26 April Friday
ബംഗാൾ, ആന്ധ്ര, ഒഡിഷ‍, ജാർഖണ്ഡ്‌ 
എന്നിവിടങ്ങളില്‍ പ്രതിഷേധം

ത്രിപുരയിലെ ബിജെപി ആക്രമണം : പ്രതിഷേധവുമായി ആയിരങ്ങൾ തെരുവില്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

ഡൽഹിയിൽ 
സിപിഐ എം നടത്തിയ പ്രതിഷേധ പ്രകടനം. സുഭാഷിണി അലി, വി ശിവദാസൻ എംപി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, ഡി രാജ, സീതാറാം യെച്ചൂരി എന്നിവർ മുൻനിരയിൽ


ന്യൂഡൽഹി
ത്രിപുരയിൽ സിപിഐ എമ്മിനും ഇടതുമുന്നണിക്കും എതിരായ ആർഎസ്‌എസ്‌–- ബിജെപി ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധം. പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്‌, ജാർഖണ്ഡ്‌, ഒഡിഷ എന്നിവിടങ്ങളില്‍ ആയിരങ്ങൾ തെരുവിലിറങ്ങി. ഡൽഹിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി ധർണ നടത്തി.  ത്രിപുരയിൽ ഇപ്പോള്‍ സംഭവിക്കുന്നത് നാളെ മറ്റിടത്തും ആവര്‍ത്തിക്കാമെന്നത് മുന്നിൽക്കണ്ട്‌ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആർഎസ്‌എസ്, ബിജെപി അജൻഡ നടപ്പാക്കാൻ ജനാധിപത്യവും ഭരണഘടനയും തടസ്സമാണ്‌. ഇത്‌ രണ്ടും സംരക്ഷിക്കാൻ സിപിഐ എം മുന്നിലുണ്ട്. ഇതാണ് കടന്നാക്രമണത്തിനു കാരണം. ഓഫീസുകൾ തകർത്തും പ്രവർത്തകരെ മർദിച്ചും മനോവീര്യം ഇല്ലാതാക്കാമെന്ന് കരുതേണ്ട–-  യെച്ചൂരി പറഞ്ഞു.

ത്രിപുരയിൽ അധികാരമേറ്റശേഷം മൂന്ന്‌ വർഷം തുടര്‍ച്ചയായി ശക്തമായ ആക്രമണം നടത്തിയിട്ടും സിപിഐ എമ്മിനെയോ പാര്‍ടി നയിക്കുന്ന പ്രക്ഷോഭങ്ങളെയോ ഇല്ലാതാക്കാൻ ബിജെപിക്ക്‌ കഴിഞ്ഞിട്ടില്ലെന്ന് പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ ചൂണ്ടിക്കാട്ടി. ത്രിപുര ജനതയും പാർടിയും തമ്മിലുള്ള ആത്മബന്ധം തകർക്കാൻ കഴിയാത്തതിലെ രോഷമാണ്‌ ആക്രമണങ്ങളിൽ പ്രതിഫലിക്കുന്നത്. പിബി അംഗങ്ങളായ ബൃന്ദ കാരാട്ട്‌, സുഭാഷിണി അലി, ബി വി രാഘവുലു, നീലോൽപ്പൽ ബസു, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, ഡോ. വി ശിവദാസൻ എംപി തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top