26 April Friday

വിദ്യാഭ്യാസനയം; വൈരുധ്യം, അവ്യക്തത, അപകടം

സാജൻ എവുജിൻUpdated: Sunday Aug 2, 2020

ന്യൂഡൽഹി > വൈരുധ്യവും അവ്യക്തതയുമേറെ; വ്യക്തമായി പറയുന്ന പലതും അപകടകരം–-മോഡിസർക്കാരിന്റെ വിദ്യാഭ്യാസനയത്തെ ഇങ്ങനെ ചുരുക്കാം. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയുടെ‌ മഹത്തായ പാരമ്പര്യം വീണ്ടെടുക്കുമെന്ന്‌ നയം ആവർത്തിക്കുന്നു. അതേസമയം, വിദേശസർവകലാശാലകളെ സ്വാഗതം ചെയ്യുന്നു, രാജ്യാന്തരവൽക്കരണത്തെ വാഴ്‌ത്തുന്നു.

പാരമ്പര്യത്തില്‍ നളന്ദയും തക്ഷശിലയും‌ മാത്രമാണ്‌ പ്രതിപാദിക്കുന്നത്‌. ഇന്ത്യന്‍ ചരിത്രത്തെ സമഗ്രമായി ഉൾക്കൊള്ളാൻ തയ്യാറല്ല. ഫെഡറലിസം, മതനിരപേക്ഷത, സംവരണം എന്നീ വാക്കുകൾ നയത്തിൽ കാണാനില്ല. പകരം സംഘപരിവാർ ആശയമണ്ഡലവുമായി ബന്ധപ്പെട്ട പദങ്ങള്‍ ആവർത്തിക്കുന്നു‌. വർഗീയവൽക്കരണ അജൻഡ ഒളിച്ചുകടത്തുന്നുവെന്ന് വ്യക്തം.

ഡിജിറ്റൽ വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കുമ്പോള്‍, ഇതിനോടകം ഈരംഗത്ത് മുന്നേറിയ കേരളംപോലുള്ള  സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആശങ്കയ്ക്ക് വകയുണ്ട്. ഫണ്ട് അനുവദിക്കുമ്പോള്‍ പിന്നോക്കം നിൽക്കുന്നവര്‍ക്കാണ് മുന്‍ഗണന. മറ്റ്‌ മേഖലകളിൽ ഇതാണ്‌ അനുഭവം.
നാലുവർഷ ബിരുദ കോഴ്സ്‌ നടപ്പാക്കുന്ന രീതി പ്രധാനമാണ്‌. വിദ്യാഭ്യാസച്ചെലവ് ഏറുമെന്നതിനാല്‍ നാലുവർഷപഠനം നിര്‍ധനര്‍ക്ക് ബുദ്ധിമുട്ടാകും. ബിരുദപഠനം പലഘട്ടമായി തിരിക്കുന്നതില്‍ അവ്യക്തതയുണ്ട്‌.  അക്കാദമിക്‌ ക്രെഡിറ്റ്‌ ബാങ്ക്‌ രൂപീകരിച്ച്‌ നൽകുന്ന സ്‌കോർവഴി പഠനം തുടരാമെന്ന്‌ പറയുന്നു. ഒരേ സ്ഥാപനത്തിൽത്തന്നെ പഠനം പൂർത്തീകരിക്കണമെന്ന്‌ വ്യവസ്ഥ ചെയ്‌തില്ലെങ്കിൽ ഈ സംവിധാനം ദുരന്തമാകും. ഒരാൾക്ക്‌  ഓരോ വർഷം പൂർത്തീകരിക്കുമ്പോഴും  ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യത്യസ്‌ത സ്ഥാപനങ്ങളിൽ നിന്നാണെങ്കിൽ സ്ഥാപനങ്ങളുടെ തനിമ അപ്രസക്തമാകും. ഓരോ സ്ഥാപനത്തിന്റെയും  നിലവാരപരിശോധന ഫലപ്രദമാകില്ല.

ലിംഗപദവി സമത്വം  ഉറപ്പാക്കുമെന്ന്  പറയുന്നെങ്കിലും വിശ്വസനീയ സംവിധാനം മുന്നോട്ടുവയ്‌ക്കുന്നില്ല. ‘‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിക്കായി നീക്കിവച്ചതിൽ 54 ശതമാനവും പ്രചാരണത്തിനാണ് കേന്ദ്രം ചെലവിട്ടത്. അതിനാല്‍ ഇത്തരം പ്രഖ്യാപനം മുഖവിലയ്‌ക്ക്‌ എടുക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top