27 April Saturday

കേന്ദ്രം സുപ്രീംകോടതിയില്‍ ; ഡിഫൻസ്‌ അക്കാദമിയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021


ന്യൂഡൽഹി
പെണ്‍കുട്ടികള്‍ക്ക് നാഷണൽ ഡിഫൻസ്‌ അക്കാദമിയിൽ (എൻഡിഎ) പ്രവേശനം നല്‍കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. തീരുമാനം നടപ്പായാല്‍ 12–-ാം ക്ലാസിനുശേഷം വിദ്യാര്‍ഥിനികള്‍ക്ക് എൻഡിഎ പ്രവേശനവും അതുവഴി സ്ഥിരം കമീഷനും സാധ്യമാകും. പെണ്‍കുട്ടികള്‍ക്കും എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാന്‍ അനുമതി നല്‍കി സുപ്രീംകോടതി ആഗസ്‌തില്‍ ഇടക്കാല ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ അക്കാദമിക്‌ വർഷം പ്രവേശനത്തില്‍ തൽസ്ഥിതി തുടരണമെന്ന്‌ കേന്ദ്രം കോടതിയോട്‌ അഭ്യര്‍ഥിച്ചു.

സ്ത്രീകള്‍ക്ക് എൻഡിഎ വഴി സ്ഥിരം കമീഷന് വഴിയൊരുക്കാൻ സേനാ നേതൃത്വവും കേന്ദ്രവും തീരുമാനമെടുത്തെന്നും വിശദ സത്യവാങ്മൂലം ഉടൻ സമർപ്പിക്കാമെന്നും- അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചു. തീരുമാനം സ്വാഗതം ചെയ്യുന്നെന്നും ലിം​ഗനീതി ഉറപ്പാക്കാന്‍ സേനകള്‍ കൂടുതൽ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്‌ പ്രതികരിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 22ന്‌ മുമ്പ്‌ സത്യവാങ്മൂലം നല്‍കണം. അഞ്ചിന്‌ നിശ്ചയിച്ച എൻഡിഎ പ്രവേശനപരീക്ഷ കോവിഡ്‌ പശ്ചാത്തലത്തിൽ നവംബറിലേക്ക്‌ മാറ്റി. പെണ്‍കുട്ടികള്‍ക്കായി ഇനി നടപടിക്രമം മാറ്റിയാല്‍ പരീക്ഷ നീളുമെന്നും അതിനാല്‍ ഈ വര്‍ഷം തല്‍സ്ഥിതി തുടരണമെന്നുമാണ് കേന്ദ്രത്തിന്റെ ആവശ്യം.

പെണ്‍കുട്ടികള്‍ക്ക് എൻഡിഎ, നേവൽ അക്കാദമി പ്രവേശനം നിഷേധിക്കുന്നത്‌ മൗലികാവകാശ ലംഘനമാണെന്ന ഹർജി പരി​ഗണിക്കവെയാണ് കേന്ദ്രം നിലപാട്‌ അറിയിച്ചത്. ചരിത്രപരമായ തീരുമാനമാണ് ഇതെന്ന് ഹർജിക്കാരൻ അഡ്വ. കുഷ്‌കാൽറ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top