27 April Saturday

കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതാ ഐടി സ്‌റ്റാർട്ട് അപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ആലപ്പുഴ> ആലപ്പുഴ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐടി മേഖലയിൽ ആരംഭിച്ച വനിതകളുടെ സ്‌റ്റാർട്ട്‌ അപ്പ് സ്‌മാർട്ടായി സ്‌റ്റാർട്ട് ചെയ്‌തു.  ആര്യാട് ഡിവിഷനിലെ മണ്ണഞ്ചേരി അടിവാരത്താണ് സ്‌റ്റാർട്ട് അപ്പ് യൂണിറ്റ്‌. ആര്യാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. കുടുംബശ്രീ  ഐ ടി മേഖലയിൽ തുടങ്ങിയ സംസ്ഥാനത്തെ ആദ്യ സ്‌റ്റാർട്ട് അപ്പാണിത്.

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വനിതാ സ്‌റ്റാർട്ട് അപ്പ് ആരംഭിച്ചത്. നിലവിൽ രണ്ട് യൂണിറ്റുകളാണ് ആരംഭിച്ചത്. ഓൺലൈൻ പ്രമോഷൻ, ഐ ടി ട്രയിനിംഗ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഡോക്കുമെന്റേഷൻ, ഡേറ്റ എൻട്രി, സോഫ്ട് പോസ്റ്റർ, വീഡിയോ മേക്കിംഗ്, വനിതാ സംരംഭകർക്കുള്ള വിവിധ പരിശീലന പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സ്റ്റാർട്ട് അപ്പ് യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി വി അജിത്ത്കുമാർ അദ്ധ്യക്ഷനായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ പ്രശാന്ത് ബാബു ഐ ടി ഉപകരണങ്ങൾ കൈമാറി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് സന്തോഷ്, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എം ജി സുരേഷ്, ആര്യാട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ കെ ബി ഷനൂജ, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് സി ഡി എസ് ചെയർപേഴ്സൺ അമ്പിളിദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് സ്വാഗതവും സ്റ്റാർട്ട് അപ്പ് യൂണിറ്റ് കോർഡിനേറ്റർ സോണിയ നന്ദിയും പറഞ്ഞു.

സംരംഭകർക്കുള്ള പരിശീലന പരിപാടിയിൽ പ്രശസ്ത മോട്ടിവേറ്റർ വിഷ്ണു ലോന ജേക്കബ്ബ് ക്ലാസ് നയിച്ചു. വുമൺസ് സ്റ്റാർട്ട് അപ്പ്, ഷീടെക് ഐടി സൊലൂഷൻ എന്നീ യൂണിറ്റുകളാണ് പ്രവർത്തനം തുടങ്ങിയത്. ഓൺലൈൻ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ പ്രമോഷൻ എന്നിവ ആവശ്യമുള്ളവർക്ക് മിതമായ നിരക്കിൽ സേവനങ്ങൾ നൽകാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് പറഞ്ഞു. ആര്യാട് ഡിവിഷനിൽ വനിതകൾക്കായി കൂടുതൽ സ്റ്റാർട്ട് അപ്പ് യൂണിറ്റുകൾ ആരംഭിക്കുമെന്നും റിയാസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9947277992, 96565 64997 എന്നീ നമ്പരുകളിൽ വിളിയ്ക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top