26 April Friday
എതിർത്ത്‌ പ്രതിപക്ഷ കക്ഷികൾ

കൊളീജിയം സംവിധാനത്തിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി

പ്രത്യേക ലേഖകൻUpdated: Monday Jan 16, 2023


ന്യൂഡൽഹി  
ജഡ്‌ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്താനാവശ്യപ്പെട്ട്‌ കേന്ദ്രനിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്‌ കത്തയച്ചു.  1993ൽ ഭരണഘടനാ വിരുദ്ധമായ വിധിയിലൂടെ സുപ്രീംകോടതി കൊണ്ടുവന്നതാണെന്ന്‌ കൊളീജിയമെന്ന്‌ റിജിജു കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കൊളീജിയം ശുപാർശ തടഞ്ഞുവച്ചും പരസ്യ പ്രതികരണങ്ങളിലൂടെയും കേന്ദ്രസർക്കാർ സംഘർഷം സൃഷ്ടിക്കുന്നതിനിടെയാണ്‌ പുതിയനീക്കം.

സുപ്രീംകോടതി ജഡ്‌ജിമാരെ ശുപാർശ ചെയ്യുമ്പോൾ കേന്ദ്രസർക്കാരിന്റെയും ഹൈക്കോടതി ജഡ്‌ജിമാരെ നിയമിക്കുമ്പോൾ അതത്‌ സംസ്ഥാനസർക്കാരിന്റെ  പ്രതിനിധികളെയും കൊളീജിയത്തിൽ ഉൾപ്പെടുത്തണമെന്നാണ്‌ കത്തിലെ ആവശ്യം. അതുവഴി ജഡ്‌ജി നിയമനം സുതാര്യമാക്കാമെന്നും മന്ത്രി അവകാശപ്പെട്ടു.

കേന്ദ്രനടപടിയെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചതോടെ കത്തിനെ മന്ത്രി ന്യായീകരിച്ചു. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം 2015ൽ റദ്ദാക്കിയപ്പോൾ സുപ്രീംകോടതി മുന്നോട്ടുവച്ച നിർദേശം പിന്തുടരുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ റിജിജു ട്വിറ്റുചെയ്‌തു. കൊളീജിയം സംവിധാനത്തിന്റെ നടപടിക്രമം ഉടച്ചുവാർക്കണമെന്ന്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി അവകാശപ്പെട്ടു. ജഡ്‌ജിമാരുടെ നിയമനത്തിനുള്ള കമീഷനിൽ കേന്ദ്രനിയമമന്ത്രിയെ അടക്കം ഉൾപ്പെടുത്തിയാണ്‌ മോദിസർക്കാർ 2014ൽ നിയമം കൊണ്ടുവന്നത്‌. കേന്ദ്രത്തിന്റെ പുതിയ നീക്കത്തിനെതിരെ കോൺഗ്രസ്‌, തൃണമൂൽ കോൺഗ്രസ്‌, എഎപി കക്ഷികൾ രംഗത്തുവന്നു.  ജഡ്‌ജിമാരുടെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും സർക്കാർ നിലപാടിന്‌ ആധിപത്യം നേടിയെടുക്കാനുള്ള മോദിസർക്കാർ ശ്രമത്തെ ശക്തമായി ചെറുക്കണമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ  നേരത്തേ മുന്നറിയിപ്പ്‌ നൽകിയിരുന്നു.

ചീഫ്‌ ജസ്‌റ്റിസിന്‌ പുറമെ ജസ്‌റ്റിസുമാരായ എസ്‌ കെ കൗൾ, കെ എം ജോസഫ്‌, എം ആർ ഷാ, അജയ്‌ റസ്‌തോഗി, സഞ്‌ജീവ്‌ ഖന്ന എന്നിവരടങ്ങിയതാണ്‌ സുപ്രീംകോടതി കൊളീജിയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top