11 May Saturday

ത്രിപുരയിൽ ബിജെപിക്കാർ മാധ്യമ ഓഫീസുകളും ആക്രമിച്ചു; ഒരാളെയും അറസ്റ്റ് ചെയ്യാതെ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021

അഗർത്തല > ത്രിപുരയിൽ സിപിഐ എം ഓഫീസുകളും മാധ്യമ സ്ഥാപനങ്ങളും ലക്ഷ്യംവച്ച്‌ ബിജെപി നടത്തിയത്‌ ആസൂത്രിത ആക്രമണം. കേന്ദ്ര– -സംസ്ഥാന ഭരണത്തിന്റെ തണലിൽ പൊലീസിനെ കാഴ്‌ചക്കാരാക്കിയാണ്‌ തീവയ്‌പും കൊള്ളയും നടത്തിയത്‌. ബിഷാൽഗഢിലെ പാർടി ഓഫീസ്‌ മണ്ണുമാന്തിയന്ത്രംകൊണ്ട്‌ ആക്രമിച്ചശേഷം തീയിട്ടു. ആറ്‌ കാറും മാധ്യമപ്രവർത്തകരുടെ അടക്കം ഒരുഡസൻ ബൈക്കും കത്തിച്ചു. ബിജെപി മന്ത്രിമാരും ഡെപ്യൂട്ടി സ്‌പീക്കറും അക്രമികൾക്ക്‌ പ്രോത്സാഹനവും പിന്തുണയും നൽകിയെന്ന്‌ ഇടതുപക്ഷ കൺവീനർ ബിജൻ ധർ പറഞ്ഞു. പത്തിടത്താണ്‌ ഒരേസമയം ബിജെപിക്കാർ ആക്രമണം നടത്തിയത്‌. പാർടി സംസ്ഥാന കമ്മിറ്റി ഓഫീസായ ദശരഥ്‌ ദേബ്‌ ഭവനടക്കം നിരവധി ഓഫീസുകളാണ്‌ തകർത്തത്‌. മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവുമായ മണിക്‌ സർക്കാരിനെ തിങ്കളാഴ്‌ച വഴിയിൽ തടഞ്ഞ്‌ ബിജെപിക്കാർ പ്രകോപനം സൃഷ്ടിച്ചിരുന്നു.

മാധ്യമങ്ങളെ വേട്ടയാടി
ബിജെപി അക്രമികൾ അഗർത്തലയിൽ മൂന്ന്‌ മാധ്യമ സ്ഥാപനവും ആക്രമിച്ചു. സിപിഐ എം മുഖപത്രം ദേശർകഥ, ‘പ്രതിബാദി കാലം’ പത്രം, പിബി 24 ന്യൂസ്‌ ചാനൽ എന്നിവ ആക്രമിച്ച്‌ കൊള്ളയടിച്ചു. മൂന്ന്‌ മാധ്യമപ്രവർത്തകർക്ക്‌ പരിക്കേറ്റു. പ്രതിബാദി കാലത്തിന്റെ എഡിറ്റർ അനൽറോയ്‌ ചൗധരിയുടെ വാഹനം തകർത്തു. 24 മണിക്കൂർ പിന്നിട്ടിട്ടും ആരെയും അറസ്റ്റ്‌ ചെയ്‌തിട്ടില്ല. അടിയന്തര നടപടി ആവശ്യപ്പെട്ട്‌ മാധ്യമപ്രവർത്തകരുടെ സംഘം ഐജി (ക്രമസമാധാനം) അരിന്ദം നാഥിനെ സന്ദർശിച്ച്‌ പരാതി നൽകി. പൊലീസ്‌ നോക്കിനിൽക്കെയാണ്‌ ആക്രമണമുണ്ടായതെന്ന്‌ അവർ അറിയിച്ചു. ക്രൈംബ്രാഞ്ച്‌ അന്വേഷണം നടത്തുമെന്ന്‌ ഐജി ഉറപ്പുനൽകിയെന്ന്‌ അഗർത്തല പ്രസ്‌ക്ലബ്‌ സെക്രട്ടറി പ്രണബ്‌ സർക്കാർ പറഞ്ഞു. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടന്ന മാധ്യമസ്ഥാപനങ്ങൾ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top