26 April Friday
കരസേന 
വിജ്ഞാപനമിറക്കി

വീറോടെ യുവജന പ്രക്ഷോഭം ; രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

എം പ്രശാന്ത്‌Updated: Monday Jun 20, 2022


ന്യൂഡൽഹി
സൈനിക സേവനം കരാർവൽക്കരിച്ച അഗ്നിപഥ്‌ പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നു. വിവിധ സംസ്ഥാനങ്ങളിൽ തിങ്കളാഴ്‌ചയും യുവാക്കൾ തെരുവിലിറങ്ങി. പ്രക്ഷോഭകർ ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ അഭ്യൂഹം മുൻനിർത്തി ഡൽഹി, യുപി, ബിഹാർ, ഹരിയാന, പഞ്ചാബ്‌, തെലങ്കാന, ബംഗാൾ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. റെയിൽവേ സ്‌റ്റേഷനുകൾക്ക്‌ കനത്ത കാവൽ ഏർപ്പെടുത്തി. ഡൽഹിയിൽ ഗതാഗതം സ്‌തംഭിച്ചു. പ്രക്ഷോഭകർ ശിവാജി ബ്രിഡ്‌ജ്‌ സ്‌റ്റേഷനിൽ ട്രെയിൻ തടഞ്ഞു.  അസം, ഹരിയാന, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനത്ത്‌ തിങ്കളാഴ്‌ചയും എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചു. പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന്‌ എസ്‌പി, ബിഎസ്‌പി, ആർജെഡി, എഎപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ചിട്ടുണ്ട്‌.

തിങ്കളാഴ്‌ച 208 മെയിൽ–- എക്‌സ്‌പ്രസ്‌ ട്രെയിനും 379 പാസഞ്ചർ ട്രെയിനും റദ്ദാക്കി. പത്ത്‌ ട്രെയിൻ ഭാഗികമായും. ജാർഖണ്ഡിൽ തിങ്കളാഴ്‌ച സ്‌കൂളുകൾക്ക്‌ അവധി നൽകി. ബിഹാറിൽ 20 ജില്ലയിൽ ഇന്റർനെറ്റ്‌ സേവനം വിച്ഛേദിച്ചു. ജൂൺ 16 മുതൽ 12 ജില്ലയിൽ ഇന്റർനെറ്റില്ല. ആയിരത്തിലേറെപ്പേർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ കസ്റ്റഡിയിലുണ്ട്‌.

മോദി യോഗംവിളിച്ചു
പ്രതിഷേധ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച സേനാമേധാവികളുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങും സേനാമേധാവികളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബംഗളൂരുവിൽ പൊതുചടങ്ങിൽ സംസാരിക്കവെ മോദി അഗ്നിപഥ്‌ പദ്ധതിയെ ന്യായീകരിച്ചു.

കരസേന 
വിജ്ഞാപനമിറക്കി
രാജ്യമെമ്പാടും ഉയരുന്ന യുവജനപ്രതിഷേധം മുഖവിലയ്ക്ക് എടുക്കാതെ സൈനിക സേവനം കരാർവൽക്കരിച്ച അഗ്നിപഥ്‌ പദ്ധതി പ്രകാരം നിയമന വിജ്ഞാപനമിറക്കി കരസേന. നാവികസേന ഇന്നും വ്യോമസേന 24നും വിജ്ഞാപനം പുറത്തിറക്കും. കരസേന അ​ഗ്നിപഥിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂലൈ ഒന്നിന്‌ തുടങ്ങും.  ജനറൽ ഡ്യൂട്ടി, ടെക്‌നിക്കൽ, ക്ലർക്ക്‌, സ്‌റ്റോർകീപ്പർ, ട്രേഡ്‌സ്‌മാൻ (10–-ാം ക്ലാസ് യോഗ്യത), ട്രേഡ്‌സ്‌മാൻ (എട്ടാം ക്ലാസ്‌ യോഗ്യത) എന്നീ വിഭാഗങ്ങളിലായാണ്‌ നിയമനം.

രജിസ്‌ട്രേഷൻ joinindianarmy.nic.inൽ ചെയ്യാം. റിക്രൂട്ട്‌മെന്റ്‌ റാലി ആഗസ്‌ത്‌ പകുതിയോടെ. 2023 ജൂണോടെ ആദ്യ നിയമനം.
18 വയസ്സിനു താഴെയുള്ളവരുടെ  അപേക്ഷ ഫോമിൽ അച്ഛനമ്മമാരുടെയോ രക്ഷിതാക്കളുടെയോ ഒപ്പുണ്ടാകണം. ഒരാൾ ഒരു വിഭാഗത്തിൽ മാത്രമേ അപേക്ഷിക്കാവൂ.

ജനറൽ ഡ്യൂട്ടിക്ക് അപേക്ഷിക്കാനന്‍ പത്താം ക്ലാസിൽ മൊത്തം 45 ശതമാനവും ഓരോ വിഷയത്തിനും 33 ശതമാനവും മാർക്കുണ്ടാകണം. റിക്രൂട്ട്‌മെന്റ്‌ റാലിയിൽ കായികക്ഷമത തെളിയിക്കുന്നവർക്ക്‌ എഴുത്തുപരീക്ഷ. നാലു വർഷത്തെ കരാർ നിയമനം കഴിഞ്ഞ്‌ ഒഴിവാക്കുന്നവര്‍ക്ക് സർവീസ്‌ കാലയളവിൽ ലഭ്യമായ ഔദ്യോഗിക രഹസ്യവിവരങ്ങൾ പുറത്തുവിടുന്നതിൽ വിലക്കുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top