26 April Friday

ജൻ ഔഷധി പിഎം–ബിജെപി ആയി ; മരുന്നുവിതരണം ആർഎസ്‌എസ് സന്നദ്ധസംഘടനയ്ക്ക്, സംഭരണം സ്വകാര്യകമ്പനികളിൽനിന്ന്

പ്രത്യേക ലേഖകൻUpdated: Wednesday Sep 14, 2022

 

ന്യൂഡൽഹി
കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള  മരുന്നുകൾ ലഭ്യമാക്കാനും പൊതുമേഖലാ മരുന്നുനിർമാണ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുമായി നടപ്പാക്കിയ ജൻ ഔഷധി പദ്ധതിയുടെ ലക്ഷ്യം  മോദി സർക്കാർ അട്ടിമറിക്കുന്നു. നിലവിൽ 140 സ്വകാര്യകമ്പനിയിൽനിന്നാണ്‌ മരുന്ന്‌ സംഭരിക്കുന്നത്‌. വിതരണം നിയന്ത്രിക്കുന്നത്‌ ആർഎസ്‌എസിന്റെ സന്നദ്ധസംഘടനയും. മരുന്നുകളുടെ ഗുണനിലവാരത്തെ ഇത്‌ പ്രതികൂലമായി ബാധിക്കുമെന്ന്‌ ആശങ്ക ഉയർന്നിട്ടുണ്ട്‌.

കേന്ദ്രസർക്കാരിന്റെ ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്‌ 2008ൽ ഈ പദ്ധതി ആരംഭിച്ചത്‌. ഐഡിപിഎൽ, എച്ച്എഎൽ, ബിസിപിഎൽ, കെഎപിഎൽ, ആർഡിപിഎൽ എന്നീ കേന്ദ്രപൊതുമേഖലാ കമ്പനികളും  ഫാർമസ്യൂട്ടിക്കൽ വകുപ്പും ചേർന്ന്‌ ബിപിപിഐ എന്ന ഏജൻസിയാണ്‌ പദ്ധതി  നടപ്പാക്കിവന്നത്‌. അഞ്ച്‌ കമ്പനിയും  മരുന്ന്‌ നിർമിക്കും, വിലനിർണയവും വിതരണവും ബിപിപിഐയുടെ ചുമതല എന്നതായിരുന്നു വ്യവസ്ഥ.  ജൻ ഔഷധി സ്‌റ്റോറുകൾ സ്ഥാപിക്കാൻ ബിപിപിഐ രണ്ടരലക്ഷം രൂപ വീതം ധനസഹായവും നൽകി. ലക്ഷം രൂപയുടെ മരുന്നും ഓരോ സ്‌റ്റോറിനും സൗജന്യമായി നൽകി. സ്‌റ്റോർ സ്ഥാപിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ സ്ഥലവും നൽകി.

മോദിസർക്കാർ വന്നശേഷം ഐഡിപിഎല്ലും ആർഡിപിഎല്ലും പ്രവർത്തനം നിർത്തി. എച്ച്‌എഎല്ലും ബിസിപിഎല്ലും കെഎപിഎല്ലും സ്വകാര്യവൽക്കരിക്കാനും തീരുമാനിച്ചു.  രാജ്യമെമ്പാടുമായി ആയിരം ജൻഔഷധി സ്‌റ്റോർ തുടങ്ങാൻ  ആർഎസ്‌എസിന്റെ നാഷണൽ യുവ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റിക്ക്‌ 2017 ജനുവരിയിൽ കേന്ദ്രം അനുമതി നൽകി. ഇതോടെ മരുന്നുസംഭരണം പൂർണമായും സ്വകാര്യകമ്പനികളിൽനിന്നായി.

ജൻ ഔഷധി പദ്ധതിയുടെ  പേര്‌ 2015ൽ പ്രധാനമന്ത്രി ജൻഔഷധി യോജന(പിഎം–-ജെഎവൈ) എന്നാക്കി.  വീണ്ടും പരിഷ്‌കരിച്ച്‌ പ്രധാൻമന്ത്രി ഭാരതീയ ജൻഔഷധി പര്യയോജന(പിഎം–-ബിജെപി) എന്നാക്കി.  മരുന്നുകളുടെ കവറിൽ ‘ഭാജപ’ എന്ന്‌ ഹിന്ദിയിൽ എഴുതി രാഷ്‌ട്രീയതട്ടിപ്പിനും ശ്രമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top