08 May Wednesday
സുപ്രീംകോടതി ഇടപെടലും മോദിയുടെ നേട്ടമാക്കി രാഷ്ട്രപതി

അയോധ്യയും മുത്തലാഖ്‌ റദ്ദാക്കലും 
മോദിയുടെ നേട്ടമെന്ന് രാഷ്ട്രപതി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


ന്യൂഡൽഹി
അയോധ്യയിലെ ക്ഷേത്രനിർമാണവും കാശി, കേദാർനാഥ്‌, മഹാകാൽ ക്ഷേത്രമേഖലകളിലെ വികസനപ്രവർത്തനങ്ങളും മോദി സർക്കാരിന്റെ നേട്ടങ്ങളായി പ്രകീർത്തിച്ച്‌ രാഷ്ട്രപതി ദ്രൗപദി മുർമു. നിയന്ത്രണ രേഖ ലംഘിച്ച്‌ നടത്തിയതായി അവകാശപ്പെടുന്ന മിന്നലാക്രമണം, ജമ്മു -കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മുത്തലാഖ്‌ ക്രിമിനൽ കുറ്റമാക്കൽ എന്നിവയും നേട്ടമാണെന്ന്‌ പാർലമെന്റ്‌ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയായശേഷം പാർലമെന്റിൽ ദ്രൗപദി മുർമുവിന്റെ ആദ്യ അഭിസംബോധനയായിരുന്നു.

അയോധ്യയിൽ അമ്പലം പണിക്കൊപ്പംതന്നെ ആധുനിക പാർലമെന്റ്‌ മന്ദിരവും നിർമിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യ വികസിത രാജ്യമാകും. ഉജ്വല പാരമ്പര്യത്തെ ചേർത്തുപിടിച്ച്‌ ആധുനികതയുടെ  നല്ല വശങ്ങൾ ഉൾച്ചേരുന്ന രാഷ്ട്രത്തെ 2047 ഓടെ കെട്ടിപ്പടുക്കും. ദാരിദ്ര്യം ഇല്ലാതാക്കും.  ഇന്ത്യയോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട്‌ മാറിയെന്നും രാഷ്ട്രപതി പറഞ്ഞു.

സുപ്രീംകോടതി ഇടപെടലും മോദിയുടെ നേട്ടമാക്കി രാഷ്ട്രപതി
സൈന്യത്തിൽ സ്‌ത്രീകൾക്ക്‌ തുല്യപരിഗണന ലഭിക്കാൻ സുപ്രീംകോടതി നടത്തിയ ഇടപെടലുകളെയും മോദി സർക്കാരിന്റെ നേട്ടമായി അവതരിപ്പിച്ച്‌ രാഷ്ട്രപതി ദ്രൗപദി മുർമു. കരസേനയിൽ സമസ്‌ത മേഖലകളിലും സ്‌ത്രീകളുടെ റിക്രൂട്ട്‌മെന്റ്‌ സർക്കാർ ഉറപ്പാക്കിയെന്ന്‌ രാഷ്ട്രപതി പാർലമെന്റിൽ പറഞ്ഞു. സൈനിക്‌ സ്‌കൂളുകളിലും മിലിട്ടറി അക്കാദമികളിലും പെൺകുട്ടികൾക്ക്‌ പഠനവും പരിശീലനവും ഉറപ്പാക്കിയെന്നും പറഞ്ഞു.

സുപ്രീംകോടതിയില്‍ നീണ്ട നിയമയുദ്ധത്തിലൂടെയാണ് വനിത ഓഫീസര്‍മാര്‍ക്ക് സൈന്യത്തിൽ തുല്യപരിഗണന ലഭിച്ചത്‌. വനിതകളുടെ ആവശ്യത്തെ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ക്കുകയാണ് ചെയ്തത്. ലിംഗവിവേചനം അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാട്‌ സുപ്രീംകോടതി സ്വീകരിച്ചതോടെ കേന്ദ്രം മുട്ടുമടക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top