04 May Saturday

രോഗിയുമായി സമ്പർക്കം: വാളയാറിൽ സമരം ചെയ്‌ത കോൺഗ്രസ്‌ ജനപ്രതിനിധികൾ ക്വാറന്റൈനിൽ പോകണം

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020

പാലക്കാട് > വാളയാർ അതിർത്തിയിൽ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തിൽ, ഇവരെ പാസ് ഇല്ലാതെ അതിർത്തികടത്തിക്കാൻ സമരം നടത്തിയ കോൺഗ്രസ് നേതാക്കളോട് ക്വാറന്റൈനിൽ പേകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. ഇവർക്കൊപ്പം മാധ്യമപ്രവർത്തകരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു.എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്.

സ്ഥലത്തുണ്ടായിരുന്ന 50ഓളം മാധ്യമ പ്രവർത്തകരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. സംസ്ഥാനത്ത് തന്നെ ഇത്രയധികം മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും നിരീക്ഷണത്തിൽ പോകുന്നത് ആദ്യമായാണ്. മെയ് 12ന് ജില്ലയിൽ  രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇവരിലെല്ലാം കർശനമായി 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് മെഡിക്കൽ ബോർഡ് യോഗത്തിൽ തീരുമാനിച്ചെന്ന് ഡിഎംഒ കെ പി റീത്ത അറിയിച്ചു.

അതിർത്തിയിൽ ഉണ്ടായിരുന്ന പോലീസുകാർ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ 14 ദിവസത്തേക്ക് ഹോം ക്വാറന്റെയിനിൽ പ്രവേശിക്കണം. കഴിഞ്ഞ ദിവസം ഡി എം ഒ യുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡൽ ഓഫീസർമാരും , ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉൾപ്പെടെ ചേർന്ന മെഡിക്കൽ ബോർഡ്  യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ   ചേർന്ന അവലോകനയോഗ തീരുമാന പ്രകാരമാണ്  മെഡിക്കൽബോർഡ് യോഗം ചേർന്നത്.

പ്രാഥമിക സമ്പർക്ക പട്ടിക പ്രൈമറി ഹൈറിസ്‌ക് കോൺടാക്ട് പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാർ അതിർത്തിയിൽ  കാത്തുനിൽക്കെ കുഴഞ്ഞു വീണ രോഗിയെ  എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ട  പോലീസുകാരോട് ഹോം ക്വാറന്റയ്‌നിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകി . വാളയാർ അതിർത്തിയിൽ രോഗബാധിതനെ   പരിചരിച്ച സ്റ്റാഫ് നഴ്‌സുമാരേയും  ഐസോലേഷനിലേക്ക് മാറ്റി.

അന്നേദിവസം  പാസ് ഇല്ലാതെ എത്തുകയും  പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേർ , മേൽ പറഞ്ഞ ഹൈ റിസ്‌ക്  വിഭാഗത്തിലല്ലാതെ  അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ,  മാധ്യമ പ്രവർത്തകർ, പൊതുപ്രവർത്തകർ ,പൊതു ജനങ്ങൾ എന്നിവർ ലോ റിസ്‌ക് പ്രൈമറി കോൺടാക്ടിൽ ഉൾപ്പെടും. ഇതിൽ ഉൾപ്പെടുന്ന മറ്റു ജില്ലയിൽ നിന്നുള്ളവരുടെ  ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് അയച്ചുകൊടുത്തു . ഇത്രയും പേർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top