27 April Saturday

ഹിന്ദുത്വരാഷ്ട്രീയം: കോൺഗ്രസിൽ തർക്കം

സാജൻ എവുജിൻUpdated: Friday Nov 19, 2021


ന്യൂഡൽഹി
ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള സമീപനത്തെച്ചൊല്ലി കോൺഗ്രസിൽ പുതിയ തർക്കം. നെഹ്‌റു വിഭാവനം ചെയ്‌ത മതനിരപേക്ഷ പാതയിൽനിന്ന്‌ കോൺഗ്രസ്‌ വ്യതിചലിച്ചെന്ന്‌ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ മനീഷ്‌ തിവാരി എംപി തുറന്നടിച്ചു. ഹിന്ദുമതവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസ്‌ പ്രചരിപ്പിക്കണമെന്ന്‌ രാഹുൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്. സ്വന്തം മൂല്യങ്ങൾ കോൺഗ്രസ്‌ ഉപേക്ഷിക്കുന്നതുകൊണ്ട്‌ ജനങ്ങൾ ഒരിക്കലും ഒറിജിനലിനെ മറികടന്ന്‌ വ്യാജനെ തെരഞ്ഞെടുക്കില്ലെന്ന്‌ തിവാരി ഓർമിപ്പിച്ചു. കോൺഗ്രസ്‌ മൃദുഹിന്ദുത്വ സമീപനം കൈക്കൊള്ളുന്നതിനോടുള്ള ശക്തമായ വിയോജിപ്പാണ്‌ തിവാരിയുടെ ഈ വാക്കുകൾ.

ഹിന്ദുമതവും ഹിന്ദുത്വയും തമ്മിലുള്ള താരതമ്യം അക്കാദമിക്‌ മേഖലയിൽ നടത്തേണ്ടതാണെന്നും രാഷ്ട്രീയപാർടികൾ ഇക്കാര്യം ഏറ്റെടുക്കേണ്ടതില്ലെന്നും തിവാരി വിശദീകരിച്ചു. മതത്തിനും ജാതിക്കും സ്വത്വരാഷ്ട്രീയത്തിനും അതീതമായി കോൺഗ്രസ്‌ നിലകൊള്ളണമെന്നും തിവാരി പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ നിലപാട്‌ അംഗീകരിക്കുന്ന മട്ടിൽ ശശി തരൂർ എംപി രംഗത്തുവന്നു. ഹിന്ദുമതമൂല്യങ്ങളെ വഞ്ചിക്കുകയാണ്‌ രാഷ്ട്രീയഹിന്ദുത്വം ചെയ്യുന്നതെന്ന്‌ പുസ്‌തക പ്രകാശനച്ചടങ്ങിൽ തരൂർ പറഞ്ഞു.

മുൻ മന്ത്രി സൽമാൻ ഖുർഷിദ്‌ എഴുതിയ പുസ്‌തകത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തെ ഐഎസ്‌ഐഎസിനോട്‌ ഉപമിച്ചതിനെ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദ്‌ തള്ളിപ്പറഞ്ഞിരുന്നു. ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തിൽ ഖുർഷിദിന്റെ പരാമർശം ആത്മഹത്യാപരമാണെന്ന്‌ ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു. മൃദുഹിന്ദുത്വസമീപനം ഉപേക്ഷിക്കരുതെന്നാണ്‌ ഇവരുടെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top