26 April Friday

മോദിയെ വിശ്വാസമില്ല ; പോരാട്ടം തുടരാതെ വഴിയില്ലെന്ന് കര്‍ഷകര്‍

പ്രത്യേക ലേഖകൻUpdated: Tuesday Nov 23, 2021


ന്യൂഡൽഹി
കാർഷികനിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ കർഷകർക്ക്‌ വിശ്വാസമില്ലാത്തതാണ്‌ സംയുക്ത കിസാൻ മോർച്ച പ്രക്ഷാേഭം തുടരാനുള്ള പ്രധാന കാരണമെന്ന്‌ കർഷക സംഘടനാ നേതാക്കൾ.വിഷയം മന്ത്രിസഭാ യോഗംചർച്ചചെയ്യുകയോ കർഷകനേതാക്കളെ ചർച്ചയ്‌ക്ക്‌ വിളിക്കുകയോ ചെയ്‌തിട്ടില്ല. ‘മോദിക്ക്‌ എന്തും ചെയ്യാൻ കഴിയും’ എന്ന സന്ദേശം നൽകാനാണ്‌ പ്രധാനമന്ത്രി ശ്രമിച്ചതെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ എക്‌താ (ഉഗ്രഹാൻ) അധ്യക്ഷൻ ജൊഗീന്ദർ സിങ്‌ ഉഗ്രഹാൻ വിശദീകരിച്ചു.

കാർഷികമേഖലയുടെ കോർപറേറ്റുവൽക്കരണത്തെ ന്യായീകരിക്കാനും പ്രധാനമന്ത്രി ശ്രമിച്ചു. ഇത്രയും വിപുലമായ പ്രക്ഷോഭത്തെ ചെറുവിഭാഗത്തിന്റെ പ്രതിഷേധം മാത്രമാക്കി ചുരുക്കി. കാർഷികനിയമം നടപ്പാക്കാൻ കഴിയാത്തതിന് ആഗോള കോർപറേറ്റുകളോടാണ് സത്യത്തിൽ മോദി മാപ്പ്‌ പറഞ്ഞത്‌.കാർഷികമേഖലയിൽ പരിഷ്‌കാരം മുന്നോട്ടുകൊണ്ടുപോകാൻ ബദൽമാർഗം ആരായേണ്ടതുണ്ടെന്ന്‌ കൃഷിമന്ത്രി നരേന്ദ്ര തോമർ പ്രതികരിച്ചിട്ടുമുണ്ട്.സർക്കാർ പിന്മാറ്റം താൽക്കാലികമാണ്‌.

വിളസംഭരണം സർക്കാർ എത്രത്തോളം നടത്തുമെന്ന്‌ കണ്ടറിയണം. മിനിമം താങ്ങുവില (എംഎസ്‌പി) നിയമപരമാക്കിയില്ലെങ്കിൽ പൊതുസംഭരണം അട്ടിമറിക്കപ്പെടും. കോർപറേറ്റ് താൽപ്പര്യം ബലം പ്രയോഗിച്ചും കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കർഷകർക്ക്‌ പോരാട്ടം തുടരാതെ വേറെ വഴിയില്ല. പാർലമെന്റിൽ ബിൽ പാസാക്കി മൂന്ന്‌ കാർഷികനിയമവും പിൻവലിക്കപ്പെടുന്നതുവരെയും എംഎസ്‌പിയും പൊതുവിതരണ ശൃംഖലയും ഉറപ്പാകുന്നതുവരെയും സമരം തുടരും–-ഉഗ്രഹാൻ പറഞ്ഞു.

എംഎസ്‌പി നിയമപരമാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹന്നൻ മൊള്ള പറഞ്ഞു. കർഷകരുടെ ജീവന്മരണ വിഷയമാണ് ഇത്‌, ഭാവിതലമുറകളുടെയും– അദ്ദേഹം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top