08 May Wednesday

പുതുച്ചേരി സർക്കാർ 22ന്‌ 
വിശ്വാസം തെളിയിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


പുതുച്ചേരി
രാഷ്‌ട്രീയ അനിശ്ചിതത്വത്തിനിടെ പുതുച്ചേരിയിലെ കോൺഗ്രസ്‌ സർക്കാർ തിങ്കളാഴ്‌ച സഭയിൽ വിശ്വാസം തെളിയിക്കണമെന്ന്‌ ലെഫ്‌. ഗവർണർ ഡോ. തമിഴിശൈ സൗന്ദർരാജൻ നിർദേശിച്ചു. ലെഫ്‌. ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റ്‌ മണിക്കൂറുകൾക്കകമാണ്‌ തെലങ്കാന ഗവർണർകൂടിയായ തമിഴിശൈയുടെ നിർദേശം.

കോൺഗ്രസ്‌ മന്ത്രിമാരടക്കം നാല്‌ എംഎൽഎമാർ രാജിവച്ച്‌ ബിജെപിയിൽ ചേരുകയും ഒരാൾ അയോഗ്യനാകുകയും ചെയ്‌തതോടെയാണ്‌ പുതുച്ചേരിയിൽ ഭരണപ്രതിസന്ധി രൂപപ്പെട്ടത്‌. സർക്കാർ ഭൂരിപക്ഷം തെളിയിക്കണം എന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നൽകിയ കത്ത്‌ പരിഗണിച്ചാണ് ലെഫ്‌. ഗവർണറുടെ‌ നടപടി. സർക്കാരിന്റെ വിശ്വാസം തെളിയിക്കുകയെന്ന ഏക അജൻഡയിൽ സഭാ സമ്മേളനം ചേരുകയും കൈ ഉയർത്തി വോട്ടെടുപ്പ്‌ നടത്തുകയും വേണം. അഞ്ചുമണിക്ക്‌ സമ്മേളനം അവസാനിപ്പിക്കണം. നടപടികൾ പൂർണമായി വീഡിയോയിലാക്കണം. സഭാ സമ്മേളനം സമാധാന പരമായി പൂർത്തിയാക്കാൻ നിയമസഭാ സെക്രട്ടറിക്കും പുറത്ത്‌ എല്ലാ എംഎൽഎമാർക്കും സുരക്ഷ ഒരുക്കാൻ ചീഫ്‌ സെക്രട്ടറിക്കും ഡിജിപിക്കും ലെഫ്‌. ഗവർണർ നിർദേശം നൽകി.

സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന്‌‌ പ്രതിപക്ഷ നേതാവും എൻആർ കോൺഗ്രസ്‌ നേതാവുമായ എൻ രംഗസ്വാമി, എ അമ്പഴകൻ (എഐഎഡിഎംകെ), വി സ്വാമിനാഥൻ (ബിജെപി, നോമിനേറ്റഡ്‌) എന്നിവർ സന്ദർശിച്ച്‌ ആവർത്തിച്ച്‌ ആവശ്യപ്പെട്ടെന്ന്‌‌ ലെഫ്‌. ഗവർണറുടെ ഓഫീസ്‌ വാർത്താകുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രിയും ലെഫ്‌. ഗവർണറും കൂടിക്കാഴ്‌ച നടത്തി. മേയിൽ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ പുതുച്ചേരിയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം‌ ബിജെപി തീവ്രമാക്കിയത്‌. ഇതിനായി  ധൃതിപിടിച്ചാണ്‌ കിരൺ ബേദിയെ മാറ്റി തമിഴ്‌നാട്‌ ബിജെപി സംസ്ഥാന അധ്യക്ഷയായിരുന്ന തമിഴിശൈയെ ലെഫ്‌. ഗവർണറായി കൊണ്ടുവന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top