27 April Saturday

റിപ്പബ്ലിക്ക്‌ ദിന സംഭവങ്ങൾ : ജുഡീഷ്യൽ അന്വേഷണം വേണമെന്ന്‌ കർഷകസംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021


ന്യൂഡൽഹി
റിപ്പബ്ലിക്ക്‌ ദിനത്തിൽ കിസാൻ പരേഡിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടു വരാനും കർഷകർക്ക് മേല്‍ ചുമത്തിയ വ്യാജകേസുകളെക്കുറിച്ചും ഉന്നതതല ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന്‌ കർഷകസംഘടനകൾ. സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന്‌ കർഷകപ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുന്ന സംയുക്ത കിസാൻമോർച്ച ആവശ്യപ്പെട്ടു. 112 കർഷകര്‍ അറസ്റ്റിലായി. 44 കേസുകളിൽ 14 എണ്ണത്തിൽ പ്രതിചേർക്കപ്പെട്ടവരാണിവര്‍. കിസാൻ മോർച്ചയുടെ നിയമസഹായ സംഘം ശനിയാഴ്‌ച ജയിലിലുള്ളവരെ സന്ദർശിച്ചു. പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്‌.

റിപ്പബ്ലിക്ക്‌ ദിനത്തിലെ സംഭവങ്ങൾക്ക്‌ ശേഷം 16 കർഷകരെ ഇനിയും കണ്ടുകിട്ടാനുണ്ട്. ഹരിയാനയിൽ നിന്ന്‌ ഒമ്പതും രാജസ്ഥാനിൽ നിന്ന് ഒന്നും പഞ്ചാബിൽ നിന്ന്‌ ആറും കർഷകരെയാണ്‌ കണ്ടുകിട്ടാനുള്ളത്‌. അറസ്‌റ്റിൽ കഴിയുന്ന കർഷകരെയെല്ലാം ഒറ്റ ജയിലിലേക്ക്‌ മാറ്റണം. ഈ ആവശ്യവുമായി കിസാൻ മോർച്ച നേതാക്കൾ  ഡൽഹി മന്ത്രി രാഘവ്‌ ചദ്ദലെയെ കണ്ടു. അറസ്‌റ്റിൽ കഴിയുന്നവർക്ക്‌ എല്ലാ നിയമസഹായവും നൽകും. ജയിൽ ക്യാന്റീനിൽ ഉപയോഗിക്കാൻ ഓരോ കർഷകന്റെയും അക്കൗണ്ടിലേക്ക്‌ രണ്ടായിരം രൂപ ഇടും. ഡൽഹി പൊലീസിന്റെ നോട്ടീസ്‌ ലഭിക്കുന്ന കർഷകർ നേരിട്ട്‌ ഹാജരാകരുതെന്നും നിയമസഹായ സംഘവുമായി ബന്ധപ്പെടണമെന്നും  നേതാക്കൾ അറിയിച്ചു.

രണ്ട്‌ കർഷകർ കൂടി മരിച്ചു
ഡൽഹി അതിർത്തിയിൽ സമരത്തിലുള്ള രണ്ട്‌ കർഷകർ കൂടി മരിച്ചു. സിൻഘുവിൽ 70 ദിവസത്തിലേറെയായി സമരത്തിലുള്ള ഹൻസ സിജുവും നയിബ്‌ സിങ്ങുമാണ്‌ മരിച്ചത്‌. പഞ്ചാബിലെ ധാര സ്വദേശിയായ നയിബ്‌ സിങ്‌ സമരകേന്ദ്രത്തിൽ നിന്ന്‌ കഴിഞ്ഞ ദിവസം നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. വീട്ടിലെത്തി അടുത്ത ദിവസം മരിച്ചു. 72 കാരനായ ഹൻസ സിങ്‌ സമരകേന്ദ്രത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. പഞ്ചാബിൽ ധരംകോട്ട്‌ സ്വദേശിയാണ്‌. സമരമാരംഭിച്ച ശേഷം ഇതുവരെയായി 233 കർഷകരാണ്‌ മരിച്ചത്‌. ഇതിൽ 13 പേർ ജീവനൊടുക്കുകയായിരുന്നു.

പുൽവാമയിൽ സൈനികർ രക്തസാക്ഷികളായതിന്റെ വാർഷിക ദിനമായ ഞായറാഴ്‌ച കർഷകർ രാജ്യവ്യാപകമായി പന്തംകൊളുത്തി പ്രകടനങ്ങളും മെഴുകുതിരി മാർച്ചുകളും സംഘടിപ്പിക്കും. ജീവത്യാഗം ചെയ്‌ത സൈനികരോട്‌ ആദരസൂചകമായാണ്‌ രാജ്യവ്യാപക പരിപാടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top