02 May Thursday
വൈഎസ്‌ആർ, 
ബിജെഡി 
പാർടികളുടെ നിലപാട്‌ നിർണായകം

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ : കോൺഗ്രസ്‌ ഇതര സ്ഥാനാർഥിക്കായി 
പ്രതിപക്ഷ കക്ഷികൾ

റിതിൻ പൗലോസ്‌Updated: Sunday May 8, 2022


ന്യൂഡൽഹി
രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കെതിരെ കോൺഗ്രസ്‌ ഇതര പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പ്രതിപക്ഷ കക്ഷികൾ. സമാജ്‌വാദി പാർടി, എഎപി, ടിആർഎസ്‌, തൃണമൂൽ കോൺഗ്രസ്‌, ടിആർഎസ്‌ തുടങ്ങിയവർ ശ്രമമാരംഭിച്ചു. ഇതോടെ കോൺഗ്രസ്‌ സ്ഥാനാർഥിക്കുള്ള സാധ്യത മങ്ങി. കോൺഗ്രസിന്റെ ശക്തി ക്ഷയിച്ചതും സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ വോട്ട്‌ ഭിന്നിപ്പിക്കുന്ന നിലപാടുമാണ്‌ പ്രതിപക്ഷ കക്ഷികകളുടെ തീരുമാനത്തിനു പിന്നിൽ.

കോൺഗ്രസ്‌ സ്ഥാനാർഥിയെ പിന്തുണയ്‌ക്കേണ്ടന്ന നിലപാടിലാണ്‌ എസ്‌പി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എഎപി, എസ്‌പി, ടിആർഎസ് നേതാക്കളുമായി ചർച്ച നടത്തി. എസ്‌പിയെ അനുനയിപ്പിക്കാൻ മുതിർന്ന നേതാവ്‌ അസംഖാനെ ജയിലിലെത്തി കോൺഗ്രസ്‌ നേതാക്കൾ കണ്ടെങ്കിലും വഴങ്ങിയില്ല.

പ്രതിപക്ഷം സംയുക്ത സ്ഥാനാർഥിയെ നിർത്തുമെന്നതിനാൽ സഖ്യത്തിനു പുറത്തുള്ള പാർടികളുടെ പിന്തുണ ബിജെപിക്ക്‌ നിർണായകമാണ്‌. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള ഇലക്‌ടറൽ കോളേജിന്റെ ആകെ വോട്ടുമൂല്യം 10,98,903 ലക്ഷമാണ്‌. ഇതിൽ എൻഡിഎയ്‌ക്ക്‌  5.42 ലക്ഷവും പ്രതിപക്ഷത്തിന്‌ 4.49 ലക്ഷവും വോട്ടുമൂല്യവുണ്ട്‌. ജയിക്കാൻ വേണ്ടത്‌ 5,49,452 വോട്ട്‌ മൂല്യമാണ്‌. എൻഡിഎയെ അനുകൂലിക്കുന്ന വൈഎസ്‌ആർ, ബിജെഡി പാർടികൾക്ക്‌ ആകെ 75,528 വോട്ടുമൂല്യമുണ്ട്‌.

എൻഡിഎ ഇതരകക്ഷികളുടെ പിന്തുണയുറപ്പാക്കാൻ ബിജെപി നീക്കം തുടങ്ങി. ബിഹാറിൽ ഇടഞ്ഞു നിൽക്കുന്ന ജെഡിയു നേതാവ്‌ നിതീഷ്‌ കുമാറുമായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ചർച്ച നടത്തി. എൻഡിഎയുടെ ഭാഗമായിരുന്നിട്ടും 2012ൽ ജെഡിയു കോൺഗ്രസ്‌ നേതാവ്‌ പ്രണബ്‌ മുഖർജിയെ പിന്തുണച്ചിരുന്നു. വൈഎസ്‌ആർ, ബിജെഡി പാർടി നേതാക്കളെയും പ്രധാൻ കാണും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top