26 April Friday
രാഹുലിന്‌ പുറമെ 
പ്രിയങ്കയ്‌ക്കും
 മൽസരിക്കാൻ വെള്ളം ചേർക്കൽ

ഉത്തേജന പാക്കേജും വേലിതിന്നു ; ‘ഒരു കുടുംബത്തിന്‌ ഒരു സീറ്റ്‌’ നിർദേശം അട്ടിമറിച്ചു

എം പ്രശാന്ത്‌Updated: Friday May 13, 2022


ഉദയ്‌പ്പുർ
കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ കൊട്ടിഘോഷിച്ച്‌ നടത്തുന്ന ചിന്തൻ ശിബിരം തുടങ്ങുംമുമ്പ്‌ പ്രധാന തീരുമാനം അട്ടിമറിക്കപ്പെട്ടു. ‘കടുത്ത’ ഉപാധികളിൽ ഏറ്റവും പ്രധാനപ്പെട്ടതായി അവതരിപ്പിച്ച ഒരു കുടുംബത്തിന്‌ ഒരു സീറ്റ്‌ നിർദേശമാണ്‌ നേതൃത്വംതന്നെ നിഷ്‌കരുണം തള്ളിയത്‌. വെള്ളിയാഴ്‌ച ചിന്തൻ ശിബിരം തുടങ്ങും മുമ്പുള്ള വാർത്താസമ്മേളനത്തിലാണ്‌ ജനറൽ സെക്രട്ടറി അജയ്‌ മാക്കൻ ഈ നിർദേശത്തിൽ ഭേദഗതി വരുത്തിയതായി അറിയിച്ചത്‌.

അഞ്ച്‌ വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക്‌ ഒരു കുടുംബത്തിന്‌ ഒരു സീറ്റ്‌ നിർദേശം ബാധകമല്ലെന്നും അറിയിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്‌ പുറമെ പ്രിയങ്കയ്‌ക്കുംകൂടി മൽസരിക്കാനാണ്‌ തീരുമാനത്തിലെ ഈ വെള്ളം ചേർക്കൽ. അങ്ങനെ, വേലിതന്നെ വിളവ്‌ തിന്നുന്ന അവസ്ഥയിലായി കോൺഗ്രസിലെ ഉത്തേജന പാക്കേജ്‌. മുകുൾ വാസ്‌നിക്ക്‌ സമിതിയാണ്‌ ‘ഒരു കുടുംബത്തിൽ ഒരാൾക്കുമാത്രം സീറ്റ്‌’ എന്ന നിർദേശം മുന്നോട്ടുവച്ചത്‌. ഒരാൾക്ക്‌ ഒരു പദവി, അഞ്ച്‌ വർഷം ഭാരവാഹിത്വം വഹിച്ചവർ മൂന്നു വർഷം സ്ഥാനങ്ങളൊന്നുമില്ലാതെ മാറിനിൽക്കുക തുടങ്ങിയ നിർദേശവും അവതരിപ്പിച്ചിരുന്നു.

സ്വകാര്യവൽക്കരണത്തെ തള്ളി സോണിയ
കോൺഗ്രസ്‌ സർക്കാർ 1991ൽ രാജ്യത്ത്‌ അടിച്ചേൽപ്പിച്ച സ്വകാര്യവൽക്കരണ നയത്തെ ചിന്തൻ ശിബിരത്തിൽ തള്ളിപ്പറഞ്ഞ്‌ അധ്യക്ഷ സോണിയ ഗാന്ധി. മോദി സർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തെ ആമുഖ പ്രസംഗത്തിൽത്തന്നെ സോണിയ നിശിതമായി വിമർശിച്ചു. സാമൂഹ്യ–- സാമ്പത്തിക ലക്ഷ്യങ്ങളോടെ മുൻകാല കോൺഗ്രസ്‌ സർക്കാരുകൾ ശ്രദ്ധാപൂർവം കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെ മോദി സർക്കാർ പ്രതികാരബുദ്ധിയോടെ സ്വകാര്യവൽക്കരിക്കുകയാണ്‌.

സർക്കാരിനു താൽപ്പര്യമുള്ള ചിലർക്കായാണ്‌ വിറ്റഴിക്കൽ. ഇത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. മാത്രമല്ല, എസ്‌സി–- എസ്‌ടി വിഭാഗക്കാർക്ക്‌ തൊഴിൽ ലഭിക്കുന്നതിനുള്ള മാർഗംകൂടിയാണ്‌ ഇല്ലാതാക്കുന്നതെന്നും- സോണിയ പറഞ്ഞു. 1991ലെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങാണ്‌ സ്വകാര്യവൽക്കരണം അടക്കമുള്ള കോർപറേറ്റ്‌ സാമ്പത്തിക പരിഷ്‌കാരത്തിന്‌ തുടക്കമിട്ടത്‌.

പിന്നീടുവന്ന എൻഡിഎ സർക്കാരും യുപിഎ സർക്കാരും പൊതുമേഖല വിറ്റഴിക്കലടക്കമുള്ള നടപടി നിർബാധം തുടർന്നു. ഒന്നാം യുപിഎയെ ഇടതുപക്ഷം പിന്തുണച്ച ഘട്ടത്തിൽ മാത്രമാണ്‌ ഇത്‌ സാധ്യമാകാതിരുന്നത്‌. എന്നാൽ, കോൺഗ്രസ്‌ തുടങ്ങിവച്ച നയത്തിനു വിരുദ്ധമായ നിലപാടാണ്‌ സോണിയ ചിന്തൻ ശിബിരത്തിൽ സ്വീകരിച്ചത്‌. കറൻസി പിൻവലിക്കലടക്കം മോദിയുടെ മറ്റു സാമ്പത്തിക നടപടികളെയും സോണിയ വിമർശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top