27 April Saturday
രാമക്ഷേത്ര നിർമാണത്തിന്‌ ഫണ്ട്‌ ശേഖരിക്കാൻ എന്ന പേരിലുള്ള റാലികള്‍ പ്രകോപനമുണ്ടാക്കി

മധ്യപ്രദേശിൽ വ്യാപക വർഗീയസംഘർഷം ; ന്യൂനപക്ഷവിഭാഗക്കാരുടെ 80 വീട്‌ ഇടിച്ചുനിരപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021



ന്യൂഡൽഹി
ഹിന്ദുത്വ സംഘടനകളുടെ പ്രകോപനപരമായ റാലികളെ തുടർന്ന്‌ മധ്യപ്രദേശിലെ ഉജ്ജയിൻ, ഇൻഡോർ, മന്ദ്‌സോർ, ധർ ജില്ലകളിൽ വ്യാപകമായ വർഗീയ സംഘർഷം. ന്യൂനപക്ഷവിഭാഗക്കാരുടെ വീടുകളും വാഹനങ്ങളും തകർത്തു. സ്‌ത്രീകളടക്കമുള്ളവർ  പലായനം ചെയ്‌തു. രാമക്ഷേത്ര നിർമാണത്തിന്‌ ഫണ്ട്‌ ശേഖരിക്കാനെന്ന പേരില്‍ നടത്തുന്ന റാലികളിലെ പ്രകോപനമാണ്‌ അക്രമകാരണം.

ഡിസംബർ 25ന്‌ യുവമോർച്ച പ്രവർത്തകരുടെ ഉജ്ജയിനിലെ ബെഗുംബാഗിലെ പ്രകടനം കലാപത്തിലെത്തി. പിന്നാലെ‌ ന്യൂനപക്ഷവിഭാഗത്തിൽപെട്ടവരെ ദേശസുരക്ഷ നിയമപ്രകാരം അറസ്‌റ്റുചെയ്യുന്നു‌. യുവമോർച്ച പ്രവർത്തകരെ പിടികൂടിയിട്ടില്ല. 28ന്‌ ഇൻഡോറിലെ ഗൗതംപുരയിൽ ഹിന്ദുത്വസംഘടനകൾ  ന്യൂനപക്ഷ മേഖലയിൽ ‘ജയ്‌ശ്രീറാം’ വിളികളുമായി റാലി നടത്തി, പള്ളിക്ക്‌ മുന്നിൽ മുദ്രാവാക്യം വിളിച്ചു. പിന്നാലെ സംഘർഷവും കല്ലേറും വ്യാപകമായ ആക്രമണങ്ങളുണ്ടാക്കി. വീടുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. പിറ്റേദിവസം, റോഡിനു വീതി കൂട്ടാനെന്ന പേരിൽ അധികൃതർ ന്യൂനപക്ഷവിഭാഗക്കാരുടെ 80 വീട്‌ ഇടിച്ചുനിരപ്പാക്കി. 30 പേരെ അറസ്‌റ്റുചെയ്‌തു. ഇതിൽ 27 പേരും സ്ഥലവാസികളാണ്‌.

അയ്യായിരത്തോളം വിഎച്ച്‌പി പ്രവർത്തകർ 29ന്‌ മന്ദ്‌സോറിലെ ദൊരാനയിൽ നടത്തിയ റാലി മണിക്കൂറുകൾ നീണ്ട കലാപത്തിനിടയാക്കി. വസ്‌തുവകകൾ കൊള്ളയടിച്ചു. സ്ഥലവാസികളിൽ പലരും ഭയന്ന്‌ പലായനം ചെയ്‌തു. റാലി സമാധാനപരമായിരുന്നെന്നും സാമൂഹ്യവിരുദ്ധരാണ്‌ കുഴപ്പമുണ്ടാക്കിയതെന്നും വിഎച്ച്‌പി നേതാക്കൾ പറയുന്നു. അനുമതി വാങ്ങാതെയാണ്‌ റാലി നടത്തിയതെന്ന്‌ ജില്ലാ മജിസ്‌ട്രേറ്റ്‌ പ്രതികരിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ നടത്തിയ കലാപങ്ങളുടെ മാതൃകയിലാണ്‌ മധ്യപ്രദേശിലും സംഘർഷം സൃഷ്ടിക്കുന്നതെന്ന്‌ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ബിജെപി സർക്കാർ അക്രമങ്ങൾക്ക്മുന്നിൽ ‌മൂകസാക്ഷിയായി നിൽക്കുന്നുവെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top