26 April Friday
ജീവിതഭാരം വർധിപ്പിക്കുന്ന കേന്ദ്ര നടപടിക്കെതിരെ രോഷമുയരും

സെപ്‌തംബർ 24 വരെ അഖിലേന്ത്യ 
പ്രതിഷേധം ; കർഷകത്തൊഴിലാളികളും കർഷകരും ട്രേഡ്‌ യൂണിയൻ പ്രവർത്തകരും 
അണിനിരക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


ന്യൂഡൽഹി
ജീവിതഭാരം വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കുകയെന്ന മുദ്രാവാക്യവും  24 വരെയുള്ള പ്രക്ഷോഭത്തിൽ ഉയർത്തും. ഓരോ സംസ്ഥാനത്തെയും പ്രതിഷേധപരിപാടികൾ അതതു ഘടകങ്ങൾ തീരുമാനിക്കുമെന്ന്‌ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. കർഷകത്തൊഴിലാളികളും കർഷകരും ട്രേഡ്‌ യൂണിയൻ പ്രവർത്തകരും വിപുലമായി അണിനിരക്കും.

സമ്പന്നർക്ക്‌ നികുതിയിളവുകൾ നൽകുന്നതും ശിങ്കിടിമുതലാളിമാരുടെ വായ്‌പകൾ വൻതോതിൽ എഴുതിത്തള്ളുന്നതും കേന്ദ്രം അവസാനിപ്പിക്കണം. തൊഴിൽ സൃഷ്ടിക്കുന്ന വിധത്തിൽ പൊതുനിക്ഷേപം വർധിപ്പിക്കാൻ ഈ വിഭവങ്ങൾ ഉപയോഗിക്കണമെന്നും പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു. മോദി സർക്കാരിന്റെ പ്രചാരണകോലാഹലത്തിനിടയിലും രാജ്യത്തിന്റെ സമ്പദ്‌ഘടന താഴോട്ടാണ്‌. 2020, 2021, 2022 വർഷങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌ഘടനയുടെ വളർച്ച യഥാർഥത്തിൽ 0.8 ശതമാനം മാത്രമായിരുന്നെന്ന്‌ ലോകബാങ്ക്‌ കണക്ക്‌ വ്യക്തമാക്കുന്നു. പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും റിസർവ്‌ ബാങ്ക്‌ നിഷ്‌കർഷിക്കുന്ന ആറ്‌ ശതമാനമെന്ന പരിധി കടന്നു. ആഗസ്‌തിൽ ചില്ലറ വിൽപ്പന മേഖലയിലെ പണപ്പെരുപ്പം ഏഴ്‌ ശതമാനമായി. ഭക്ഷ്യവസ്‌തുക്കളുടെ പണപ്പെരുപ്പം 7.42 ശതമാനം. ഗ്രാമീണഇന്ത്യയിൽ പണപ്പെരുപ്പം 7.15 ശതമാനമായി.

വ്യവസായഉൽപ്പാദന വളർച്ചനിരക്ക്‌ ജൂണിൽ 12.7 ശതമാനമായിരുന്നത്‌ ജൂലൈയിൽ 2.4 ശതമാനമായി. ഉപഭോക്‌തൃ വസ്‌തുക്കളുടെ ഉൽപ്പാദനത്തിലെ വളർച്ച ജൂണിൽ മൂന്ന്‌ ശതമാനത്തിൽ താഴെയായി. ഇതിന്റെ ഫലമായി രാജ്യത്ത്‌ തൊഴിലില്ലായ്‌മ പെരുകുകയാണ്‌. 2021ൽ ആത്മഹത്യ ചെയ്‌തവരിൽ ഏറ്റവും കൂടുതൽ പേർ കൂലിപ്പണിക്കാരായിരുന്നെന്ന്‌ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ കണക്കുകളിൽ പറയുന്നു–-പിബി ചൂണ്ടിക്കാട്ടി.

സ്‌ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്നത്‌ ആശങ്കാജനകമാണ്‌. പ്രായപൂർത്തിയാകാത്ത ദളിത്‌ സഹോദരിമാരെ ബലാത്സംഗം ചെയ്‌ത്‌ കെട്ടിത്തൂക്കിയത്‌ ഉത്തർപ്രദേശിലെ അവസ്ഥയുടെ പ്രതിഫലനമാണെന്നും പിബി വ്യക്തമാക്കി. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം ഒക്‌ടോബർ 29 മുതൽ 31 വരെ ഡൽഹിയിൽ ചേരാനും തീരുമാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top