26 April Friday
അന്തരിച്ച അഹമ്മദ്‌ പട്ടേലിന്റെ സീറ്റും കോൺഗ്രസിന്‌ നഷ്‌ടപ്പെട്ടു

ഗുജറാത്തിൽ രാജ്യസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസില്ല; ബിജെപി നേതാക്കള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

ന്യൂഡൽഹി > ഗുജറാത്തിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ എതിരെ സ്ഥാനാർഥിയെ നിർത്താൻപോലും ശേഷിയില്ലാതെ ദയനീയസ്ഥിതിയില്‍ കോൺഗ്രസ്‌. രണ്ട്‌ രാജ്യസഭാസീറ്റിലേക്ക് പത്രിക നല്‍കാനുള്ള അവസാന ദിവസം കഴിഞ്ഞിട്ടും കോൺഗ്രസ് സ്ഥാനാര്‍ഥികളില്ല. ഇതോടെ ബിജെപിയുടെ ദിനേശ് ‌പ്രജാപതിയും റാംഭായ്‌ മൊകരിയയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഗുജറാത്തിൽ ആകെ 11 രാജ്യസഭാസീറ്റുണ്ട്. ഇതില്‍ എട്ടും ബിജെപിക്കായി. മുതിർന്ന കോൺഗ്രസ്‌  നേതാവായിരുന്ന അഹമ്മദ്‌പട്ടേലും ബിജെപി എംപി അഭയ്‌ ഗണപത്‌റായ്‌ ഭരദ്വാജും മരിച്ച ഒഴിവിലാണ് ഉപതെര‍ഞ്ഞെടുപ്പ്. എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ചേക്കേറിയതാണ്‌ ഗുജറാത്തിൽ കോൺഗ്രസിന്റെ നില പരമദയനീയമാക്കിയത്. സ്ഥാനാർഥിയെ നിർത്തിയിട്ട്‌  കാര്യമില്ലായെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ പ്രതികരണം. 

182 അംഗസഭയിൽ കോൺഗ്രസിന്‌ 65ഉം ബിജെപിക്ക്‌ 111ഉം അം​ഗങ്ങളുണ്ട്.  2020ല്‍ രാജ്യസഭാതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ എട്ട്‌ കോൺഗ്രസ്‌  എംഎൽഎമാർ രാജിവച്ച് ബിജെപിയിലെത്തി. ഇവരില്‍ ആറുപേര്‍ക്ക് ബിജെപി ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നല്‍കി. കോണ്‍​ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ച് ഇവര്‍ വീണ്ടും എംഎൽഎമാരായി. കോണ്‍​ഗ്രസ് വിടാന്‍ ബിജെപി 10 കോടി വാഗ്‌ദാനം ചെയ്‌തെന്ന് മുൻ എംഎൽഎ സോമാഭായ്‌ പട്ടേൽ വെളിപ്പെടുത്തുന്ന ഒളിക്യാമറാദൃശ്യം പുറത്തുവന്നിരുന്നു.

എംഎൽഎമാർ കൂട്ടത്തോടെ മറുകണ്ടം ചാടിയെങ്കിലും ബാക്കിയുള്ളവരെ റിസോർട്ടിലേക്ക്‌ മാറ്റി അഹമ്മദ്‌പട്ടേലിനെ‌ രാജ്യസഭയിലേക്ക്‌ എത്തിച്ച്‌ അന്ന് കോണ്‍​ഗ്രസ് മുഖംരക്ഷിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ വേർപാടിനെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ശേഷിയില്ലാതെ ആ സീറ്റും ബിജെപിക്ക്‌ അടിയറവച്ച്‌ കോണ്‍​ഗ്രസ് അപ്രസക്തമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top