26 April Friday

ദുബായിൽനിന്ന്‌ അദാനിക്ക്‌ സഹായം ; 3,260 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനവുമായി യുഎഇ പ്രസിഡന്റിന്റെ സഹോദരന്റെ കമ്പനി

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023


ന്യൂഡൽഹി  
ഹിൻഡൻബർഗ്‌ റിപ്പോർട്ടിനെ തുടർന്ന്‌ പ്രതിസന്ധിയിലായ അദാനി എന്റർപ്രൈസസിന്റെ എഫ്‌പിഓയ്‌ക്ക്‌ (തുടർ ഓഹരി വിൽപ്പന) യുഎഇയിൽനിന്ന്‌ സഹായമെത്തി. യുഎഇ പ്രസിഡന്റിന്റെ സഹോദരനും ദേശീയ സുരക്ഷാഉപദേഷ്ടാവുമായ ഷെയ്‌ക്ക്‌ തഹ്‌നൂൺ ബിൻ സയ്യദ്‌ അൽനഹ്യാന്റെ ഇന്റർനാഷണൽ ഹോൾഡിങ്‌ കമ്പനി അദാനി എഫ്‌പിഓയിൽ 3,260 കോടി രൂപയുടെ നിക്ഷേപം വാഗ്‌ദാനംചെയ്‌തു.

ഇരുപതിനായിരം കോടിരൂപയാണ്‌ എഫ്‌പിഓയിലൂടെ സമാഹരിക്കാൻ അദാനി ലക്ഷ്യമിട്ടിരുന്നത്‌. ആദ്യ രണ്ടുദിവസം മൂന്ന്‌ ശതമാനം ഓഹരികൾക്ക്‌ മാത്രമാണ്‌ താൽപ്പര്യക്കാരുണ്ടായത്‌. എന്നാൽ മൂന്നാം ദിവസം താൽപ്പര്യക്കാരുടെ ശതമാനം 112 ലേക്ക്‌ ഉയർന്നു. രണ്ടുലക്ഷം രൂപയുടെ ഓഹരിവരെ മാത്രം വാങ്ങാൻ കഴിയുന്ന ചില്ലറനിക്ഷേപകർ പൊതുവിൽ എഫ്‌പിഓയോട്‌ അകലം പാലിച്ചു. ഇവർക്കായി നീക്കിവച്ചിരുന്ന ഓഹരികളിൽ താൽപ്പര്യക്കാർ 12 ശതമാനംമാത്രമാണ്‌. എന്നാൽ രണ്ടുലക്ഷത്തിൽ കൂടുതൽ നിക്ഷേപം സാധ്യമാകുന്ന വൻകിട നിക്ഷേപകർ അദാനി ഓഹരികളിൽ താൽപ്പര്യം പ്രകടിപ്പിച്ചു. 96 ലക്ഷം ഓഹരികളാണ്‌ നീക്കിവച്ചതെങ്കിലും 3.19 കോടി ഓഹരികൾക്ക്‌ ആവശ്യക്കാരുണ്ടായി. 332 ശതമാനമാണ്‌ വാങ്ങൽ താൽപ്പര്യം. ജീവനക്കാർക്കായി നീക്കിവച്ച ഓഹരികളിൽ 55 ശതമാനത്തിനാണ്‌ ആവശ്യക്കാർ. എല്ലാ വിഭാഗങ്ങളിലുമായി ആകെ 4.55 കോടി ഓഹരികളാണ്‌ വിൽപ്പനയ്‌ക്ക്‌ വച്ചതെങ്കിലും 5.08 കോടി ഓഹരികൾക്ക്‌ ആവശ്യക്കാരുണ്ടായി. 

എഫ്‌പിഓയിൽ ആങ്കർ നിക്ഷേപരെന്ന നിലയിൽ എൽഐസി(മുന്നൂറ്‌ കോടി)യും എസ്ബിഐ(225 കോടി )യും അടക്കമുള്ളവർ ആറായിരം കോടി രൂപയുടെ ഓഹരി നേരത്തെ  വാങ്ങിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top