26 April Friday

ചൈനാവിരുദ്ധ യുഎസ് സഖ്യത്തില്‍ ഇന്ത്യ ; ഇന്തോ പസഫിക്‌ സാമ്പത്തിക ചട്ടക്കൂട്‌ (ഐപിഇഎഫ്‌) പ്രഖ്യാപിച്ച്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022

videograbbed image


ടോക്യോ
ഏഷ്യ–- പസഫിക്‌ മേഖലയിൽ ചൈനയെ ഒറ്റപ്പെടുത്താനും അമേരിക്കന്‍ സാമ്പത്തിക അപ്രമാദിത്വം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ട് 13 അം​ഗ വ്യാപരസഖ്യം അവതരിപ്പിച്ച് അമേരിക്ക. ഇന്തോ–- പസഫിക്‌ സാമ്പത്തിക ചട്ടക്കൂട്‌ (ഐപിഇഎഫ്‌) എന്ന സഖ്യത്തില്‍ ഇന്ത്യയും അം​ഗമായി. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുടെ സാന്നിധ്യത്തിലാണ് ബൈഡന്‍ ഐപിഇഎഫ്‌ പ്രഖ്യാപിച്ചത്.  ബൈഡനെ അഭിനന്ദിച്ച നരേന്ദ്രമോദി സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഐപിഇഎഫിനായി ഇന്ത്യ പ്രവർത്തിക്കുമെന്ന് വാ​ഗ്ദാനംചെയ്തു.  2017ലെ ട്രാൻസ്‌ പസഫിക്‌ പങ്കാളിത്ത കരാറിൽനിന്ന്‌ മുൻ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പിന്മാറിയതോടെ ഏഷ്യ–- പസഫിക്‌ മേഖലയിൽ യുഎസിന്റെ സ്വാധീനം നഷ്ടമായി. ഇതില്‍ നിന്ന് കരകയറാനുള്ള ബൈഡന്റെ നീക്കമായി ഐപിഇഎഫിനെ വിലയിരുത്തുന്നു.

താരിഫ് നിരക്ക് കുറയ്ക്കല്‍ അടക്കം വിപണിയുടെ നിര്‍വ്വഹണമേഖലയിലേക്ക് കരാര്‍ കടക്കുന്നില്ല. പകരം ഭരണപരമായ വ്യവസ്ഥകളാണ് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ അംഗരാജ്യങ്ങള്‍ക്ക് ഈ ചട്ടക്കൂടില്‍ പങ്കാളിയാകുന്നതുകൊണ്ട് പ്രത്യക്ഷത്തില്‍ സാമ്പത്തിക ഇളവുകള്‍ ലഭിക്കുന്നില്ല. അന്താരാഷ്ട്രവ്യാപാരത്തില്‍ പുലര്‍ത്തേണ്ട ധാരണകള്‍ സംബന്ധിച്ച ഒരു പറ്റം പ്രാമാണിക രേഖകളില്‍  താത്പര്യമുള്ളവയില്‍ പൂര്‍ണമായി അംഗരാജ്യങ്ങള്‍ ഭാഗഭക്കാകണം. എല്ലാ കരാറുകളിലും ഒപ്പിടണമെന്നില്ല. ചട്ടക്കൂടിന്റെ പരിമിതമായ വ്യാപ്‌തിയും ചുമതലകളിലെ അവ്യക്തതയും നിരാശാജനകമെന്ന് അന്താരാഷ്ട്രവിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

13 അം​ഗങ്ങള്‍
ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ബ്രൂണായ്‌, ഇന്ത്യ, ഇന്തോനേഷ്യ, ജപ്പാൻ, മലേഷ്യ, ന്യൂസിലൻഡ്‌, ഫിലിപ്പീൻസ്‌, സിംഗപ്പുർ, തായ്‌ലൻഡ്‌, വിയറ്റ്‌നാം എന്നീരാജ്യങ്ങളും അമേരിക്കയുമാണ് അം​ഗങ്ങള്‍.

സമാധാനം തകര്‍ക്കാൻ നീക്കം: ചൈന
മേഖലയിലെ സമാധാനം തകർക്കാനുള്ള തന്ത്രമാണ്‌ ഐപിഇഎഫ്‌ എന്ന്‌ ചൈനീസ്‌ വിദേശമന്ത്രി വാങ് യി പറഞ്ഞു. സമാധാനപരമായി വികസനം സാധ്യമാകുന്ന മേഖലയാണ്‌ ഏഷ്യ–- പസഫിക്‌. ഇവിടെ ഭിന്നിപ്പും ഏറ്റുമുട്ടലും സൃഷ്ടിക്കാനുള്ള നീക്കത്തെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top