26 April Friday
ഒളിവിൽ കഴിയുന്നതിനിടെ മൂന്നുതവണ ആത്മഹത്യക്ക്‌ ശ്രമിച്ചതായും പ്രതി

കൊന്നത്‌ സനു മോഹൻതന്നെ; ആസൂത്രിതമെന്ന്‌ പൊലീസ്

സ്വന്തം ലേഖകൻUpdated: Monday Apr 19, 2021

സനു മോഹൻ

കൊച്ചി
പതിമൂന്നുവയസ്സുകാരി വൈഗയെ കൊലപ്പെടുത്തിയത്‌ അച്ഛൻ സനു മോഹൻ (40)തന്നെയെന്ന്‌ പൊലീസ്. മറ്റാർക്കും കൃത്യത്തിൽ പങ്കില്ലെന്നും താനാണ്‌ മകളെ കൊന്നതെന്നും കർണാടകത്തിലെ കാർവാറിൽനിന്ന്‌ കഴിഞ്ഞദിവസം പിടിയിലായ സനു മോഹൻ സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൻ സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിന്‌ കാരണമെന്നാണ്‌ പ്രതിയുടെ വെളിപ്പെടുത്തൽ. മകളെ ഉപേക്ഷിച്ചുപോകാനാകാത്തതിനാൽ അവളെ കൊന്നശേഷം ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. ഭാര്യക്ക്‌‌ ബന്ധുക്കളുണ്ട്‌. അതുകൊണ്ട്‌ ഭാര്യയെ ഹരിപ്പാട്ടുള്ള ബന്ധുവീട്ടിലാക്കി. 

കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തിയശേഷം ശ്വാസം മുട്ടിച്ച്‌ വൈഗയെ അബോധാവസ്ഥയിലാക്കി. കാറിൽ കയറ്റി മുട്ടാർപാലത്തിനു‌ താഴെനിന്ന്‌ പുഴയിലെറിഞ്ഞു. പിന്നീട്‌ ആത്മഹത്യ ചെയ്യാനുള്ള തീരുമാനംമാറ്റി സംസ്ഥാനത്തിന്‌ പുറത്തേക്ക്‌ കടക്കുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ മൂന്നുതവണ ആത്മഹത്യക്ക്‌ ശ്രമിച്ചതായും സനു മോഹൻ പറഞ്ഞു. ഇത്‌‌ പൊലീസ്‌ മുഖവിലയ്ക്ക്‌ എടുത്തിട്ടില്ല. എല്ലാം കൃത്യമായി ആസൂത്രണം ചെയ്‌തതിന്റെ ലക്ഷണങ്ങളുള്ളതിനാൽ കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും വേണം. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

പുഴയിലെറിയുമ്പോൾ കുട്ടി മരിച്ചിട്ടില്ലെന്നാണ്‌ പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേട്‌‌ മനഃപൂർവമാണോയെന്ന്‌ സംശയിക്കുന്നു. സനു മോഹൻ, മകൾ വൈഗ എന്നിവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ മാർച്ച് 22ന് തൃക്കാക്കര പൊലീസ് ആണ്‌ കേസ്‌ രജിസ്റ്റർചെയ്തത്‌. അന്ന്‌ ഉച്ചയോടെ കാക്കനാട്‌ മുട്ടാർ പുഴയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തി. സനു മോഹനും മുങ്ങിമരിച്ചുവെന്നായിരുന്നു നിഗമനം.

വൈഗയുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും വന്നതോടെയാണ്‌ കൊലപാതകം സ്ഥിരീകരിച്ചത്‌. അന്വേഷണത്തിൽ സനു മോഹന്റെ കാർ വാളയാർ ചെക്ക്‌‌പോസ്‌റ്റ്‌ കടന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഡിജിറ്റൽ തെളിവുകൾ  അവശേഷിപ്പിക്കാതെയാണ്‌ പ്രതി ഒളിവിൽ തുടർന്നത്‌.

ഫോണുകൾ മാറിക്കൊണ്ടിരുന്നു. വിളികൾ ലാൻഡ്‌ഫോണിലാക്കി. കാർ കോയമ്പത്തൂരിൽ വിറ്റു.  മൂന്ന് സംസ്ഥാനങ്ങളിൽ കറങ്ങി. തൃക്കാക്കര എസിപി ശ്രീകുമാറാണ് അന്വേഷണത്തിന്‌ നേതൃത്വം നൽകിയത്.സനു മോഹനെയും ഭാര്യ രമ്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഭാര്യയെയും ബന്ധുക്കളെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top