26 April Friday

ഇഡി കുറ്റപത്രം നൽകി; യുഎഇ കോൺസുലേറ്റ്‌ തലവൻ 3.8 കോടി വാങ്ങിയെന്ന്‌ യുണിടാക്‌ എംഡിയുടെ മൊഴി

സ്വന്തം ലേഖകൻUpdated: Wednesday Oct 7, 2020

കൊച്ചി > വടക്കാഞ്ചേരിയിലെ ഭവന സമുച്ചയ നിർമാണവുമായി ബന്ധപ്പെട്ട്‌ യുഎഇ കോൺസുലേറ്റ്‌ തലവന്‌ 20 ശതമാനം കമീഷൻ നൽകിയെന്ന്‌ യുണിടാക്‌ ബിൽഡേഴ്‌സ്‌ മാനേജിങ്‌ ഡയറക്‌ടർ സന്തോഷ്‌ ഈപ്പൻ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി). പ്രത്യേക കോടതിയിൽ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ) ഇഡി നൽകിയ കുറ്റപത്രത്തിലാണ്‌ സന്തോഷ്‌ ഈപ്പന്റെ മൊഴിയുള്ളത്‌. സ്വർണക്കടത്ത്‌ കേസിൽ പി എസ്‌ സരിത്‌, സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായർ എന്നിവർക്കെതിരെയാണ്‌ കുറ്റപത്രം നൽകിയത്‌. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ്‌ മൂന്നുപേർക്കെതിരെയും കേസ്‌.

യുഎഇ കോൺസുലേറ്റ്‌ തലവൻ ഖാലിദിന്‌ 3.8 കോടി നൽകിയെന്നാണ്‌ സന്തോഷ്‌ ഈപ്പന്റെ മൊഴി. സ്വപ്‌ന സുരേഷ്‌, സരിത്‌, യദു സുരേന്ദ്രൻ, സന്ദീപ്‌ നായർ എന്നിവർക്കും കമീഷൻ നൽകി. യുണിടാക്‌ ഡയറക്ടർ പി വി വിനോദും കമ്പനി മുൻ ജീവനക്കാരൻ യദു സുരേന്ദ്രനുമാണ്‌ സ്വപ്‌നയും ഖാലിദുമായി ഭവന നിർമാണ പദ്ധതിയുടെ കാര്യം ചർച്ച ചെയ്‌തത്‌. ഖാലിദ്‌ 20 ശതമാനം കമീഷൻ ആവശ്യപ്പെട്ടു. യുഎഇ കോൺസുലേറ്റുമായി കരാർ ഒപ്പിട്ടതിനുപിന്നാലെ 7.5 കോടി രൂപ യുണിടാകിന്റെ അക്കൗണ്ടിലെത്തി. ഇതിൽനിന്നാണ്‌ 3.8 കോടി രൂപ ഖാലിദിന് നൽകിയത്‌. ഇദ്ദേഹത്തിന്റെ കാറിന്റെ പിന്നിലാണ്‌ പണം വച്ചതെന്നും സന്തോഷ്‌ ഈപ്പൻ മൊഴി നൽകിയതായി എൻഫോഴ്‌സ്‌മെന്റ്‌ വ്യക്തമാക്കി. 1.08 കോടിയാണ്‌ സ്വപ്‌നയ്‌ക്ക്‌ കമീഷൻ നൽകിയത്‌.

സ്വപ്‌ന സുരേഷിന്‌ പ്രൈസ്‌ വാട്ടർ കൂപ്പേഴ്‌സിലെ നിയമനത്തിന്‌ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പേര്‌ അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്‌. ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ പി വേണുഗോപാലിനൊപ്പം ബാങ്കിൽ ജോയിന്റ്‌ ലോക്കർ തുടങ്ങാനും ശിവശങ്കർ സഹായിച്ചു. ലോക്കറിൽ എത്ര പണവും സ്വർണവും സൂക്ഷിച്ചുവെന്ന്‌ വേണുഗോപാലിന്‌ അറിയില്ലായിരുന്നു. ശിവശങ്കറും വേണുഗോപാലും പണമിടപാടുകൾ നടത്തിയതിന്റെ വാട്‌സാപ്‌ സന്ദേശങ്ങൾ എൻഫോഴ്‌സ്‌മെന്റ്‌ കണ്ടെത്തിയിട്ടുണ്ട്‌.

സ്വപ്‌നയ്‌ക്ക്‌ ശിവശങ്കർ പലതവണ സാമ്പത്തിക സഹായം നൽകി. ഇവയൊന്നും തിരിച്ച്‌ നൽകിയിട്ടില്ല. സ്വർണക്കടത്തുവഴി സരിത്‌, സ്വപ്‌ന, സന്ദീപ്‌ എന്നിവർ വൻതോതിൽ പണവും വസ്‌തുവകകളും സ്വന്തമാക്കിയതായും എൻഫോഴ്‌സ്‌മെന്റ്‌ അസിസ്‌റ്റന്റ്‌ ഡയറക്ടർ പി രാധാകൃഷ്‌ണൻ നൽകിയ 303 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top