26 April Friday

അങ്കണവാടി മഹാപടാവിന്‌ അനുമതി നിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

അങ്കണവാടി അധികാർ മഹാപാടാവിന് സമാപനംകുറിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ആർ സിന്ധു സംസാരിക്കുന്നു


ന്യൂഡൽഹി
അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിലുള്ള മഹാപടാവിന്‌ (മഹാധർണ) അനുമതി നിഷേധിച്ച്‌ ഡൽഹി പൊലീസ്‌. അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) തുടർച്ചയായ നാലുദിവസത്തേക്ക്‌ സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‌ മൂന്നാംദിനമാണ് അനുമതി നിഷേധിച്ചത്.

എന്നാൽ, കനത്ത മഴയിലും സമരക്കാർ ചെറുത്തുനിന്നു. ഉത്തരവ്‌ അനുസരിക്കില്ലെന്നും അനുമതി തന്നില്ലെങ്കിൽ പാർലമെന്റിലേക്ക്‌ ആയിരങ്ങൾ മാർച്ച്‌ നടത്തുമെന്നും നേതാക്കൾ നിലപാടെടുത്തതോടെ പൊലീസ്‌ പിൻവാങ്ങി. പിന്നീട്‌ ചർച്ചയ്‌ക്കുശേഷം വെള്ളിയാഴ്‌ച സമാപിക്കേണ്ട മഹാപടാവ്‌ ഒരുദിവസംമുമ്പ്‌ അവസാനിപ്പിക്കുന്നതായി നേതാക്കൾ അറിയിച്ചു.

പ്രധാനമന്ത്രിയോ വകുപ്പുമന്ത്രിയോ ഇതുവരെ പ്രതിനിധി സംഘത്തെ കാണാൻ തയ്യാറായില്ലെന്ന്‌ സമാപന യോഗത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി എ ആർ സിന്ധു പറഞ്ഞു. രാജ്യസഭയിൽ സമരക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ച്‌ എളമരം കരീം സബ്‌മിഷൻ അവതരിപ്പിച്ചെങ്കിലും സഭ പ്രക്ഷുബ്ധമായതോടെ നടപടികൾ തുടരാനായില്ല.

ബിജെപി എംപിമാരെ ഉപരോധിക്കും
ബിജെപി എംപിമാരെ മണ്ഡലങ്ങളിൽ ഉപരോധിക്കാൻ ഫെഡറേഷൻ തീരുമാനിച്ചു. എല്ലാ പാർലമെന്റ്‌ മണ്ഡലങ്ങളിലും ‘ഉത്തരം പറയൂ’ പ്രചാരണം സംഘടിപ്പിക്കും. ജനുവരിയിൽ ദേശീയ പണിമുടക്ക്‌ നടത്തും.  സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ജീവനക്കാർ ദേശീയപതാക വിൽക്കണമെന്ന കേന്ദ്രനിർദേശം ബഹിഷ്‌കരിക്കും. ആഗസ്‌ത്‌ 14ന്‌ അഖിലേന്ത്യ കിസാൻസഭ, സിഐടിയു സംഘടനകൾക്കൊപ്പം സാമൂഹിക്‌ ജാഗരൺ പരിപാടിയിൽ പങ്കെടുക്കും. കർഷകർ, കർഷകത്തൊഴിലാളികൾ തുടങ്ങിയവർക്കൊപ്പം ബജറ്റ്‌ സമ്മേളന സമയത്ത്‌ നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ്‌ മാർച്ചിലും അങ്കണവാടി ജീവനക്കാർ അണിനിരക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top