29 April Monday

ഇരകൾക്ക‌് താങ്ങായത‌് സിപിഐ എം: ഗോരക്ഷാ കൊലയിൽ കോൺഗ്രസിന‌് മൗനം

സാജൻ എവുജിൻUpdated: Tuesday Apr 9, 2019

ന്യൂഡൽഹി
ഗോരക്ഷയുടെപേരിൽ സംഘപരിവാർ ക്രിമിനൽ സംഘങ്ങൾ അഞ്ച‌് വർഷത്തിനിടെ  എൺപതിലേറെ നിരപരാധികളെയാണ‌് ആക്രമിച്ചത‌്. അമ്പതോളംപേർ കൊല്ലപ്പെട്ടു; മറ്റുള്ളവർ ജീവച്ഛവങ്ങളായി കഴിയുന്നു. സംഘപരിവാർ ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടിയപ്പോൾ ഒരിക്കൽപോലും ഇരകളെ സഹായിക്കാനോ ആശ്വസിപ്പിക്കാനോ  കോൺഗ്രസ‌് നേതാക്കൾ തയ്യാറായില്ല. കോൺഗ്രസിന‌് സ്വാധീനമുള്ള രാജസ്ഥാൻ, ഹരിയാന, ജാർഖണ്ഡ‌്, ഉത്തർപ്രദേശ‌്, ഗുജറാത്ത‌്, ഡൽഹി എന്നിവിടങ്ങളിലാണ‌് ഗോരക്ഷയുടെപേരിൽ വ്യാപക അക്രമം അരങ്ങേറിയത‌്. ഈ ഘട്ടങ്ങളിൽ  പ്രതിരോധവുമായി രംഗത്തിറങ്ങിയത‌് സിപിഐ എമ്മും അഖിലേന്ത്യാ കിസാൻസഭയുമായിരുന്നു. കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗങ്ങളിൽപോലും ഈ വിഷയം പരാമർശിച്ചില്ല.

ഹരിയാനയിലെ മേവാത് സ്വദേശിയായ ക്ഷീരകർഷകൻ പെഹ‌്‌ലുഖാനെ(55)  2017   ഏപ്രിൽ ഒന്നിന‌് രാജസ്ഥാനിലെ അൽവറിൽവച്ചാണ് വിഎച്ച്പി,- ആർഎസ്എസ്,  ബജ‌്‌രംഗ‌്ദൾ പ്രവർത്തകർ തല്ലിക്കൊന്നത്. ജയ‌്പുർ നഗരസഭ ചന്തയിൽനിന്ന് വളർത്തുമൃഗങ്ങളെ വാങ്ങിമടങ്ങുകയായിരുന്നു പെഹ‌്‌ലുഖാനും മക്കളും അയൽവാസിയും. ഇവർ സഞ്ചരിച്ച പെട്ടിഓട്ടോറിക്ഷകൾ തടഞ്ഞുനിർത്തിയശേഷം  വടികൾകൊണ്ട‌് അക്രമികൾ പൊതിരെ തല്ലുകയായിരുന്നു. പെഹ‌്‌ലുഖാനും കൂടെയുണ്ടായിരുന്നവരും  അടിയേറ്റു കുഴഞ്ഞുവീണു. മണിക്കൂറുകൾക്കുശേഷം സ്ഥലത്തെത്തിയ പൊലീസുകാർ പെഹ‌്‌ലുഖാന്റെ മൃതദേഹമാണ‌് ആശുപത്രിയിൽ എത്തിച്ചത‌്.

രാജസ്ഥാനിലെയും ഹരിയാനയിലെയും പ്രതിപക്ഷ പാർടിയായ കോൺഗ്രസ‌് ഈ സംഭവം കണ്ടില്ലെന്നു നടിച്ചു. നരഹത്യ നടത്തിയവരെ രക്ഷിക്കാൻ ബിജെപി സർക്കാർ ശ്രമിച്ചപ്പോഴും കോൺഗ്രസ‌് അനങ്ങിയില്ല. അതേസമയം, അഖിലേന്ത്യാ കിസാൻസഭ പ്രവർത്തകർ പെഹ‌്‌ലുഖാന്റെ കുടുംബത്തെ സഹായിക്കാൻ രംഗത്തുവന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലിയുടെ നേതൃത്വത്തിൽ എംപിമാരായ ശങ്കർപ്രസാദ് ദത്ത, ബദറുദ്ദോസ ഖാൻ എന്നിവരും പാർടി രാജസ്ഥാൻ സംസ്ഥാന സെക്രട്ടറി അമ്രാറാമും ഉൾപ്പെട്ട സംഘം അൽവാറിലെത്തി. പെഹ‌്‌ലുഖാന്റെ കുടുംബത്തിന‌് നീതി ലഭ്യമാക്കണമെന്നും ഗോസംരക്ഷണമെന്നപേരിൽ നടക്കുന്ന നിയമലംഘനങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് സിപിഐ എം നേതൃസംഘം അൽവാർ റവന്യു–-പൊലീസ് അധികാരികളുമായി കൂടിക്കാഴ്ച നടത്തി.

പെഹ‌്‌ലുഖാന്റെ കുടുംബത്തിനും പരിക്കേറ്റ മറ്റുള്ളവർക്കുമായി 15 ലക്ഷം രൂപ കിസാൻസഭ സമാഹരിച്ചുനൽകി.
പശുക്കളെ കടത്തിയെന്ന കള്ളക്കേസ‌് പെഹ‌്‌ലുഖാന്റെ മക്കൾക്കെതിരെ പൊലീസ‌് ചുമത്തിയിരുന്നു. ജയ‌്പുർ നഗരസഭയുടെ അംഗീകാരമുള്ള ചന്തയിൽനിന്ന‌് പശുക്കളെ വാങ്ങിയതിന്റെ രസീത‌് കാണിച്ചിട്ടും പൊലീസ‌്  കേസെടുക്കുകയായിരുന്നു.  ഇതിനെതിരായ നിയമയുദ്ധത്തിനും സഹായം നൽകുന്നത‌് സിപിഐ എമ്മും കിസാൻസഭയുമാണ‌്. പെഹ‌്‌ലുഖാന്റെ  കുടുംബത്തിന‌് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ് അമ്രാറാം ജന്തർമന്ദറിൽ 24 മണിക്കൂർ സത്യഗ്രഹവും നടത്തി. മറ്റ‌് പല മതനിരപേക്ഷ പാർടികളുടെ നേതാക്കളും സത്യഗ്രഹത്തിന‌്  ഐക്യദാർഢ്യം പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ‌് ഉൾവലിഞ്ഞുനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top