27 April Saturday
ഇടതുനേതാക്കൾ ഹാഥ്‌രസില്‍

ദുരന്തം ഇന്ത്യയുടെ മകള്‍ക്ക്, നീതി ഉറപ്പാക്കണം ; നിയമപോരാട്ടത്തിന്‌ പൂർണ പിന്തുണ

സാജൻ എവുജിൻUpdated: Wednesday Oct 7, 2020


ഹാഥ്‌രസ്‌
ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത്പെൺകുട്ടിയുടെ കുടുംബത്തിന്റെ നീതിയ്ക്കായുള്ള പോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സിപിഐ എം, സിപിഐ നേതാക്കൾ. കുടുംബത്തോടൊപ്പം നിൽക്കുമെന്നും നീതി ഉറപ്പാക്കാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, യുപി സംസ്ഥാന സെക്രട്ടറി ഹീരാലാൽ യാദവ്‌,  സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,  ദേശീയ സെക്രട്ടറി അമർജീത്‌ കൗർ, സംസ്ഥാന സെക്രട്ടറി ഗിരീഷ്‌ ശർമ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ ഹാഥ്‌രസിലെ ബുൽഗഡി ഗ്രാമത്തിലെ വീട്ടിലെത്തിയ നേതാക്കൾ മുക്കാൽ മണിക്കൂറോളം പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം ചെലവിട്ടു. മാതാപിതാക്കളെയും സഹോദരങ്ങളെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു. നിയമപോരാട്ടത്തിന്‌ പൂർണ പിന്തുണ ഉറപ്പുനൽകി.

ഹാഥ്‌രസിലോ ഉത്തർപ്രദേശിലോമാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും രാജ്യത്താകെ ഉൽക്കണ്‌ഠ ഉയർന്ന സംഭവമാണെന്നും നേതാക്കൾ പറഞ്ഞു.  ഇന്ത്യയുടെ മകൾക്കാണ്‌ ദുരന്തം നേരിട്ടത്‌. ഭരണഘടനാപരമായ അവകാശങ്ങളാണ്‌ നിഷേധിക്കപ്പെട്ടത്‌.  21–-ാം നൂറ്റാണ്ടിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്‌ നടന്നത്‌.  മൃതദേഹം ബന്ധുക്കൾക്ക്‌ കൈമാറാതെ അർധരാത്രി കത്തിച്ചുകളഞ്ഞത് പൊറുക്കാനാകാത്ത അപരാധമാണ്‌. ‌ഇതിൽനിന്ന്‌  ശ്രദ്ധ തിരിച്ചുവിടാനും നീതിനിർവഹണം വൈകിക്കാനും സംസ്ഥാന സർക്കാരും മുഖ്യമന്ത്രി ആദിത്യനാഥും ശ്രമിക്കുന്നു. ഇത്‌ അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്‌ തടയണം. കുറ്റവാളികളെ കണ്ടെത്താൻ സ്വതന്ത്രമായ  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. സമയബന്ധിതമായി വിചാരണ നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top