26 April Friday
നവംബറിൽ കേന്ദ്രം മടക്കിയത്‌ 20 ശുപാർശ

ജഡ്‌ജി നിയമനത്തില്‍ കേന്ദ്ര അലംഭാവം : കടുപ്പിച്ച് സുപ്രീംകോടതി

എം പ്രശാന്ത്‌Updated: Friday Jan 13, 2023


ന്യൂഡൽഹി
ജഡ്‌ജി നിയമന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ മെല്ലപ്പോക്കിനെതിരെ ശക്തമായ നീക്കമാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചാല്‍ അം​ഗീകരിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന ഓര്‍മപ്പെടുത്തല്‍ ഇതിന്റെ ഭാ​ഗം. ഇക്കാര്യത്തില്‍ മുന്‍കാല വിധികള്‍ ഉദ്ധരിച്ച് കൊളീജിയം നിയമമന്ത്രാലയത്തിന്‌ കൈമാറിയ കുറിപ്പ്‌ കേന്ദ്ര സർക്കാരിനുള്ള കനത്ത പ്രഹരം.

കഴിഞ്ഞ ദിവസം ജഡ്‌ജി നിയമന കേസ്‌ പരിഗണിക്കുമ്പോൾ കൊളീജിയം ശുപാർശകൾ അംഗീകരിക്കുന്നതിലെ മുൻ ഉത്തരവുകളും കീഴ്‌വഴക്കവും  സുപ്രീംകോടതി കേന്ദ്രത്തെ ഓർമപ്പെടുത്തി. ശുപാർശകളെല്ലാം അതിവേഗത്തിൽ തീർപ്പാക്കിവരികയാണെന്നും അടുത്ത ദിവസംതന്നെ 44 ശുപാർശ അംഗീകരിച്ച്‌ അയക്കുമെന്നുമാണ്‌ അറ്റോർണി ജനറൽ ആർ വെങ്കടരമണി കോടതിക്ക്‌ നൽകിയ ഉറപ്പ്‌. എന്നാൽ, ഇതിനുശേഷവും കേന്ദ്രം അലംഭാവം തുടരുന്നതാണ്‌ കടുത്ത ഭാഷയിൽ കുറിപ്പ്‌ കൈമാറാൻ കൊളീജിയത്തെ പ്രേരിപ്പിച്ചത്‌.

ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർ ജുഡീഷ്യറിക്കെതിരായി നടത്തുന്ന പരാമർശവും കടുത്ത നിലപാട്‌ സ്വീകരിക്കാൻ  പ്രേരകമായി. ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമം സുപ്രീംകോടതി റദ്ദാക്കിയതിനെ രാജ്യസഭയിൽ പലവട്ടം ധൻഖർ വിമർശിച്ചു.  പാർലമെന്റിന്റെ അധികാരത്തിൽ കൈകടത്താൻ ജുഡീഷ്യറിക്കോ എക്‌സിക്യൂട്ടീവിനോ അധികാരമില്ലെന്ന് കഴിഞ്ഞദിവസം ജയ്പൂരില്‍ ധൻഖർ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക്‌ വിരുദ്ധമായ നിയമങ്ങൾ നിയമനിർമാണ സഭകൾ കൊണ്ടുവന്നാൽ ജുഡീഷ്യൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കാൻ കോടതിക്ക്‌ അധികാരം നൽകുന്ന 1973ലെ കേശവാനന്ദഭാരതി കേസിലെ സുപ്രീംകോടതി വിധിയെയാണ്‌ ധൻഖർ പരോക്ഷമായി വിമർശിച്ചത്‌.

മോദി സർക്കാർ കൊണ്ടുവന്ന ജുഡീഷ്യൽ നിയമന കമീഷൻ നിയമം സുപ്രീംകോടതി റദ്ദാക്കിയതും കൊളീജിയം സംവിധാനംതന്നെ തുടരാൻ വഴിയൊരുക്കിയതും കേശവാനന്ദഭാരതി കേസിലൂടെ കോടതിക്ക്‌ ലഭിച്ച ജുഡീഷ്യൽ പരിശോധനയ്‌ക്കുള്ള അധികാരത്തിലൂടെയാണ്‌. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളിൽ ഒന്നാണെന്ന നിയമവ്യാഖ്യാനത്തോടെയാണ്‌ കോടതി ജുഡീഷ്യൽ നിയമന കമീഷൻ നിയമം റദ്ദാക്കിയത്‌.

കേന്ദ്രത്തിന്‌ 
വീണ്ടും താക്കീത്
ജ‍ഡ്ജി നിയമനത്തിനുള്ള കൊളീജിയം ശുപാർശ അംഗീകരിക്കാൻ മടിക്കുന്ന കേന്ദ്ര സർക്കാരിന്‌ വീണ്ടും  സുപ്രീംകോടതിയുടെ താക്കീത്‌. ശുപാർശ കൊളീജിയം ആവർത്തിച്ചാൽ നിയമനം അംഗീകരിച്ച്‌ വിജ്ഞാപനമിറക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണെന്ന്‌ സുപ്രീംകോടതി ആവർത്തിച്ചുവ്യക്തമാക്കി. 

കർണാടക ഹൈക്കോടതി ജഡ്‌ജിയായി നാഗേന്ദ്ര രാമചന്ദ നായിക്കിന്റെ പേര്‌ നാലാമതും ശുപാർശ ചെയ്ത് നിയമമന്ത്രാലയത്തിന്‌ അയച്ച പ്രത്യേക കുറിപ്പിലാണ്‌ കടുത്ത വാക്കുകൾ. ജഡ്ജി നിയമനത്തിലെ നിയമവും കീഴ്‌വഴക്കവും ഓർമിപ്പിക്കുന്ന പ്രത്യേക കുറിപ്പും ചീഫ്‌ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ എസ്‌ കെ കൗൾ, കെ എം ജോസഫ്‌, എം ആർ ഷാ, അജയ്‌ രസ്‌തോഗി, സഞ്‌ജയ്‌ ഖന്ന എന്നിവരുൾപ്പെട്ട കൊളീജിയം കൈമാറി. 

നായിക്കിന്റെ പേര്‌ 2019 ഒക്‌ ടോബറിലാണ്‌ ആദ്യം ശുപാർശ ചെയ്‌തത്‌. 2021 മാർച്ചിലും സെപ്‌തംബറിലും ശുപാർശ ആവർത്തിച്ചു. ഒടുവില്‍ കേന്ദ്രം വിയോജിപ്പ് ഉന്നയിച്ച് ശുപാർശ മടക്കി. ഈ പശ്ചാത്തലത്തിലാണ് നിയമവശങ്ങൾ ഓർമിപ്പിച്ച് കൊളീജിയം കുറിപ്പ്‌ നല്‍കിയത്. ആവർത്തിക്കുന്ന ശുപാർശകൾപോലും തിരിച്ചയക്കുന്ന കേന്ദ്ര നടപടി നിലവിലെ നിയമത്തിന്റെ ലംഘനമാണെന്ന്‌ കുറിപ്പിലുണ്ട്‌. കൊളീജിയം ശുപാർശ ഏകകണ്‌ഠമായി ആവർത്തിച്ചാൽ അത്‌ അംഗീകരിച്ച്‌ നിയമന ഉത്തരവ്‌ പുറപ്പെടുവിക്കണം.  കേന്ദ്രത്തിന്‌ വിയോജിപ്പുണ്ടെങ്കിൽ 18 ആഴ്‌ചയ്‌ക്കുള്ളിൽ അറിയിക്കണം. വിയോജിപ്പുകൾ പരിശോധിച്ചശേഷം കൊളീജിയം വീണ്ടും ശുപാർശ ആവർത്തിച്ചാൽ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലാഴ്‌ചയ്‌ക്കുള്ളിൽ നിയമനം നടത്തണമെന്നാണ്‌ നിയമമെന്നും കൊളീജിയം കേന്ദ്രത്തെ ഓർമിപ്പിച്ചു.

നവംബറിൽ കേന്ദ്രം മടക്കിയത്‌ 20 ശുപാർശ
കർണാടക ഹൈക്കോടതിയിലേക്ക്‌ നാഗേന്ദ്ര രാമചന്ദ്ര നായിക്കിന്റെ പേര്‌ ആവർത്തിച്ചതിനൊപ്പം മറ്റ്‌ അഞ്ച്‌ ഹൈക്കോടതികളിലേക്കായി എട്ടുപേരുകൾ കൂടി സുപ്രീംകോടതി കൊളീജിയം നിയമ മന്ത്രാലയത്തിന്‌ കൈമാറി. മണിപ്പുർ ഹൈക്കോടതി, ആന്ധ്രപ്രദേശ്‌ ഹൈക്കോടതി, ഗുവാഹത്തി ഹൈക്കോടതി, ബോംബെ ഹൈക്കോടതി, കർണാടക ഹൈക്കോടതി എന്നിവയിലേക്കാണ്‌ എട്ടുപേരുകൾ കൈമാറിയത്‌.  കഴിഞ്ഞ നവംബറിൽ കൊളീജിയത്തിന്റെ 20 ശുപാർശകൾ കേന്ദ്രം മടക്കി. ഇതിൽ എട്ടെണ്ണം കൊളീജിയം ആവർത്തിച്ച്‌ ശുപാർശ ചെയ്‌ത പേരുകളാണ്‌.
  കേരള ഹൈക്കോടതിയിലേക്ക്‌ ശുപാർശ ചെയ്യപ്പെട്ട രണ്ട്‌ പേരുകളും കേന്ദ്രം അംഗീകരിച്ചിട്ടില്ല. അഭിഭാഷകരായ അരവിന്ദ്‌ കുമാർ ബാബു, കെ എ സഞ്‌ജിത എന്നിവരുടെ പേരുകളാണ്‌ അംഗീകരിക്കാത്തത്‌. 2021 സെപ്‌തംബറിലാണ്‌ ഇരുവരുടെയും പേരുകൾ കൊളീജിയം ആദ്യം ശുപാർശ ചെയ്‌തത്‌.  കേന്ദ്രം അംഗീകരിക്കാതെ മടക്കി അയച്ചു. 2021 നവംബറിൽ കൊളീജിയം ഇതേ പേരുകൾ ആവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top