26 April Friday

വിമാനയാത്രക്കാരുടെ ക്വാറന്റൈൻ: വ്യക്തതയില്ലാതെ കേന്ദ്രം

എം പ്രശാന്ത‌്Updated: Sunday May 24, 2020

ന്യൂഡൽഹി
ആഭ്യന്തര വിമാനസർവീസുകൾ തിങ്കളാഴ്‌ച തുടങ്ങാനിരിക്കെ യാത്രക്കാരുടെ ക്വാ‌റന്റൈൻ വിഷയത്തിൽ അവ്യക്തത തുടരുന്നു. ആഭ്യന്തര യാത്രക്കാരാരുംതന്നെ ക്വാറന്റൈനിൽ പോകേണ്ടെന്ന നിലപാടിനെതിരെ കേരളം അടക്കം നിരവധി സംസ്ഥാനങ്ങൾ എതിർപ്പുയർത്തിയിരുന്നു. തുടർന്ന്‌, ആരോഗ്യസേതു ആപ്പുകാർക്ക്‌ ക്വാറന്റൈൻ വേണ്ടെന്ന്‌ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിങ്‌ പുര നിലപാട്‌ തിരുത്തി.

വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ്‌ ആഭ്യന്തര വിമാനസർവീസുകൾക്ക്‌ കേന്ദ്രം അനുമതി നൽകിയതെന്ന്‌ വിമർശനമുണ്ട്‌‌. സർവീസ്‌ ഉടൻ തുടങ്ങുന്നതിനെ‌ തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ എതിർത്തു. വിമാനകമ്പനികളുടെ സമർദമുള്ളതിനാൽ സംസ്ഥാനങ്ങളുടെ എതിർപ്പ്‌ കേന്ദ്രം തള്ളി. എതിർപ്പ്‌ രേഖാമൂലം അറിയിക്കാൻ ഈ സംസ്ഥാനങ്ങളോട്‌ ആവശ്യപ്പെട്ടതായും എന്നാൽ രേഖാമൂലം യാതൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

ക്വാറന്റൈൻ നിർബന്ധമാണെന്ന നിലപാടിലാണ്‌ കർണാടക. കോവിഡ്‌ സ്ഥിതി രൂക്ഷമായ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക്‌ ഏഴുദിവസത്തെ ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റൈനും തുടർന്ന്‌ ഏഴുദിവസത്തെ ഹോം ക്വാറന്റൈനുമാണ്‌ കർണാടക നിർദേശിക്കുന്നത്‌. അസം ഉൾപ്പെടെ മറ്റുചില സംസ്ഥാനങ്ങളും ഇതേ നിലപാടിലാണ്‌.
ആരോഗ്യസേതു ആപ് ഇല്ലാത്തവർക്കും യാത്രചെയ്യാനാകുമെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു. ആപ് ഡൗൺലോഡ്‌ ചെയ്യാനുള്ള സൗകര്യം വിമാനത്താവളങ്ങളിലുണ്ടാകും. മറ്റെന്തെങ്കിലും കാരണങ്ങളാൽ ആപ്പില്ലാതെ വന്നാൽ പ്രത്യേക ഫോമിൽ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാലും മതി.

യാത്രയ്‌ക്ക്‌ ഒന്നോ രണ്ടോ ദിവസംമുമ്പ്‌ കോവിഡ്‌ പരിശോധന നടത്തി നെഗറ്റീവാണെന്ന്‌ കണ്ടാൽ അത്‌ സമർപ്പിച്ച്‌ ഫോമിൽ സ്വയംസാക്ഷ്യപ്പെടുത്തിയുള്ള യാത്രയുമാകാം. പരിശോധനയിൽ കോവിഡ്‌ നെഗറ്റീവായ ആളുകൾക്കും ക്വാറന്റൈനിൽ പോകേണ്ട ആവശ്യമില്ല–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top