26 April Friday

രാജ്യദ്രോഹകുറ്റത്തിന്റെ നിയമസാധുത ; ഭരണഘടനാ ബെഞ്ചിന്‌ 
വിടണോയെന്ന്‌ പരിശോധിക്കും : സുപ്രീംകോടതി

എം അഖിൽUpdated: Friday May 6, 2022



ന്യൂഡൽഹി
രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന ഹർജികൾ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടണോ എന്നതിൽ ചൊവ്വാഴ്‌ച വാദംകേൾക്കുമെന്ന്‌ സുപ്രീംകോടതി. കേന്ദ്ര സർക്കാരിനും മറ്റു കക്ഷികൾക്കും വാദങ്ങൾ അവതരിപ്പിക്കാൻ ഓരോ മണിക്കൂർ വീതം അനുവദിക്കുമെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ അറിയിച്ചു.

അതേസമയം, രാജ്യദ്രോഹം കുറ്റകരമാക്കുന്ന 124 എ വകുപ്പ്‌ നിലനിർത്തണമെന്ന്‌ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. നിയമസാധുത 1962ൽ കേദാർനാഥ്‌ സിങ് കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്‌ ശരിവച്ചിട്ടുണ്ട്‌. ഈ വകുപ്പിന്റെ ദുരുപയോഗം തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ ഉത്തരവിൽ മാറ്റംവരുത്തേണ്ടതില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു. എന്നാൽ, ചില സംസ്ഥാനത്ത്‌ രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും എജി പറഞ്ഞു. ഇത്‌ തടയാൻ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, എജിയുടെ നിലപാടും കേന്ദ്ര സർക്കാരിന്റെ നിലപാടും തമ്മിൽ വ്യത്യാസമുണ്ടെന്നും സർക്കാർ നിലപാട്‌ വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത അറിയിച്ചത്‌ ശ്രദ്ധേയമായി.

  കേന്ദ്രസർക്കാർ തിങ്കളാഴ്‌ചയും മറ്റ്‌ എല്ലാ കക്ഷികളും ശനിയാഴ്‌ചയ്‌ക്കുള്ളിലും നിലപാട്‌ അറിയിക്കാൻ കോടതി നിർദേശിച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ 124 എ വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്‌തുള്ള ഹർജികൾ പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന്‌ നോട്ടീസ്‌ അയച്ചിരുന്നു. അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി വി സുരേന്ദ്രനാഥ്‌,  കെ ആർ സുഭാഷ്‌ചന്ദ്രൻ എന്നിവർ ഹാജരായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top