08 May Wednesday
പുനര്‍വിചാരണയും തുടരണന്വേഷണവും ആവശ്യപ്പെട്ടു

വാളയാര്‍: നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ജാഗ്രത നിര്‍ണായകമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

കൊച്ചി > വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതോടെ, കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിതാന്ത ജാഗ്രതയാണ് വീണ്ടും വെളിവാകുന്നത്. വിചാരണക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയും കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയും സമാന ആവശ്യങ്ങളുയര്‍ത്തി അപ്പീല്‍ നല്‍കിയിരുന്നു. ഹൈക്കോടതി ആ അപ്പീലും അംഗീകരിച്ചു.

ഈ വസ്തുതകളെല്ലാം ഒളിപ്പിച്ചാണ് ചില സംഘടനകളും മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്നത്.

വിചാരണ കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്റ്റു ചെയ്യുക എന്ന അത്യപൂര്‍വ്വ ഉത്തരവും സര്‍ക്കാരിന്റെ ആവശ്യപ്രകാരം നേരത്തേ ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ടായ ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ  കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നിട്ടും വാളയാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി ചില സംഘടനകള്‍ സര്‍ക്കാരിനെതിരെ പല കുപ്രചരണങ്ങളും സംഘടിപ്പിച്ചു.

വിചാരണ കോടതിയിലെ കേസ് നടത്തിപ്പ് സംബന്ധിച്ച വീഴ്ചകള്‍ വിലയിരുത്തി അവിടുത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നീക്കിയിരുന്നു. കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും എന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച ആവശ്യം. കുട്ടികളുടെ അമ്മയുടെ ഹര്‍ജിയില്‍ പുനര്‍വിചാരണയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനവും മാത്രമാണ് ആവശ്യപ്പെട്ടത്.

വിചാരണ കോടതിയുടെ വീഴ്ചകളും സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശത്തു നിന്നു എത്തിയ സാക്ഷികള്‍ നല്‍കിയ മൊഴികളില്‍ പോരായ്മ ഉണ്ടെങ്കില്‍ വിചാരണ കോടതി ഫലപ്രദമായ ഇടപെടല്‍ നടത്തണമായിരുന്നുവെന്ന് സുപ്രീംകോടതി വിധിന്യായങ്ങള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ അടിത്തട്ടില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ വിചാരണ കോടതി മൂകസാക്ഷിയായി ഇരിക്കാന്‍ പാടില്ലന്ന സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസില്‍ വിചാരണ നേരിട്ട 4 പ്രതികളെയാണ് വിചാരണ കോടതി വിട്ടയച്ചത്. പ്രതിസ്ഥാനത്തുള്ള മൈനര്‍ക്കെതിരായ നടപടികള്‍ ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് കൂടാതെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ, കേസ് ആദ്യം  അന്വേഷിച്ച എസ്ഐക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കുടുംബത്തിന് ആശ്വാസമായി നഷ്ടപരിഹാരം നല്‍കി വീട് നിര്‍മാണം പൂര്‍ത്തിയാക്കി. വിധി വന്നശേഷം പൊലീസിന്റെ വീഴ്ച കണ്ടെത്താന്‍ അന്വേഷണത്തിനും  സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടാതെ ശിശുക്ഷേമസമിതി (സിഡബ്ല്യുസി) ജില്ലാ  ചെയര്‍മാനെതിരെ നടപടിയെടുത്തു. കേസ് അന്വേഷണത്തിലെ വീഴ്ച കണ്ടെത്താന്‍ ജുഡീഷ്യല്‍ കമീഷനെയും നിയമിച്ചു.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ലെന്നും ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ കോടതി ഇടപെടണമായിരുന്നു. അതുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ നിക്കോളാസ് ജോസഫും സീനിയര്‍ ഗവ. പ്ലീഡര്‍ എസ് യു നാസറുമാണ് ഹാജരായത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top