കാനയിൽ 17 സീറ്റിലും കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നു. 2018 ഡിസംബറിലെ  നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി, സിപിഐ, ടിജെഎസ് എന്നിവയുമായി ധാരണയുണ്ടാക്കി മത്സരിച്ചിട്ടും കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 19 സീറ്റിലാണ് ജയിച്ചത്. അതിൽ 10 പേർ ടിആർഎസിൽ ചേർന്നു. തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഡി കെ അരുണ ബിജെപിയിലും ചേർന്നു.ഇത്തവണ സഖ്യശ്രമങ്ങൾ പോലും ശക്തമല്ല. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ ചില പ്രാദേശിക പാർടികളുടെ സഹായം അഭ്യർഥിക്കുക മാത്രമാണ് കോൺഗ്രസ്.

1953 മുതൽ 1978 വരെ തുടർച്ചയായി കോൺഗ്രസാണ് ആന്ധ്രപ്രദേശിൽ ഭരണത്തിലെത്തിയത്. 1983ൽ തെലുഗുദേശം യുഗം തുടങ്ങിയ ശേഷവും 1989, 2004, 2009 വർഷങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തി. വിഭജനത്തോടെ കരകയറാനാകാത്ത പതനത്തിലെത്തുകയും ചെയ്തു. സീറ്റൊന്നും കിട്ടിയില്ലെങ്കിലും  ഒരു രാഷ്ടീയ പാർടിയെന്ന പേരിൽ ആന്ധ്രപ്രദേശിലും തെലങ്കാനയിലും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് കോൺഗ്രസ്.

വാശിയില്ലാതെ തെലങ്കാന
തെലങ്കാനയിൽ പ്രചാരണത്തിൽ കാര്യമായ വീറും വാശിയുമില്ല. 2018 ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി - കോൺഗ്രസ് സഖ്യം വലിയ പരാജയം രുചിച്ചു. അതിനാൽ തെലുഗുദേശം തെലങ്കാനയിലെ ലോക‌്‌സഭാ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. കോൺഗ്രസ് 17 മണ്ഡലത്തിലും മത്സരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുസൂറാബാദ് മണ്ഡലത്തിൽനിന്ന് വിജയിച്ച പിസിസി പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡിയെ നലഗൊണ്ട ലോക‌്സഭാ സീറ്റിൽ സ്ഥാനാർഥിയാക്കി.  കോൺഗ്രസും തെലുഗുദേശവും നേരിടുന്ന പ്രധാന പ്രതിസന്ധി നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ്. 19 കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ ടിആർഎസിൽ ചേർന്നു. തെരഞ്ഞെടുപ്പിൽ തോറ്റ നിരവധി തെലുഗുദേശം നേതാക്കളും ടിആർഎസിലെത്തി. അവശിഷ്ട പാർടിയുമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

സിപിഐ എമ്മും സിപിഐയും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു. രണ്ട് വീതം സീറ്റിൽ ഇരു പാർടികളും മത്സരിക്കുന്നു. ഖമ്മം, നലഗൊണ്ട സീറ്റുകളിലാണ് സിപിഐ എം മത്സരിക്കുന്നത്. മെഹബൂബബാദ്, ഭുവനഗിരി മണ്ഡലങ്ങളിൽ സിപിഐയും മത്സരിക്കുന്നു. 17 ലോക്‌സഭാ സീറ്റുകളാണ് തെലങ്കാനയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top