27 April Saturday

ഉദാരമതികളേ വരുവിന്‍, ലാഭം കൊയ്യാം ; പണമിറക്കാന്‍ സർക്കാർ തയ്യാറല്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


ന്യൂഡൽഹി
“സ്വകാര്യമേഖലയിലെ ഉദാരമതികളുടെ സഹായംവഴി വിദ്യാഭ്യാസസൗകര്യങ്ങൾ മെച്ചപ്പെടുത്തും’,  മോഡിസർക്കാര്‍ പുതിയ വിദ്യാഭ്യാസനയത്തില്‍ ഊന്നിപ്പറയുന്നു. തീവ്രസ്വകാര്യവൽക്കരണത്തിനായി കവാടം തുറന്നിട്ടെന്ന് വ്യക്തം.  30 വർഷമായി വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യമേഖല ശക്തിപ്രാപിക്കുകയാണ്‌. വിദ്യാഭ്യാസച്ചെലവ് കുത്തനെ ഉയർന്നതല്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഇതുവഴി സാധ്യമായിട്ടില്ല.

രാജ്യത്ത്‌ സ്‌കൂൾതലത്തിൽ 45 ശതമാനം കുട്ടികളും പഠിക്കുന്നത് സ്വകാര്യസ്ഥാപനങ്ങളില്‍. കോളേജ്‌ തലത്തിൽ 45 ശതമാനം സ്വകാര്യ അൺഎയ്‌ഡസ്‌ സ്ഥാപനങ്ങളിലും 21  ശതമാനം എയ്‌ഡഡ്‌ സ്ഥാപനങ്ങളിലും. പ്രൊഫഷണൽ കോഴ്‌സ് പഠിക്കുന്നവരിൽ 70 ശതമാനവും സ്വകാര്യ അൺഎയ്‌ഡഡ്‌ സ്ഥാപനങ്ങളിലാണ്‌. സർവകലാശാലാ ക്യാമ്പസ്‌മേഖലയിൽ മാത്രമാണ്‌ പൊതുസ്ഥാപനങ്ങൾക്ക്‌ മുൻതൂക്കം‌.

പണമിറക്കാന്‍ സർക്കാർ തയ്യാറല്ല
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്നാണ്‌ സ്വകാര്യസ്ഥാപനങ്ങളുടെ വാഗ്‌ദാനമെങ്കിലും അനുഭവം മറിച്ചാണെന്ന്‌ ജെഎൻയുവിലെ സെന്റർ ഫോർ ഇക്കണോമിക്‌ സ്റ്റഡീസ്‌ ആൻഡ്‌ പ്ലാനിങ്ങിലെ പ്രൊഫ. സുരജിത്‌ മജുംദാർ ചൂണ്ടിക്കാട്ടി. 30 വർഷമായി നടപ്പാക്കിവരുന്ന സാമ്പത്തികനയങ്ങളുമായി ഇതിനു ബന്ധമുണ്ട്‌. ഈ സാമ്പത്തികനയത്തിന്റെ ഗുണഭോക്താക്കൾ ജനസംഖ്യയിൽ 10 ശതമാനംമാത്രം‌. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി എത്ര പണം ചെലവിടാനും അവർക്കാകും‌. ശേഷിക്കുന്ന 90 ശതമാനംപേർക്ക്‌ സാമൂഹ്യമായും സാമ്പത്തികമായും മുന്നേറാനുള്ള വഴിയും വിദ്യാഭ്യാസമാണ്‌. ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള ത്വര ചൂഷണംചെയ്യുകയാണ്‌. പൊതുവിദ്യാഭ്യാസമേഖലയിൽ കൂടുതൽ പണം മുടക്കാൻ സർക്കാർ തയ്യാറല്ല. സമ്പന്നർക്ക് ‌ അധികനികുതി ചുമത്തി വരുമാനം വർധിപ്പിക്കാനോ പൊതുവിദ്യാഭ്യാസമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താനോ സർക്കാർ തയ്യാറല്ല‌–- പ്രൊഫ. മജുംദാർ പറഞ്ഞു. കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തികമാന്ദ്യത്തിന്റെ പേരിൽ കോർപറേറ്റുകൾക്ക്‌ സർക്കാർ കൂടുതൽ നികുതിയിളവ്‌ നൽകും.

സർക്കാരിന്റെ വരുമാനം കൂടുതൽ ശോഷിക്കും. ഇതിന്റെ പേരിൽ ചെലവുകളിൽ വരുത്തുന്ന വെട്ടിക്കുറയ്‌ക്കലും പൊതുവിദ്യാഭ്യാസമേഖലയെ ബാധിക്കും. ഇത്‌ മറികടക്കാൻ  ഉദാരമതികളുടെ സഹായം തേടുമെന്നാണ്‌ പറയുന്നത്‌.
ആർഎസ്‌എസ്‌ അടക്കമുള്ള സംഘടനകൾക്ക്‌ വിദ്യാലയങ്ങളുടെ നടത്തിപ്പ്‌ കൈമാറാനും ലക്ഷ്യമിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top