09 May Thursday

ചിന്തൻ ശിബിരത്തിലും ജില്ലാ കമ്മിറ്റിയിലും വാക്കേറ്റം: എം ജി കണ്ണനും രാഹുലിനുമെതിരെ രൂക്ഷ വിമർശം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
അടൂർ> യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടവും  ജില്ലാ പ്രസിഡന്റ്  എം ജി കണ്ണനും ജില്ലയിലെ യൂത്ത് കോൺഗ്രസിൽ ഒറ്റപ്പെടുന്നു. യുവ ചിന്തൻ ശിബിരത്തിൽ കണ്ണനെതിരെ കൊണ്ടുവന്ന പ്രമേയം  പാസായത് രാഹുൽ മാങ്കൂട്ടത്തിനും എം ജി കണ്ണൻ പക്ഷത്തിനും വലിയ തിരിച്ചടിയായി.
 
സർക്കാരിനും പൊതുമരാമത്ത് വകുപ്പിനുമെതിരെ യൂത്ത് കോൺഗ്രസ് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ച് കലക്‌ടർ ദിവ്യാ എസ് അയ്യർക്കെതിരെ  തിരിച്ചുവിട്ട എം ജി കണ്ണനെതിരെ രൂക്ഷ വിമർശനം  ചിന്തൻ ശിബിരത്തിൽ ഉയർന്നിരുന്നു. ഇതിന്‌  പിന്നാലെ ജില്ലാ വൈസ് പ്രസിഡന്റ്  മനോജ്, എം ജി കണ്ണനെതിരെ കൊണ്ടുവന്ന പ്രമേയം പാസായത് രാഹുൽ മാങ്കൂട്ടത്തിനും എം ജി കണ്ണനുമെതിരായ നീക്കത്തിന് ശക്തി പകർന്നു.  രാഹുലാണ്  കണ്ണനെക്കൊണ്ട് സമരം കലക്‌ടർക്കെതിരെ തിരിച്ചുവിട്ടതെന്നും ശിബിരത്തിൽ കണ്ണന്റെ സംരക്ഷകനായി  എത്തിയ മാങ്കുട്ടത്തെ തളളി പറയാനും ഭൂരിപക്ഷം പേരും തയ്യാറായി. 
 
ശിബിരത്തിന്റെ ആദ്യ ദിവസം തന്നെ മനോജ് പ്രമേയം അവതരിപ്പിച്ചത് എം ജി കണ്ണൻ ഇടപെട്ട് തടഞ്ഞു. തുടർന്ന് അത്   സംഘർഷത്തിലേക്ക് എത്തി. ജില്ലാ കമ്മിറ്റി ചേർന്നപ്പോൾ പങ്കെടുത്ത 46ൽ  ഭൂരിഭാഗം പേരും പ്രമേയം അവതരിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചു. ഇത് വീണ്ടും  സംഘർഷത്തിനിടയാക്കി.  യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്  ശബരിനാഥിന്റെ  ഭാര്യയായ കലക്ടർ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനും പത്രവാർത്തക്കും വേണ്ടി നടക്കുന്ന ആളാണെന്ന് പരസ്യമായ ആക്ഷേപവും എം ജി കണ്ണൻ ശിബിരത്തിൽ ഉന്നയിച്ചു.   
 
തിവനന്തപുരം കോർപ്പറേഷന് മുന്നിൽ സമരം നടക്കുന്ന സമയത്ത് സംസ്ഥാന പ്രസിഡന്റ്  ഷാഫി പറമ്പിലും ജനറൽ സെക്രട്ടറി  രാഹുൽ മാങ്കൂട്ടവും ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ പോയതിനെതിനെതിരെയും   വിമർശനം ഉയർന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top