27 April Saturday
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ​ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ്

അദാനി ഓഹരി 
നിക്ഷേപകരെ വഞ്ചിച്ചു ; വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023


ന്യൂയോര്‍ക്ക്‌
ഓഹരി വിപണിയിൽ അനര്‍ഹമായ നേട്ടംകൊയ്യാന്‍  അദാനി ഗ്രൂപ്പ്‌ ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണെന്ന് വെളിപ്പെടുത്തി അമേരിക്കയിലെ പ്രശസ്ത ഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ്. യഥാര്‍ഥ മൂല്യത്തിന്റെ 85 ശതമാനംവരെ ഒഹരിവില പെരുപ്പിച്ചുകാട്ടിയെന്നും അദാനിയുടെ നിരവധി കമ്പനികളുടെ പ്രകടനം ഇടിയുകയാണെന്നും ​ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്. രണ്ടുവര്‍ഷം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ട് കനത്ത ആഘാതമാണ് അദാനി ​ഗ്രൂപ്പിന് ഓഹരിവിപണിയില്‍ ഏല്‍പ്പിച്ചത്. ബുധനാഴ്ചമാത്രം അദാനി ​ഗ്രൂപ്പ്‌ ഓഹരികള്‍ക്ക് അഞ്ചുശതമാനത്തോളം ഇടിവുണ്ടായി. 46,000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ നേരിട്ടത്. ഹിൻഡൻബർഗ് റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് രം​ഗത്തെത്തി.  സല്‍പ്പേര് കളങ്കപ്പെടുത്താന്‍ അടിസ്ഥാനരഹിതവും അപകീർത്തിപ്പെടുത്താത്തതുമായ ആരോപണങ്ങളാണ്  ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തി.

അദാനിക്ക് നഷ്ടം 46,000 കോടി
ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് ഗൗതം അദാനി നയിക്കുന്ന അദാനി ​ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ​ഇവർ ദീർഘകാലമായി ഓഹരികളിൽ കൃത്രിമം കാണിക്കുകയും കണക്കുകളിൽ തട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്നുമാണ് ഹിൻഡൻബർ​ഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ​ഓഹരികൾ പണയംവച്ച്  ഗ്രൂപ്പ് വൻതോതിൽ കടം വാങ്ങിയിട്ടുണ്ടെന്നും രണ്ടുവർഷത്തെ അന്വേഷണങ്ങളുടെയും  ഗ്രൂപ്പിന്റെ മുൻ എക്സിക്യൂട്ടീവുകൾ അടക്കമുള്ള പലരുമായും സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും റിപ്പോർട്ട് പറയുന്നു.  ഇതോടെ  46,000 കോടി രൂപയോളമാണ് അദാനിക്ക് ഓഹരിവിപണിയിൽ നഷ്ടമായത്.

റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന്‌ ​ഗ്രൂപ്പ് അവകാശപ്പെട്ടെങ്കിലും അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് കമ്പനിയായ എസിസി  7.11 ശതമാനവും അംബുജ സിമന്റ് 7.71 ശതമാനവും നഷ്ടം നേരിട്ടു. അദാനി പോർട്സ് 6.30 ശതമാനവും അദാനി ട്രാൻസ്‌മിഷൻ 8.06 ശതമാനവും അദാനി പവർ 4.99 ശതമാനവും നഷ്ടം രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top