27 April Saturday

അമിനിറ്റി സെന്റർ തുറന്നു: വെട്ടുകാട് പള്ളി ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

വെട്ടുകാട് പള്ളി ടൂറിസം അമിനിറ്റി സെന്റർ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ആന്റണി രാജു സമീപം

വഞ്ചിയൂർ  > തീര്‍ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാരവകുപ്പ് വെട്ടുകാട് പള്ളിയിൽ മൂന്ന് കോടി രൂപ ചെലവിട്ട് നിര്‍മിച്ച ടൂറിസം അമിനിറ്റി സെന്റർ തുറന്നു. വെട്ടുകാട് പള്ളി പരിസരത്ത് സംഘടിപ്പിച്ച യോഗം മന്ത്രി പി എ മുഹമ്മദ് റിയാസ്  ഉദ്ഘാടനം ചെയ്‌തു. പള്ളിയെ പ്രധാന ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. 
 
ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള പൗരാണിക കെട്ടിടങ്ങളിൽ രാത്രിയിൽ പ്രത്യേക ദീപാലങ്കാരം നടത്തി നടപ്പിലാക്കിയ ഹെറിറ്റേജ് സർക്യൂട് പദ്ധതി തിരുവനന്തപുരം നഗരത്തെ കൂടുതൽ ആകർഷകമാക്കിയെന്നും മന്ത്രി പറഞ്ഞു. ശംഖുംമുഖം ബീച്ചും വേളി ടൂറിസം കേന്ദ്രവും അന്താരാഷ്ട്ര വിമാനത്താവളവും വെട്ടുകാടിന്റെ ടൂറിസം സാധ്യതകളെ വർധിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  
 
2021ലാണ് അമിനിറ്റി സെന്ററിന്റെ തറക്കല്ലിട്ടത്. മൂന്ന് നിലയിലായി 3166 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിത കെട്ടിടത്തില്‍ ഓഡിറ്റോറിയം, വിശ്രമമുറികള്‍, ഊട്ടുപുര, ഗ്രീന്‍ റൂം, ശുചിമുറി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തിന് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കൗൺസിലർമാരായ ക്ലൈനസ് റൊസാരിയോ, സെറാഫിൻ ഫ്രെഡി, വെട്ടുകാട് ഇടവക വികാരി റവ: ഫാദർ എഡിസൺ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി എൽ രാജീവ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top