26 April Friday

കോളേജ് മുതല്‍ കോടതി വരെ; 11 വര്‍ഷത്തെ പക; ഗോഗി-റ്റില്ലു ഏറ്റുമുട്ടലില്‍ മരിച്ചത് നൂറിലേറെ പേര്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

റ്റില്ലു , ഗോഗി

ന്യൂഡൽഹി > രാജ്യതലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാത്തലവൻമാരിൽ ഒരാളാണ് ഡൽഹിയിലെ രോഹിണിയിലുള്ള കോടതിയിൽ വെടിയേറ്റു മരിച്ച ജിതേന്ദർ മൻ എന്ന ഗോഗി. കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ആയുധം കൈവശംവയ്‌ക്കൽ, കാർമോഷണം, ഭൂമിത്തട്ടിപ്പ്‌ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്‌ ഡൽഹി– ഹരിയാന അതിർത്തിയിലെ ആലിപുർ സ്വദേശിയായ ഗോഗി. 2016ൽ പൊലീസ്‌ പിടിയിലായെങ്കിലും മൂന്ന്‌ മാസത്തിനുശേഷം കസ്‌റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ടു.

ജിതേന്ദറും എതിരാളി റ്റില്ലു താജ്‌പുരിയയുമായുള്ള ശത്രുതയ്‌ക്ക്‌ വർഷങ്ങൾ പഴക്കമുണ്ട്‌. 2010ൽ ഡൽഹി സർവകലാശാലാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഗോഗിയുടെ സുഹൃത്തിനെ  റ്റില്ലുവും കൂട്ടരും മർദിച്ചതോടെയാണ്‌ ഏറ്റുമുട്ടൽ തുടങ്ങിയത്‌. ഇരുസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ 100 പേരെങ്കിലും മരിച്ചതായാണ്‌ റിപ്പോർട്ട്‌. 2020ൽ ജിതേന്ദറിനെയും മൂന്ന്‌ അനുയായികളെയും ഡൽഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നിലവിൽ സോണിപത്ത്‌ ജയിലിലുള്ള റ്റില്ലുവിന്റെ ചരടുവലികളാണ്‌  വെടിവയ്‌പിൽ കലാശിച്ചത്‌.

വെടിവയ്‌പ്‌ തുടർക്കഥ

രോഹിണി ജില്ലാകോടതിയിൽ 2017 നവംബറിൽ വഞ്ചനാകേസിൽ പ്രതിയായ രാജേഷ്‌ കോടതി പരിസരത്ത്‌ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. നീരജ്‌ബവാനയുടെ ക്രിമിനൽസംഘത്തിലെ അബ്‌ദുൾഖാനാണ്‌ വെടിയുതിർത്തത്‌. ഡൽഹിയിലെ കർക്കർഡൂമ കോടതിമുറിയിൽ 2015ൽ ഉണ്ടായ വെടിവയ്‌പിൽ പൊലീസ്‌ കോൺസ്‌റ്റബിൾ ഉൾപ്പെടെ മൂന്ന്‌ പേർ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top