26 April Friday

5 ദിവസം, കാൽലക്ഷം രോഗികൾ : രാജ്യം കടുത്ത ആശങ്കയിൽ

സ്വന്തം ലേഖകൻUpdated: Sunday May 24, 2020

ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ അഞ്ചുദിവസം കൊണ്ട്‌ കാൽ ലക്ഷത്തിലേറെ   വർധന. മെയ്‌ 18 മുതൽ 22 വരെയുള്ള അഞ്ചുദിവസത്തിൽ 27520 പേർക്ക്‌ പുതുതായി രോഗബാധയുണ്ടായി. പുതിയ രോഗികളുടെ എണ്ണത്തിൽ ലോകത്ത്‌ നാലാം സ്ഥാനത്താണ്‌ ഇന്ത്യയെന്നാണ്‌‌ ലോകാരോഗ്യസംഘടനയുടെ  (ഡബ്ല്യുഎച്ച്‌ഒ) സ്ഥിതിവിവരക്കണക്കുകൾ. അടച്ചുപൂട്ടൽ അല്ലാതെ രോഗപ്രതിരോധത്തിന്‌ ക്രിയാത്മക ഇടപെടൽ ഒന്നും നടത്താത്ത കേന്ദ്രസർക്കാരിന്റെ അലംഭാവമാണ്‌ സാഹചര്യങ്ങൾ വഷളാക്കുന്നത്‌. 

മെയ്‌ ഏഴുമുതൽ രാജ്യത്ത്‌ ഓരോ ദിവസവും 3,000ത്തിൽ കൂടുതൽ പുതിയ രോഗബാധിതരുണ്ട്‌‌. മെയ്‌ 11ന്‌ 4,213 പുതിയ രോഗികളെ കണ്ടെത്തി. 18ന്‌ 5,242, 19ന്‌ 4970, 20ന്‌ 5,611 , 21ന്‌ 5,609, 22ന്‌ 6,088   എന്നിങ്ങനെ ഓരോ ദിവസവും പുതിയ രോഗികളുടെ എണ്ണം കുതിച്ചുയർന്നു.
കഴിഞ്ഞ മൂന്ന്‌ ദിവസം രാജ്യത്തെ പുതിയ രോഗികളുടെ ശരാശരി 6,000 ആണ്‌. ഈ ദിവസങ്ങളിൽ അമേരിക്ക, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞാൽ കൂടുതൽ പുതിയ ‌ രോഗബാധിതരുള്ളത്‌ ഇന്ത്യയിലാണ്‌.

രോഗികളുടെ നിരക്ക്‌ അഞ്ച്‌ ശതമാനത്തിലും കൂടുതലായ മേഖലകളിൽ ഒരുകാരണവശാലും നിയന്ത്രണങ്ങൾ നീക്കരുതെന്നാണ്‌ ഡബ്ല്യുഎച്ച്‌ഒ മാർഗനിർദേശം. ഇത്‌ പാലിച്ചാൽ മഹാരാഷ്ട്ര, ഗുജറാത്ത്‌, ഡൽഹി, തെലങ്കാന, തമിഴ്‌നാട്‌, ബിഹാർ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢും‌ അടച്ചുപൂട്ടേണ്ടിവരും. മഹാരാഷ്ട്ര  (18ശതമാനം), ഗുജറാത്ത്‌  (9 ശതമാനം), ഡൽഹി (7 ശതമാനം), തെലങ്കാന (7 ശതമാനം), ചണ്ഡീഗഢ്‌ (6 ശതമാനം), തമിഴ്‌നാട്‌ (5 ശതമാനം), ബിഹാർ (5 ശതമാനം) എന്നിങ്ങനെയാണ്‌ രോഗികളുടെ നിരക്ക്‌. 


പാളിയ തന്ത്രങ്ങൾ


മാർച്ച്‌ 24ന്‌ രാജ്യവ്യാപക അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതും നാല്‌ ഘട്ടത്തിലായി അത്‌ ഈ മാസം 31 വരെ നീട്ടുകയും ചെയ്‌തത്‌ മാത്രമാണ്‌ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഇതുവരെ ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ ഇടപെടൽ.

തക്കസമയത്ത്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതുകൊണ്ട്‌ 37,000 മുതൽ 78,000 ജീവൻവരെ രക്ഷിച്ചെന്നാണ്‌ സർക്കാരിന്റെ അവകാശവാദം.
എന്നാൽ, അടച്ചുപൂട്ടലിൽ ഇളവുകൾ പ്രഖ്യാപിച്ചതിനുപിന്നാലെ രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വൻവർധന സാഹചര്യങ്ങൾ കൂടുതൽ വഷളാകുന്നതിന്റെ തെളിവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top