09 May Thursday
അഹമ്മദാബാദ്‌ നഗരത്തിൽ ജയ്‌ രഞ്ചോ ചാപ്രയിലെ 
നാൽപ്പതോളം കുടുംബങ്ങൾ കടുത്ത അവ​ഗണനയില്‍

'വോട്ട്‌ ചോദിക്കാൻപോലും ആരും വരാറില്ല ; മഴക്കാലത്ത്‌ വെള്ളം കയറി കോളനിയാകെ മുങ്ങി, സർക്കാരോ നഗരസഭയോ തിരിഞ്ഞുനോക്കിയില്ല’

അഹമ്മദാബാദിൽനിന്ന് 
സാജൻ എവുജിൻUpdated: Wednesday Nov 23, 2022

കോളനി വാസികളായ ​ജീവന്‍ ഭായ്, ലക്ഷ്മണ്‍ ഭായ്, ജയന്തി ഭായ് എന്നിവര്‍



‘‘വോട്ട്‌  ചോദിക്കാൻപോലും ആരും  ഇവിടേയ്‌ക്ക്‌ വരാറില്ല. മഴക്കാലത്ത്‌ വെള്ളം കയറി കോളനിയാകെ മുങ്ങി. ഒരു മാസം അങ്ങനെ കിടന്നിട്ടും സർക്കാരോ നഗരസഭയോ തിരിഞ്ഞുനോക്കിയില്ല’’–-ഗണേശ്‌ ഭായ്‌ പട്‌നിയും ജീവൻഭായ്‌ പട്‌നിയും പറഞ്ഞു. അഹമ്മദാബാദ്‌ നഗരത്തിൽ  ജയ്‌ രഞ്ചോ ചാപ്രയിലെ നാൽപ്പതോളം കുടുംബങ്ങൾ നേരിടുന്ന അവഗണനയും ദുരവസ്ഥയും അവരുടെ വാക്കുകളിൽ നിറഞ്ഞു.

ഉന്തുവണ്ടികളിൽ പച്ചക്കറികൾ അടക്കമുള്ള സാധനങ്ങൾ കൊണ്ടുനടന്ന്‌ വിറ്റും കൂലിപ്പണി ചെയ്‌തും അഷ്ടിക്ക്‌ വക കണ്ടെത്തുന്നവരാണ്‌ ഈ കോളനിവാസികൾ. മാലിന്യനിക്ഷേപകേന്ദ്രംപോലുള്ള ഇടത്ത്‌ 22 വർഷമായി കഴിയുന്ന ഇവരെ മനുഷ്യരായി കരുതാൻപോലും അധികാരികൾ തയ്യാറല്ല. തെരുവുവിളക്കുകൾ ഇല്ലാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ സ്‌ത്രീകൾക്ക്‌ പുറത്തിറങ്ങാൻ ഭയമാണ്‌. വീടുകൾക്ക്‌ തൊട്ടുമുന്നിൽ കുന്നുകൂടിയ മാലിന്യം. സദാ ദുർഗന്ധം. മഴ പെയ്‌താൽ വെള്ളവും അഴുക്കും വീടുകളിൽ കയറും. കൊതുകിന്റെ ഉപദ്രവം വേറെ. പൈപ്പ്‌ വഴി നൂലുപോലെ വരുന്ന വെള്ളമാണ്‌ എല്ലാ ആവശ്യങ്ങൾക്കും ആശ്രയം. അതുതന്നെ ചില നേരങ്ങളിലാണ്‌ വരുന്നതെന്ന്‌ കോളനിവാസിയായ പുഷ്‌പ ബെൻ പറഞ്ഞു.

ഉന്തുവണ്ടികളിൽ കച്ചവടത്തിനു പോകുന്നവർ പൊലീസിന്റെയും നഗരസഭ ഉദ്യോഗസ്ഥരുടെയും അതിക്രമങ്ങൾക്ക്‌ ഇരയാകുന്നതിന്റെ വൈഷമ്യം ലക്ഷ്‌മൺ ഭായ്‌ പങ്കിട്ടു. സാധനങ്ങൾ തട്ടിമറിച്ച്‌ കളഞ്ഞശേഷം പൊലീസുകാർ ഉന്തുവണ്ടികൾ പിടിച്ചെടുക്കും. 45 ദിവസം  കഴിയാതെ തിരിച്ചുനൽകില്ല. കുട്ടികൾക്ക്‌ നല്ല വിദ്യാഭ്യാസം സ്വപ്‌നം മാത്രമാണ്‌. ഫീസ്‌ നൽകി പഠിപ്പിക്കാൻ കഴിയാത്തതിനാൽ സഗരസഭ സ്‌കൂളുകളിലാണ്‌ അയക്കുന്നത്‌. അവിടെ അടിസ്ഥാനസൗകര്യങ്ങളോ ആവശ്യത്തിന്‌ അധ്യാപകരോ ഇല്ല. പത്താം ക്ലാസ്‌ വരെയാണ്‌ പരമാവധി പഠിത്തം–-കോളനിവാസികൾ പറഞ്ഞു. ഇതുകൊണ്ടൊക്കെയാകാം, തെരഞ്ഞെടുപ്പിന്റെ ആവേശമൊന്നും കോളനിയിൽ പ്രകടമല്ല. എന്തിനേറെ,  ഒറ്റക്കൊടിയോ പോസ്‌റ്ററോ ഇവിടെ കാണാനില്ല.

അഹമ്മദാബാദ്‌ നഗരത്തിലെ ജയ്‌ രഞ്ചോ ചാപ്ര കോളനി

അഹമ്മദാബാദ്‌ നഗരത്തിലെ ജയ്‌ രഞ്ചോ ചാപ്ര കോളനി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top